മുഹമ്മദ് ഷായെ പിതാവ് അബ്ദുൽ റഷീദ് ആദരിക്കുന്നു. ഡോ: വാഴമുട്ടം ബി. ചന്ദ്രബാബു, വഞ്ചിയൂർ പ്രവീൺകുമാർ, അലിഫിയ അമീർ, പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ്, റഹിം പനവൂർ, ഡോ : എസ്. സുലൈമാൻ എന്നിവർ സമീപം.
തിരുവനന്തപുരം : പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി പ്രമോഷന്‍ ലഭിച്ച മകനെ പിതാവ് ആദരിച്ച ചടങ്ങ് ശ്രദ്ധേയമായി. നെടുമങ്ങാട് പത്താംകല്ല് വി ഐ പി ഡിവിഷനില്‍ മുഹമ്മദ് ഷാ ആണ് പിതാവ് അബ്ദുല്‍ റഷീദിന്റെ ആദരവ് ഏറ്റുവാങ്ങിയത്. നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ റഷീദ് മകനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. അഴിക്കോട് കദളി നഗറിലുള്ള ഹാമിന്‍സ് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. അബ്ദുല്‍ റഷീദിന്റെയും പരേതയായ ഐഷാബീവിയുടെയും മൂത്ത മകനാണ് മുഹമ്മദ് ഷാ. അബ്ദുല്‍ റഷീദിന്റെ മകള്‍ ഷബ്‌നയും മകളുടെ ഭര്‍ത്താവും സിനിമ പി ആര്‍ ഒയുമായ റഹിം പനവൂരും ചേര്‍ന്ന് നടത്തുന്ന ഷോപ്പാണ് ഹാമിന്‍സ് ഷോപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസ് കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച മുഹമ്മദ് ഷായ്ക്ക് ഡിസംബറിലാണ് എ എസ് ഐ ആയി പ്രമോഷന്‍ ലഭിച്ചത്. ഷായുടെ ജോലിക്കയറ്റം കുടുംബാംഗങ്ങള്‍ക്ക് ഒരുപാട് സന്തോഷം നല്‍കി. അങ്ങനെയാണ് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഷായെ ആദരിക്കാന്‍ തീരുമാനിച്ചത്.
അബ്ദുല്‍ റഷീദിന്റെ ഇളയ മകനും ഗവണ്‍മെന്റ് കോണ്‍ട്രാക്ടറുമായ ഷബീര്‍ മുഹമ്മദ്, ബന്ധുവും ഗായകനും ചലച്ചിത്ര നടനുമായ ഷംനാദ് ജമാല്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് അഴിക്കോട് വാര്‍ഡ് മെമ്പര്‍ അലിഫിയ അമീര്‍, സിനിമ സീരിയല്‍ നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, പ്രവാസിബന്ധു ഡോ : എസ്. അഹമ്മദ് ,ഡോ : വാഴമുട്ടം ബി. ചന്ദ്രബാബു , ഡോ: എസ്. സുലൈമാന്‍, റഹിം പനവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മകനെ പിതാവ് പൊതുവേദിയില്‍ വച്ച് ആദരിക്കുന്നത് അപൂര്‍വ്വ നിമിഷമാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.
ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പതിനെട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ചിത്രരചനയും സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി.