തിരുവനന്തപുരം: ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. തങ്ങളുടെ ആശയങ്ങൾ നേരിടാൻ പറ്റുന്നതല്ല എന്ന തിരിച്ചറിവിൽ നിന്നാണ് ആയുധങ്ങളിലേക്ക് കടക്കുന്നത്. ആയുധമെടുത്ത് ശരിയായ ആശയം മുന്നോട്ട് വയ്ക്കുന്നന്നവരെ നിഷ്കാസനം ചെയ്യാൻ ഇല്ലാതാക്കാൻ ഉള്ള നീക്കങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കേരള യൂണിവേഴ്സിറ്റി യൂണിയനും സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിൽ ഉദ്ഘാടന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം ശ്രദ്ധിച്ച ഇതുപോലെതന്നെ രാജ്യമാകെ പ്രതിഷേധമുയർന്ന മറ്റു ഒട്ടേറെ കൊലപാതകങ്ങൾ ഈ കഴിഞ്ഞ കാലയളവിൽ ഇവിടെ ഉണ്ടായിട്ടുണ്ട്. ഗോവിന്ദ് പൻസാരെ, ദബോൽക്കർ, കൽബുർഗി ഇവരെല്ലാം പേന മാത്രം കയ്യിലുള്ളരായിരുന്നു. പേന ഒരായുധമാണെങ്കിൽ ആ ആയുധം ഇവരുടെ കയ്യിലുണ്ടായിരുന്നു. മറ്റൊരായുധവും കൈയ്യിൽ കൊണ്ടുനടന്നവരല്ല. പക്ഷെ ഇവരെയെല്ലാം കൊലപ്പെടുത്തിയത് നമ്മുടെ രാജ്യത്ത് വളർന്നുവന്ന അസഹിഷ്ണുതയുടെതായ ചെയ്തികളായിരുന്നു. ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം ഇത്തരം കൊലപാതകങ്ങൾക്ക് വളമേകുന്നുവെന്നുള്ളത് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.