തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ ഉണ്ടാകും. സ്വാഭാവിക മരണമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരേ മണിയുടെ കുടുംബം
പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി
ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേസ് സിബിഐക്ക്
വിടാനാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.
മണിയുടെ ആന്തരികാവയവങ്ങള്‍ കേന്ദ്ര ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ശരീരത്ത് കീടനാശനിയുടെ അംശം ഇല്ലായിരുന്നുവെന്നാണ് പരിശോധന ഫലം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക മരണമെന്ന നിലയില്‍ എസ്പി ഉണ്ണിരാജിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.