സന്ദീപ്കുമാര്തീത്ഥപാദമണ്ഡപത്തില് ജീവിതപാഠം എന്ന നാടകം നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചിരുന്നു. നാടകം കണ്ടതിനുശേഷം ധാരാളം പ്രേഷകര്‍ അഭിനേതാക്കളെയും അണിയറക്കാരെയും അഭിനന്ദിക്കാന്‍ എത്തി. നാടക പ്രവര്‍ത്തകന്‍ മധു കെ.പി.എസിയും ഭാര്യ ജയശ്രീയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നാടകത്തില്‍ അതുല്‍ എന്ന കഥാപാത്രം അവതരിപ്പിച്ച സന്ദീപ്കുമാര്‍ എന്ന യുവനടനന്റെ അടുക്കല്‍ അവര്‍ എത്തി നിറകണ്ണുകളോടെ നടന്റെ കയ്യില്‍ ചേര്‍ത്ത് പിടിച്ച് ജയശ്രീ പറഞ്ഞു ഞങ്ങളുടെ മകന്‍ ലാല്‍കൃഷ്ണ ഈ നാടകത്തിലെ കഥാപാത്രത്തിന് സംഭവിച്ചതുപോലെ ബൈക്കപകടത്തില്‍പ്പെട്ട് മരണപ്പെട്ടിരുന്നു. ഞങ്ങളുടെ മകനെ വേദനയോടെ ഓര്‍ക്കുകയാണ്.... അതുകേട്ട നടന്റെ കണ്ണുകളും നിറഞ്ഞു. ഈ നാടകത്തിലെ അതുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ ഉജ്ജ്വല അഭിനയം നാടകം കണ്ട പ്രേഷകരുടെ മനസ്സിലെന്നുമുണ്ടാകും.
ജീവിതപാഠം നാടകത്തില്‍ സന്ദീപ്‌കുമാര്‍
നാടകാചാര്യന്‍ കണ്ണൂര്‍ വാസൂട്ടി സംവിധാനം ചെയ്ത തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിതപാഠം എന്ന നാടകത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് പന്തളം സ്വദേശി സന്ദീപ്കുമാര്‍. കൊല്ലം കാളിദാസ കലാകേന്ദ്രത്തിലൂടെ പ്രൊഫഷണല്‍ നാടക രംഗത്തേക്ക് കടന്നുവന്ന ഈ യുവാവ് സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ കലയെ ജീവിതസപര്യയായി സ്വീകരിച്ചിരുന്നു. മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി സന്ദീപ് അന്നേ ഗ്രാമതാരമായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തബല വാദന മത്സരത്തില്‍ പങ്കെടുത്ത് ബി ഗ്രേഡ് നേടിയിരുന്നു. അവളറിയാതെ, സീതാ കല്യാണം എന്നീ ടെലിവിഷന്‍ പരമ്പരകളിലും സന്ദീപ് തന്റെ സാന്നിധ്യം അറിയിച്ചു.
സംഗീതാലാപനം, വാദ്യോപകരണ വാദനം, എഴുത്ത്, സംഗീത സംവിധാനം, കാരുണ്യ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലും ഈ ചെറുപ്പക്കാരന്‍ തിളങ്ങി. ബൈക്ക് അപകടത്തില്‍പ്പെട്ട് വീല്‍ചെയറിലായ, ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരനായാണ് സന്ദീപ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്. ജി. കെ. ദാസ് ആണ് ഈ നാടകത്തിന്റെ രചന നിര്‍വ്വഹിച്ചത്. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ കഥാപാത്രത്തിലേക്ക് പകര്‍ന്നാട്ടം നടത്തി ഈ കഥാപാത്രം പച്ചയായ ജീവിത യാത്ഥാര്‍ത്ഥ്യത്തെ വിളിച്ചുണര്‍ത്തുന്നു.
സീതാകല്യാണം എന്ന സീരിയലില്‍ സന്ദീപ്‌കുമാര്‍
ബൈക്കപകടത്തില്‍പ്പെട്ട് മരണമടഞ്ഞവരുടെ അനുഭവങ്ങള്‍ പങ്കുവെച്ച് ധാരാളം പേര്‍ സന്ദീപീന്റെ അടുത്തെത്തി. നാടകം കണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വന്നവരോട് തനിക്കും അടുത്തകാലത്ത് ബൈക്കപകടം സംഭവിച്ചിരുന്നുവെന്ന് സന്ദീപ് പറഞ്ഞിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, സാജു നവോദയ, ബാബു അന്നൂര്‍, കുളപ്പുള്ളി ലീല, കൊച്ചുപ്രേമന്‍, സാജന്‍ പള്ളുരുത്തി, ശിവജി ഗുരുവായൂര്‍, കല്ലറ ഗോപന്‍, ജോസ് സാഗര്‍, യതികുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ നാടകം കണ്ട് സന്ദീപിനെ അഭിനന്ദിച്ചിട്ടുണ്ട്.
തനിക്ക് ജന്മസിദ്ധമായി ഈശ്വരന്‍ നല്‍കിയ കഴിവിനെ, ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് സമൂഹത്തിലേക്ക് എത്തിക്കുകയാണ് കെ.പി.സുരേന്ദ്രന്റെയും ശാന്തമ്മയുടെയും മകനായി 1991 ല്‍ പത്തനംതിട്ട കുളനടയില്‍ ജനിച്ച സന്ദീപ്കുമാര്‍. ചെറുപ്പം മുതലേ കലാരംഗത്ത് സജീവമാകാന്‍ ആഗ്രഹിച്ച് ഇലവുംതിട്ട സന്തോഷ് എന്ന തബല അധ്യാപകനില്‍ നിന്നും വാദ്യോപകരണങ്ങള്‍ അഭ്യസിച്ചു. പന്തളം സുരേഷ്ബാബു, പന്തളം ജി.പ്രദീപ് തുടങ്ങിയ സംഗീതജ്ഞരുടെ കീഴില്‍ സംഗീതപഠനം നടത്തി. ഡോ: വാഴമുട്ടം ബി. ചന്ദ്രബാബു എന്ന സംഗീത അധ്യാപകന്റെ കീഴില്‍ പഠനം തുടരുന്നു. ബയോസ്‌പേസ് മീഡിയ അക്കാദമിയില്‍ നിന്നും അഭിനയ പഠനം പൂര്‍ത്തിയാക്കിയതിനുശേഷമാണ് കൊല്ലം കാളിദാസ കലാ കേന്ദ്രത്തിലൂടെ പ്രൊഫഷണല്‍ നാടക രംഗത്തേക്ക് കടന്നത്. മാക്ബത്ത്, സുന്ദരികളും സുന്ദരന്‍മാരും, കഥ പറയുന്ന വീട്, ഇത് പൊതുവഴിയാണ്, പുലര്‍കാല സ്വപ്നം, ജീവിതപാഠം എന്നീ നാടകങ്ങളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സുരാജ് വെഞ്ഞാറമൂടിനോപ്പം സന്ദീപ്കുമാര്‍
നടനും നാടക സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ ആണ് പ്രൊഫഷണല്‍ നാടക രംഗത്തേക്ക് പരിചയപ്പെടുത്തിയതെന്ന് സന്ദീപ് നന്ദിയോടെ ഓര്‍ക്കുന്നു. കൊട്ടാരക്കര ആശ്രയയുടെ ഇത് പൊതുവഴിയിണ് എന്ന നാടകത്തിലും തന്റെ സ്വാഭാവികമായ അഭിനയ ശൈലിയെ പ്രേക്ഷകരുടെ മനസ്സുകളിലേക്ക് മറക്കാനാവാത്ത വിസ്മയമാക്കി തീര്‍ക്കുവാന്‍ ഈ നടന് കഴിഞ്ഞു. ഹേമന്ദ് കുമാറിന്റെ രചനയിലുള്ള ഈ നാടകത്തില്‍ സംവിധായകന്‍ രാജേഷ് ഇരുളം സന്ദീപ് എന്ന യുവപ്രതിഭയെ നന്നായി ഉപയോഗിച്ചു എന്നതാണ് സത്യം. ടി.വി ചാനല്‍ അവതാരകനായി വേദികളില്‍ പകര്‍ന്നാട്ടം നടത്തി കാണികളില്‍ ആസ്വാദനത്തിന്റെ പുതുമ നല്‍കാന്‍ നാടകത്തിനും സന്ദീപിന്റെ കഥാപാത്രത്തിനും കഴിഞ്ഞു.
സംഗീത സംവിധായകനും ഗായകനുമായ ശരത് പ്രകാശനം ചെയ്തത് വലിയ ഭാഗ്യമായി ഈ കലാകാരന്‍ കരുതുന്നു.
വേദികളില്‍ പ്രേക്ഷകരെ രസിപ്പിക്കുമ്പോഴും കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്തവും സ്‌നേഹവും സന്ദീപ് പ്രാവര്‍ത്തികമാക്കുന്നു. പാട്ടിന്റെ പാലാഴി എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ തന്റെ രാഗസുധ എന്ന സംഗീത പരിപാടിയിലൂടെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങളിലും സന്ദീപ് മാതൃകയായി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടെ 64 കലകളും പഠിക്കാവുന്ന ഒരു സ്‌കൂള്‍ റെജുവിനേറ്റ് യൂത്ത് മിഷന്‍ എന്ന സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലൂടെ സമൂഹത്തിന് നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഈ ബഹുമുഖ പ്രതിഭ.
സാജുകെപിഎസി, സന്ദീപ്‌കുമാര്‍, സാജുനവോദയ
വേദികളിലും മിനിസ്‌ക്രീനിലും വ്യക്തിമുദ്ര പതിപ്പിച്ച സന്ദീപ് ഇനി ബിഗ്‌സ്‌ക്രീനിലും തന്റെ അഭിനയ മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം മുതല്‍ ബിഗ്‌സ്‌ക്രീനിലും ഈ കലാകാരനെ കാണാന്‍ കഴിയും.