തിരുവനന്തപുരം: സർക്കാരിന്റെ മനോഭാവം തന്നെയായാണ് എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. ഈ സംഭവത്തിൽ ഗൂഢാലോചനയില്ല. ഈ സംഭവത്തിൽ ക്വട്ടേഷൻ സംഘങ്ങൾ ഇല്ല പ്രതിയുടെ ഭാവനയിൽ ഉരുത്തുരിഞ്ഞ അല്ലെങ്കിൽ രൂപപ്പെട്ട സംഭവം മാത്രമാണിത് എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ മാറ്റിപ്പറഞ്ഞു. താൻ പറഞ്ഞത് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ടാണ് എന്ന് പറഞ്ഞ് മാധ്യമങ്ങളെ പഴിചാരിക്കൊണ്ടാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ഭരണാധികാരികൾക്ക് വളരെ എളുപ്പമാണ് എന്തിനും ഏതിനും മാധ്യമങ്ങളെ കുറ്റം പറയാൻ. മാധ്യമങ്ങളോട് പ്രത്യേകം സമീപനം സ്വീകരിക്കുന്ന രീതിയാണല്ലോ മുഖ്യമന്ത്രിയുടേത്. മാധ്യമങ്ങളോട് അലർജി വച്ച് പുലർത്തുന്ന ഭരണാധികാരികളുണ്ട് കേരളത്തിൽ പിണറായി ഡൽഹിയിൽ നരേന്ദ്ര മോഡി അമേരിക്കയിൽ ട്രംപ് . ട്രംപ് മോഡി പിണറായി ഒരേ തൂവൽ പക്ഷികൾ എന്ന നിലയിലാണ് അവരുടെ സമീപനങ്ങളെന്ന് കെ പി സി സി പ്രസിഡന്റ വി എം സുധീരൻ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി ജനകീയ പ്രതിഷേധ കൂട്ടായ്‌മ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ സമീപനം അക്രമികൾക്ക് അനുകൂലമാണ് നടിയെ ആക്രമിച്ചവരെ ദൃശ്യമാധ്യമങ്ങളിലൂടെ കാണുമ്പോൾ പോലീസ് വണ്ടിയിൽ ഏതാണ്ടു ഒരു ടൂറിസ്റ്റു കേന്ദ്രത്തിലേക്ക് ഉല്ലാസത്തിനു പോകുന്ന ഒരു പ്രതീതിയല്ലേ. എത്രതരം ഷാർട്ടുകളാണ് അവർ മാറി മാറി ഉപയോഗിക്കുന്നത്. നല്ല കളർഫുള്ളായിട്ടുള്ള ഷർട്ടുകൾ. ഒരു വി ഐ പി പരിഗണന ആ പ്രതികൾക്ക് കിട്ടുന്നു എന്ന പ്രതീതിയാണ് മാധ്യമദൃശ്യങ്ങൾ കണ്ടപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇവിടെ സ്ത്രീകൾക്കെതിരെ അക്രമം വർധിക്കാൻ കാരണം, ഇവിടെ കുറ്റവാളികൾ ശരിയാവണ്ണം ശിക്ഷിക്കപ്പെടുന്നില്ല. കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാനാകുന്നില്ല. കേരളം ഒരു അരക്ഷിത സംസ്ഥാനമായി മാറിയിരിക്കുന്നു. അരക്ഷിതമായ അവസ്ഥയാണിവിടെ സ്ത്രീകൾക്കുള്ളത്. അരക്ഷിതമായ അവസ്ഥയാണിവിടെ ജനങ്ങൾക്കുള്ളത്. അരാജകമായ ഒരു തലത്തിലേക്ക് കേരളം മാറിയിരിക്കുന്നു എന്നുള്ള സ്ഥിതിവിശേഷമാണ് ഇപ്പോൾ.
ഇവിടെ കാതലായ പ്രശ്നം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രിയുടെ സമീപനം എന്ത് എന്നുള്ളതാണ്. സർക്കാരിന്റെ പല സമീപനങ്ങളും പരിശോദിച്ചാൽ സർക്കാർ ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ് എന്ന് വിശ്വസിക്കാവുന്ന സാഹചര്യമാണ് ഒന്നിന് പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നതെന്ന് സുധീരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗാന്ധിയൻ ഗോപിനാഥൻ നായർ, ശരത്ചന്ദ്ര പ്രസാദ്, ബിന്ദു കൃഷ്ണ, എം ആർ തമ്പാൻ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.