ആലപ്പുഴ നെടുമുടി എൻ എസ് എസ് ഹയർ സെക്കന്ററി കൊട്ടാരം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റീന സോണി വിദ്യാലയത്തിലും നാട്ടിലും കൊച്ചുതാരമാണ്. നൃത്തം, അഭിനയം, സംഗീതം, ചെണ്ടമേളം , സൈക്ലിംഗ് തുടങ്ങിയവയിൽ ഈ 13 വയസുകാരി മികവ് പുലർത്തുന്നു. ആലപ്പുഴ പുന്നശ്ശേരി ഹൗസിൽ സോണി ജോർജിന്റെയും സിസി സോണിയുടെയും രണ്ടു മക്കളിൽ മൂത്തതാണ് ക്രിസ്റ്റീന. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ പാപ്പച്ചൻ പുന്നശ്ശേരിയുടെ മകന്റെ മകളാണ്.മൂന്നു വർഷം മുമ്പ് സെന്റ് ജോസഫ് ചർച്ചിൽ മേയ്മാസ പെരുന്നാളിന് ക്രിസ്റ്റീനയും അനുജത്തി ഹന്ന സോണിയും ചേർന്നുള്ള നൃത്ത അവതരണമായിരുന്നു ക്രിസ്റ്റീനയുടെ ആദ്യ സ്റ്റേജ് അനുഭവം.
രഞ്ജി സംവിധാനം ചെയ്ത മുട്ടത്തോട് എന്ന ഹ്രസ്വചിത്രത്തിലായിരുന്നു ആദ്യ അഭിനയം. ആദ്യചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റീനയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രണ്ടു വർഷത്തോളമായി
സ്റ്റേജ് പരിപാടികളിലും സജീവമാണ്. അഭിനയവും മോഡലിംഗും പോലെ റാമ്പ് ഷോകളിലും പങ്കെടുക്കുന്നുണ്ട്. പല പ്രശസ്ത കമ്പനികളുടെയും കൊച്ചു മോഡലാണ് ക്രിസ്റ്റീന.സ്കൂളിലെ കലാ,കായിക മത്സരങ്ങൾക്ക് പങ്കെടുക്കാറുണ്ട്. തിരുവാതിരക്കളിയിൽ ക്രിസ്റ്റീനയുടെ ടീം ചമ്പക്കുളം ഉപജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പ്രമുഖ മോഡലിംഗ് കമ്പനികളുടെ മോഡലായും തെരഞ്ഞെടുത്തിരുന്നു.പഠനത്തെ ബാധിക്കാത്ത രീതിയിൽ സിനിമയിൽ അഭിനയിക്കണം എന്നാണ് ക്രിസ്റ്റീനയുടെ ആഗ്രഹം. എം.പി. നായർ വിവിധ ഭാഷകളിൽ ഒരുക്കുന്ന സിനിമയിൽ ക്രിസ്റ്റീനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.