ലണ്ടൻ∙ ബ്രിട്ടനിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിലേയ്ക്ക്. 650ൽ 617 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ കൺസർവേറ്റീവ് പാർട്ടി 307 സീറ്റുകൾ നേടി. പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് 223 സീറ്റുകളാണ് നേടാനായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നുവരെ തോന്നിച്ചിരുന്നു. പോരാട്ടം ഇഞ്ചോടിഞ്ച് ആയിരുന്നെങ്കിലും ഫലപ്രഖ്യാപനം അന്തിമഘട്ടത്തിലെത്തുമ്പോൾ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയാണ് മുന്നിൽ.
650 അംഗ ജനപ്രതിനിധി സഭയിൽ 326 അംഗങ്ങളാണു ഭൂരിപക്ഷത്തിനു വേണ്ടത്. ഏതു പാർട്ടി സർക്കാർ രൂപീകരിച്ചാലും 56 സീറ്റുകൾ നേടിയ സ്കോട്ടിഷ് നാഷണൽ പാർട്ടി സഖ്യകക്ഷി സർക്കാർ രൂപീകരണത്തിൽ നിർണായക സ്ഥാനത്തുണ്ടാകും. ലിബറൽ ഡമോക്രാറ്റ്സ്, യുകെ ഇൻഡിപെൻഡൻസ് പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി എന്നീ കക്ഷികളാണു മൽസരരംഗത്തുള്ള മറ്റു പ്രമുഖ കക്ഷികൾ.
നിലവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കൺസർവേറ്റിവ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം.