ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തടവ് ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിലെ പ്രത്യേകകോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയലളിതയും കൂട്ടുപ്രതികളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി വിധി പ്രസ്താവിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല നടരാജന്‍, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. നാലുവര്‍ഷം തടവും പത്തുകോടി രൂപവീതം പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ.
1991-96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി'കുഞ്ഞ അവരെ നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 27നാണ് പതിനെട്ട് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി ജയലളിതയേയും കൂട്ടുപ്രതികളേയും ശിക്ഷിച്ചത്.
ശിക്ഷ റദ്ദാക്കിയതോടെ പുതിയ ജനപ്രാതിനിധ്യനിയമം അനുസരിച്ച് ആറ് കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ തടസ്സവും ഒഴിവായി. വിചാരണക്കോടതി വിധിയോടെ നഷ്ടമായ മുഖ്യമന്ത്രിക്കസേരയിലേക്ക് അവര്‍ അടുത്ത ദിവസം തന്നെ തിരിച്ചെത്തുമെന്നും ഉറപ്പായി.
ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ 1997ല്‍ ഡി.എം.കെ. സര്‍ക്കാറാണ് ജയലളിതക്കെതിരെ കേസെടുത്തത്.2001 ല്‍ ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ തമിഴനാട്ടില്‍ നിഷ്പക്ഷമായി വിചാരണ നടക്കില്ലെന്ന് കാണിച്ച് ഡി.എം.കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിചാരണ ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.