പാലക്കാട്: സ്കൂള്‍ കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത കേസില്‍ നടന് ശ്രീജിത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും എല്ലാ വ്യാഴാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് താരത്തിന് ജാമ്യം ലഭിച്ചത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം ചുമത്തിയാണ് പോലീസ് ശ്രീജിത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 27-നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.