ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നും
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായെന്നും
പിണറായി പറഞ്ഞു.സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റടുത്ത ശേഷം ഡല്‍ഹിയിലെത്തിയ പിണറായി
വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം
മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
റബ്ബറിന്റെ താങ്ങുവിലക്ക് തത്വത്തില്‍ അംഗീകാരം കിട്ടിയതായും താങ്ങുവിലയ്ക്ക് സംഭരണം നടപ്പാക്കുമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായും പിണറായി പറഞ്ഞു. റബര്‍ പ്രതിസന്ധി വിഷയത്തില്‍
ചര്‍ച്ചയ്ക്കു തയാറാണെന്നും മോദി അറിയിച്ചതായി പിണറായി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍
പണത്തിന്റെ കാര്യത്തില്‍ എല്ലാവിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം
ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ല്‍ വാതകപെപ്പ് ലൈന്‍
പൂറത്തിയാകാത്തത് പ്രധാനമന്ത്രി തന്റെ ശ്രദ്ധയില്‍പെടുത്തി. പദ്ധതി
സംബന്ധിച്ച് എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും.
പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രിയെ
അറിയിച്ചതായും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപി സിപിഎം സംഘര്‍ഷം നടക്കുന്നില്ലെയെന്നും ഇരുകൂട്ടരുമായും ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിച്ചുകൂടെയെന്നും പ്രധാനമന്ത്രി ചോദിച്ചു. അങ്ങയുടെ പാര്‍ട്ടിക്കാരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്റെ പാര്‍ട്ടിക്കാരോട് ഞാനും ആവശ്യപ്പെടാമെന്നും പ്രധാനമന്ത്രിയോട് അറിയിച്ചുവെന്നും പിണറായി പറഞ്ഞു.
വലിയതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായല്ല ഡല്‍ഹിയില്‍ എത്തിയത്
സൌഹാര്‍ദപരമായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രധാനമന്ത്രി
നരേന്ദ്ര മോഡിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റിയിയുമായും,
ആഭ്യന്തരമന്ത്രിയുമായും നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകവും വളരെ
പ്രയോജനകരവുമായിരുന്നു. കേരളത്തിന്റെ വികസകാര്യങ്ങളില്‍ കേന്ദ്രത്തിന്റെ
നല്ല പിന്തുണ പ്രതീക്ഷിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.