തിരുവനന്തപുരം:സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് പട്ടം ഗവ: മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9.30 ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതിദേവസ്വം വകുപ്പുമന്ത്രി കടകംപളളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എമാര്‍, എല്‍.എസ്.ജി ഭരണ സമിതിയംഗങ്ങള്‍ വകുപ്പുദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനോത്സവം സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി/എയിഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത് ബ്ലോക്ക്ജില്ലാതലങ്ങളിലും സംഘടിപ്പിക്കും.
മുതിര്‍ന്ന കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേര്‍ന്ന് ഒന്നാം ക്ലാസിലെ കുരുന്നുകളെ മധുരം നല്‍കിയും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചും വരവേല്ക്കും. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ പാംപുസ്തകം, സ്‌കൂളുകള്‍ക്കുളള മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, നവാഗതര്‍ക്കുളള പ്രവേശന കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടക്കും.