കൊച്ചി:പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപംകാട്ടിയ പട്ടിമറ്റം സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ മുരളിയെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതുന്ന വസ്ത്രവും ചോരപുരണ്ട കത്തിയും
ജിഷയുടെ വീടിനടുത്ത് കണ്ടെന്ന വിവരമറിഞ്ഞിട്ടും അവഗണിച്ചെന്ന പരാതിയുടെ
അടിസ്ഥാനത്തിലാണ് പട്ടിമറ്റം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മുരളിയെ
സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം,അന്വേഷണസംഘത്തിന് നേതൃത്വംനല്‍കുന്ന പുതിയ ദക്ഷിണമേഖലാ എഡിജിപി ബി സന്ധ്യ രാവിലെ മേഖലാ എഡിജിപിയായി ചുമതലയേറ്റശേഷം പെരുമ്പാവൂരിലെത്തും. നിലവിലെ അന്വേഷണ സംഘത്തില്‍ കാര്യമായ അഴിച്ചുപണിയുമുണ്ടാകും. ഇതിനായി വനിതാ
ഉദ്യോഗസ്ഥരുടെയടക്കം പേരുള്‍പ്പെടുത്തി സന്ധ്യ സംസ്ഥാന പൊലീസ് മേധാവി ടി
പി സെന്‍കുമാറിന് കത്തുനല്‍കിയിട്ടുണ്ട്. ദക്ഷിണമേഖലാ തലപ്പത്തുനിന്ന് ഒഴിവാക്കിയ എഡിജിപി പത്മകുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. ബുധനാഴ്ച ആദ്യ മന്ത്രിസഭായോഗമാണ് ജിഷ വധക്കേസ് അന്വേഷണത്തിനായി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചത്.
അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചതോടെ 21 ദിവസമായി പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു.