കൊച്ചി:ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്രകാര്യങ്ങളില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇക്കാരത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു.
ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നായിരുന്നു നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാ രാജി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യം സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സെപ്തംബര്‍ 29ന് ഹൈക്കോടതി എക്‌സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലെ തീരുമാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കോടതിയെ അറിയിക്കുകയും, ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതനുസരിച്ചാണ് ചുരിദാര്‍ ധരിച്ചവര്‍ക്ക് പ്രവേശനം അനുവദിച്ച് എക്‌സിക്യുട്ടിവ് ഓഫീസര്‍ നവംബര്‍ 29ന് ഉത്തരവിട്ടത്.