തിരുവനന്തപുരം:അഞ്ചുനാള്‍ കാഴ്ചയുടെ ഉത്സവമൊരുക്കിയ ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ വിധി പറയൽ ചൊവ്വാഴ്ച. വിവിധ വിഭാഗങ്ങളിലായി 204 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ്
പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.
മത്സരത്തിന് ആറ് വിഭാഗങ്ങളിലായി 81
ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ എട്ടും
ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 19 ഉം ഷോര്‍ട്ട് ഫിക്ഷന്‍
വിഭാഗത്തില്‍ 30 ഉം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മ്യൂസിക് വീഡിയോ
വിഭാഗത്തില്‍ 14 ഉം ക്യാമ്പസ് ഫിലിം വിഭാഗത്തില്‍ നാലും അനിമേഷന്‍
വിഭാഗത്തില്‍ ആറും ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍,
പ്രശസ്ത ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയും ചലച്ചിത്രനിരൂപകയുമായ ബാര്‍ബറ ലോറി,
ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായിക നിഷിത ജെയിന്‍ എന്നിവരാണ് ജൂറി
അംഗങ്ങള്‍. സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ സ്വരൂപ്, പ്രമുഖ
സംവിധായകന്‍ ഹെന്റി ഹ്യൂഗ്‌സ്, സംവിധായകനും എഡിറ്ററുമായ വിനോദ് സുകുമാരന്‍
എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി.
ഇവരുടെ വിധി നിർണയത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റ്റി.രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍.രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മികച്ച ലോങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും, മികച്ച ഹ്രസ്വചിത്രത്തിനും ഷോര്‍ട്ട് ഫിക്ഷനും അന്‍പതിനായിരം രൂപ വീതവും മികച്ച അനിമേഷന്‍ ചിത്രം, സംഗീത വീഡിയോ എന്നിവയ്ക്ക് 25,000 രൂപ വീതവും മികച്ച ക്യാംപസ് ചിത്രത്തിനും ഛായാഗ്രാഹകനും 10,000 രൂപ വീതവുമാണ് പുരസ്‌കാരം. പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ ചടങ്ങിനുശേഷം പ്രദര്‍ശിപ്പിക്കും.