ന്യൂഡല്‍ഹി:ഒളിംപിക്സ് മെഡൽ ജേതാവ് ഇന്ത്യന്‍താരം വിജേന്ദര്‍ സിങ്ങിലൂടെ രാജ്യത്തിനു പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ ആദ്യ കിരീടം. ത്യാഗരാജ ഓഡിറ്റോറിയത്തിലൊരുക്കിയ ഇടിക്കൂട്ടിൽ ഏഷ്യ–പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഓസ്‌ട്രേലിയക്കാരന്‍ കെറി ഹോപിനെയാണ് വിജേന്ദര്‍ ഇടിച്ചിട്ടത്. 10 റൌണ്ടായിരുന്നു പോരാട്ടം. ഹോപ്പിനെ 98-92, 98-92, 100-90 എന്ന
സ്‌കോറിനു പരാജയപ്പെടുത്തിയാണ് വിജേന്ദര്‍ ഏഷ്യ പസഫിക് സൂപ്പര്‍
മിഡില്‍വെയ്റ്റ് ചാമ്പ്യനായത്.
പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. ഇതോടെ സൂപ്പര്‍ മിഡില്‍വെയ്റ്റ് റാങ്കിങ്ങില്‍ ഈ മുപ്പത്തൊന്നുകാരന്‍ പതിനഞ്ചാം സ്ഥാനത്തെത്തി. ബെയ്ജിംഗ് ഒളിംപിക്‌സില്‍ ഇന്ത്യക്കു വെങ്കലം സമ്മാനിച്ച വിജേന്ദര്‍ പ്രഫഷണല്‍ ബോക്‌സിങ്ങില്‍ വന്ന ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു ബൗട്ടില്‍ പങ്കെടുക്കുന്നത്.