ആർമി ഓഫീസറാകാൻ കൊതിച്ച യുവാവിന്റെ കൈയ്യിൽ വിധി ഒരു പഴയ മാമിയ സി 330 ബോക്സ് ക്യാമറ പിടിപ്പിച്ചു. അതിൽ ഫോട്ടോ പിടിച്ചു തെളിഞ്ഞ 24 കാരൻ മലയാള മനോരമയിൽ ഫോട്ടോഗ്രാഫറായി. ആ രംഗപ്രവേശം മലയാളത്തിന് സമ്മാനിച്ചത് ബി. ജയചന്ദ്രനെന്ന മികച്ച ഒരു വാർത്താചിത്രലേഖകനെയാണെന്നു കാലം തെളിയിച്ചു. 35 വര്ഷം നീണ്ട കരിയർ പിന്നിടുമ്പോൾ ഇന്നദ്ദേഹം സ്ഥാപനത്തിലെ സീനിയർ പിക്‌ചർ എഡിറ്ററാണ്. അതിലുപരി മറ്റൊരു ഫോട്ടോജേര്ണലിസ്റ്റിനും അവകാശപ്പെടാൻപറ്റാത്ത വ്യത്യസ്തങ്ങളായ ദൃശ്യസംബന്ധമായ പ്രൊജെക്റ്റുകളുടെ ശില്പിയുമാണ്. അതിനു തെളിവാണ് അദ്ദേഹത്തിന് ലഭിച്ച അഞ്ചു സംസ്ഥാന പുരസ്കാരങ്ങൾ. നാലെണ്ണം ഫോട്ടോഗ്രാഫിയുടെ മികവിന് ലഭിച്ചപ്പോൾ ഒന്ന് മികച്ച ഡോക്യൂമെന്ററി സിനിമക്കായിരുന്നു. ഇവ ഉൾപ്പെടെ 14 പുരസ്കാരങ്ങൾ ക്രെഡിറ്റിലുള്ള അദ്ദേഹത്തിന് ഇപ്പോൾ (മാർച്ച് 19, 2017) കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പും (75 ,000 രൂപ) ലഭിച്ചു. ഇഎംഎസിന്റെ ജീവിതം നീണ്ട വർഷങ്ങൾകൊണ്ട് ക്യാമറയിൽ പകർത്തിയ ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ ചരമദിനത്തിൽ തന്നെ ബി. ജയചന്ദ്രന് ഈ ബഹുമതി കിട്ടിയെന്നത് യാദൃശ്ചികം. ഇന്ന് അറുപതിന്റെ ചെറുപ്പത്തിലും കർമനിരതനായിരിക്കുന്ന ബി. ജയചന്ദ്രന്റെ ന്യുസ് ഫോട്ടോഗ്രാഫി ജീവിതം രണ്ടു പ്രശസ്ത പ്രൊജെക്റ്റുകളിലൂടെ ഈ അഭിമുഖത്തിൽ വായിച്ചെടുക്കാം. പാങ്ങോട് മിലിറ്ററി ക്യാംപിനു സമീപത്തെ ശ്രീ ചിത്രാ നഗറിലെ 'ആർഷയിലേക്ക്' കടന്നു ചെല്ലുമ്പോൾ ആതിഥ്യമരുളിയ ജയൻ ചേട്ടനെ (ബി. ജയചന്ദ്രൻ) കണ്ടൊന്ന് സംശയിച്ചു. ഒരു കാവി (തേയ്ച്ചു മടക്കിയതല്ല) മുണ്ടു മാത്രമാണ് വേഷം. സെക്രട്ടറിയേറ്റിനു മുന്നിൽ കാണുന്ന ആളാണോ ഇത്. എത്ര സിംപിൾ. വീടിനകത്ത് ക്ഷണിച്ചപ്പോഴാണ് സംശതം മാറിയത്. പിന്നെ അനുഭവങ്ങളുടെ ഭാണ്ഡം തുറന്ന ഒരു യോഗിയെപ്പോലെ അദ്ദേഹം വാചാലനായി. അഭിമുഖത്തിന് അനുവദിച്ച സമയം കടന്നുപോയിട്ടും അക്ഷമനായില്ല. ശാന്തമായിരുന്ന ആ മനസിൽ നിന്ന് ഉത്തരങ്ങൾ ഒഴുകുകയായിരുന്നു. അതുകഴിഞ്ഞപ്പോൾ ആലോചിച്ചുപോയി യുദ്ധമുഖത്ത് മരണത്തെ കണ്ട് ദൃശ്യങ്ങൾ പകർത്തിയ അദ്ദേഹത്തിന് ഇവിടത്തെ അക്രമാസക്തമായ സമരങ്ങളും ലാത്തി ചാർജ്ജും എന്തായിരുക്കുമെന്ന്.
ഇന്ത്യന്‍ രാഷ്ടീയത്തിലെ 'ഹിമാലയ'മായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനെ 16 വര്ഷം പിന്തുടര്‍ന്ന് പകര്‍ത്തിയ ചിത്ര പ്രദര്‍ശനവും, വര്ഷങ്ങളുടെ കഠിനയാത്രയിലൂടെ പകര്‍ത്തിയ സാക്ഷാല്‍ ഹിമാലയ സെക്ടറുകളുടെ വീഡിയോ പ്രദര്‍ശനം എന്നിവ കനകക്കുന്നു കൊട്ടാരവേദിയില്‍ 2017 ൽ അടുത്തടുത്ത മാസങ്ങളില്‍ നടക്കുകയുണ്ടായല്ലോ. രാഷ്ടീയത്തിലെയും പ്രകൃതിയുടെയും ഈ രണ്ടു അപരതകളെ രണ്ട് വ്യത്യസ്ത ദൃശ്യ സങ്കേതങ്ങളിലൂടെ ചിത്രീകരിച്ച ഒരാളിൽ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പരിവര്‍ത്തനം എങ്ങനെയാണ് സംഭവിച്ചത്? നമ്മള്‍ക്ക് ഒരു സങ്കല്‍പ്പം ഉണ്ടാകും. ലാളിത്യം, സത്യസന്ധത, മനുഷ്യത്വം, സമൂഹ സ്‌നേഹം എന്നിവയൊക്കെയുള്ള ഒരു രാഷ്ട്രീയനേതാവിനെക്കുറിച്ചുള്ള സങ്കല്‍പ്പം . 1982 ല്‍ ഞാന്‍ ഫോട്ടോഗ്രാഫി തുടങ്ങുന്ന സമയത്ത് എന്റെ സങ്കല്‍പ്പത്തിലുള്ള നേതാവിനെ ഇഎംഎസില്‍ കാണാന്‍ സാധിച്ചു. അദ്ദേഹം വിക്കുള്ള മനുഷ്യനായിരുന്നു. വലിയ സുന്ദരനൊന്നുമല്ല. മനുഷ്യന്റെ സൗന്ദര്യമെന്നും പറയുന്നത് ശാരീരികം മാത്രമല്ല മറ്റു ഘടകങ്ങളുമുണ്ട്. ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ റീയാല്‍റ്റിയെ മാത്രം നോക്കികാണുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യാന്‍ തുടങ്ങി. അങ്ങനെ പതിനാറു വര്ഷം അദ്ദേഹത്തിന്റെ പുറകില്‍ നടന്ന് ചിത്രങ്ങള്‍ എടുത്തു . അവയുടെ ആദ്യ പ്രദര്‍ശനം 1996 ല്‍ സംഘടിപ്പിക്കുയും, അതിന്റെ പുസ്തക രൂപം മനോരമ 'പോർട്രൈറ്റ് ഓഫ് ലോങ്ങ് മാര്‍ച്ചെന്ന' പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിളിപ്പില്‍ശാലയിലുള്ള ഇഎംഎസ് അക്കാഡമിയില്‍ ആ ചിത്രങ്ങളെല്ലാം വലിയ ക്യാന്‍വാസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാര്‍ഗം എന്തായാലും അദ്ദേഹത്തിന്റെ ലക്ഷ്യം സമൂഹനന്മയായിരുന്നു.
പേരൂർക്കടയിൽ പാർട്ടി യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്ന ഇഎംഎസ്. .ചിത്രം: ബി ജയചന്ദ്രൻ.
എന്റെ തുടക്കത്തില്‍ നിന്ന് 35 36 വര്ഷം പിന്നിട്ടപ്പോള്‍ ടെക്‌നോളജി അതി ഭീകരമായാണ് വളര്‍ന്നത്. ഞാന്‍ ഉപയോഗിക്കുന്ന ക്യാമറയില്‍ തന്നെ എല്ലാ സൗകര്യങ്ങളും വന്നു. അപ്പോള്‍ ഞാന്‍ രണ്ടും മൂന്നും ക്യാമറകല്‍ കൊണ്ട് നടക്കാന്‍ തുടങ്ങി. യാത്രക്കിടയില്‍ ഞാന്‍ മൂവിയും എടുക്കും. ടെക്‌നോളജിയുടെ വളര്‍ച്ചയും മനസ്സിന്റെ ആഗ്രഹവുമാണ് ഈ പരിവര്‍ത്തനത്തിലേക്ക് എന്നെ നയിച്ചത്. സ്‌കൂള്‍ കാലത്ത് ഹിമാലയം സ്വപ്നം മാത്രമായിരുന്നു. പില്‍ക്കാലത്തു ഹിമാലയത്തില്‍ പോകാനുള്ള അവസരം കിട്ടിയപ്പോള്‍ മുഴുവനും കാണണമെന്ന ആഗ്രഹം തോന്നി. ഓരോ സെക്ടറിലും അവസരം കിട്ടുന്നതനുസരിച്ചു പോയ്ക്കൊണ്ടിരുന്നു. പോയിക്കണ്ട സെക്ടറെല്ലാം ക്യാപ്ച്ചര്‍ ചെയ്തും കൊണ്ടിരുന്നു. ഇഎംഎസിന്റെ ഒപ്പം ഒന്നരപതിറ്റാണ്ടിലധികം നടന്ന ഒരാളെന്ന നിലയില്‍ മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോട് അദ്ദേഹത്തിന്റെ പാർട്ടിക്ക് അന്ന് നല്ല സമീപനമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകുമ്പോള്‍ പലരും അകല്‍ച്ചയോടെ എന്നെ നോക്കുമായിരുന്നു. ഒരിക്കല്‍ എനിക്ക് അദ്ദേഹത്തിന്റെയൊപ്പം കാറില്‍ യാത്രചെയ്യേണ്ടിവന്നു. പിന്‍ സീറ്റില്‍ അദ്ദേഹവും ഞാനും, മുന്നില്‍ ഡ്രൈവര്‍ വസന്തന്റെയടുത്ത് സെക്രട്ടറി വേണുവും. ആ യാത്രയില്‍ ഒരാവശ്യവും എനിക്കുണ്ടായിരുന്നു. യാത്രക്കിടയിൽ എന്റ ചില ചോദ്യങ്ങൾക്ക് അദ്ദേഹം വളരെ പോസിറ്റീവായി മറുപടി നൽകി. അങ്ങനെ കോഴിക്കോട് എത്തി. അവിടെ കോഴിക്കോട് ഘടകത്തിന്റെ മീറ്റിങ് എന്തോ ഉണ്ടായിരുന്നു. മനോരമേയുടെ ഫോട്ടോഗ്രാഫറെന്താ ഇഎംസിന്റെ കൂടെ നടക്കുന്നതെന്ന നീരസം അന്നവിടെയുണ്ടായിരുന്ന പലരുടെയും മുഖത്ത് നിന്ന് വായിച്ചെടുത്തു. അദ്ദേഹത്തിനൊപ്പം മുറിക്കകത്തുകയറി ഞാന്‍ ഇരിക്കുന്നതും സംസാരിക്കുന്നതും ഒക്കെ കാണുമ്പോള്‍ അവര്‍ക്ക് സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. അതുകൊണ്ടു ഞാന്‍ പതുക്കെ ഉള്‍വലിയാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ സമയമായപ്പോള്‍ അദ്ദേഹമെന്നെ വിളിപ്പിച്ചു. ഇപ്പോള്‍ കഴിക്കുന്നില്ല പോകുന്ന വഴിക്ക് കഴിച്ചോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിന്ന് മാറി തൃശൂര്‍ വീണ്ടും ജോയിന്‍ ചെയ്താല്‍ മതിയല്ലോ എന്നായിരുന്നു എന്റെ ചിന്ത. പരിപാടികഴിഞ്ഞു കാറില്‍ കയറാന്‍ നേരത്ത് ഇഎംഎസ് എന്നെ വിളിച്ചു. വേറൊരു വണ്ടിയില്‍ വന്നോളാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ ശരി ഞാന്‍ അവിടെയുണ്ടാകും എന്ന് പറഞ്ഞ് അദ്ദേഹം പോയി.
യാത്രാമദ്ധ്യേ കാർ നിറുത്തി കുന്തിപ്പുഴയും പരിസരവും വീക്ഷിക്കുന്ന ഇഎംഎസ്. ചിത്രം: ബി ജയചന്ദ്രൻ
പിന്നാലെ അവിടെയുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാര്‍ എന്നെ വേറൊരു കാറില്‍ കയറ്റി തൃശ്ശൂറിലേക്ക് തിരിച്ചു. പകുതി വഴിയെത്തിയപ്പോള്‍ അവര്‍ റൂട്ട് തെറ്റിച്ചു. കോഴിക്കോട് നിന്ന് തൃശൂര്‍ വരുന്ന വഴിയൊക്കെ എനിക്കറിയാം. സമയം രാത്രി പത്തുമണിയോളം ആയിക്കാണും. പിന്നെ ഞാൻ പറഞ്ഞ വഴിയിലൂടെ അവര്‍ എന്നെ കൊണ്ടാക്കി. രാമനിലയത്തില്‍ എത്തിയപ്പോൾ അദ്ദേഹം മുറിക്ക് പുറത്തു നില്‍ക്കുന്നു ഞാന്‍ വന്നോന്ന് ചോദിച്ച്. 1993 ലാണത് .
നേതാക്കള്‍ക്ക് കുറവില്ലാത്ത നാട്ടില്‍ മറ്റൊരു നേതാവിനെയും ഫോളോ ചെയ്യാന്‍ തോന്നിയില്ലേ? ഇഷ്ടം തോന്നിയ നേതാക്കളുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പക്ഷെ അവരെ ഫോളോ ചെയ്തു ഫോട്ടോ സ്റ്റോറി ചെയ്യാന്‍ തോന്നിയിട്ടില്ല. വ്യക്തിയെന്നുള്ള രീതിയില്‍ വാജ്‌പേയി നല്ല ഒരു മനുഷ്യനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ എത്രയോ പ്രധാനമന്ത്രിമാരുടെ പടമെടുത്തിട്ടുണ്ടെങ്കിലും വാജ്‌പേയുടെ അത്രയും സ്‌നേഹമുള്ള മറ്റൊരാളെ കണ്ടിട്ടില്ല.
തിരുവനന്തപുരം വേദിയായ 13-ാം പാർട്ടി കോൺഗ്രസിൽ ഇരിപ്പിടത്തിലേക്ക് നടന്നടുക്കുന്ന ജ.സെ..ഇഎംഎസ് .ചിത്രം:ബി ജയചന്ദ്രൻ
ഇഎംഎസിന്റെ ജീവിത്തില്‍ നിന്ന് സ്വജീവിതത്തിലേക്ക് എന്തെങ്കിലും പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ? എന്റെ സ്വഭാവത്തിന്റെ ഭാഗമായ ക്ഷമ, ലാളിത്യം, നന്മ എന്നിവയും ഹിമാലയത്തെ ചിത്രീകരിക്കാനുള്ള ആത്മവിശ്വസവും എനിക്കുണ്ടായത് അദ്ദേഹവുമായുള്ള ബന്ധത്തില്‍ നിന്നാണ്. പ്രൊഫഷന്റെ തുടക്കത്തില്‍ ഇരുപത്തിനാലാമത്തെ വയസ്സില്‍ ആ വലിയ മനുഷ്യനെ പരിചയപ്പെടാനും മനസ്സ് കീഴടക്കാനും സ്‌നേഹം അനുഭവിക്കാനും കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം.
മുഖ്യമന്ത്രി ഇഎംഎസ് ചികിത്സക്കായി റഷ്യയിലേക്ക് യാത്രയാകുന്നു. ഭാര്യാ ആര്യ അന്തർജനം സമീപം .ചിത്രം: ബി ജയചന്ദ്രൻ
ഹിമാലയം ജയ മനസ്സ് കീഴടക്കിയതെപ്പോള്‍? ഡോക്കുമെന്ററികള്‍ തുടര്‍ പദ്ധതികള്‍ ആയിരുന്നോ? എങ്ങനെയാണ് ആ പദ്ധതികള്‍ സാര്ഥകമായത്?
കുട്ടിക്കാലത്തെ എന്റെ ഒരു മോഹമായിരുന്നു ഹിമാലയം യാത്ര. പില്‍ക്കാലത്ത് ഫോട്ടോഗ്രാഫറായി ഡല്‍ഹിലേക്ക് പോകേണ്ടിവന്നപ്പോള്‍ കാശ്മീര്‍ യാത്രകള്‍ ഒരുപാടുണ്ടായി. 97 ല്‍ ഒരു ദിവസം ജമ്മുവില്‍ നിന്ന് ശ്രീനഗര്‍ ലക്ഷ്യമാക്കി ട്രക്കിലാണ് (ലോറി) യാത്ര ചെയ്തത്. സർദാർജിയാണ് ട്രക്ക് ഡ്രൈവര്‍. ലോറിയില്‍ക്കയറിയപ്പോള്‍തന്നെ ഞാന്‍ ചോദിച്ചത് മുകളില്‍ ഇരുന്നോട്ടെയെന്നാണ്. അദ്ദേഹം സമ്മതിച്ചു. മുകളില്‍ ലോഡുമുണ്ടായിരുന്നു. ഞാന്‍ മുകളില്‍ കയറി നിന്നു. മനസ്സില്‍ താലോലിച്ച ആഗ്രഹമായിരുന്നു അത്. കന്യാകുമാരി മുതല്‍ ഹിമാലയം വരെ ട്രക്കിന്റെ മുകളില്‍ കയറി നിന്ന് യാത്രചെയ്യണമെന്ന്. എന്റെയൊരു ആഗ്രഹ നിവര്‍ത്തിപ്പോലെ ഞാനിങ്ങനെ ട്രക്കിന്റെ മുകളില്‍ ഒറ്റയ്ക്ക് കയറി നില്‍ക്കുകയാണ്. രണ്ടു രണ്ടര മണിക്കൂര്‍ നീണ്ട യാത്രയില്‍. സൂര്യകാന്തി പാഠങ്ങള്‍ കുങ്കുമപ്പൂ പാഠങ്ങള്‍ എന്നിവ കണ്ടങ്ങനെ പോകുമ്പോള്‍ ദൂരെ മഞ്ഞു മലകള്‍ കാണാം. ആ മനോഹരമായ ഹിമദൃശ്യങ്ങള്‍ എന്റെ മനസ്സില്‍ കൂടുകൂട്ടി. അപ്പോള്‍ തന്നെ തീരുമാനിച്ചു എന്തുവന്നാലും മുഴുവന്‍ ഹിമാലയം സെക്ടര്‍ ഒന്ന് കാണണമെന്ന്.
ടിബറ്റൻ പീഠഭൂമിയിൽ നിന്നുള്ള ഹിമാലയ കാഴ്ച. ചിത്രം: ബി ജയചന്ദ്രൻ
അതുകഴിഞ്ഞു ഇടക്കിടെ കാശ്മീരില്‍ പോകും. അങ്ങനെപോയി യാത്ര ആസ്വദിച്ചു തുടങ്ങി. യാത്ര ചെയ്യാന്‍ ശാരീരികമായിട്ടുകൂടി ഞാന്‍ തയ്യാറെടുത്തു. യാത്ര ചെയ്യണമെങ്കില്‍ ശാരീരികമായിട്ട് ആരോഗ്യം വേണം. അതിനു വേണ്ടി ഇടക്കിടെയുള്ള യാത്രകളില്‍ അവിടുത്തെ ഭക്ഷണവും കാലാവസ്ഥയും, ദിനചര്യയും ഞാന്‍ ശീലിച്ചു. കാര്‍ഗില്‍ യുദ്ധം വന്നപ്പോള്‍ . 24 ദിവസവും ഞാന്‍ ആ സെക്ടറില്‍ തന്നെ യുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ യാത്രകള്‍ ദുഷ്‌കരമായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്തു. ചിലയിടത്ത് നമ്മള്‍ ഒറ്റപ്പെട്ടുപോകും . ആ യുദ്ധസമയത്ത് മനസ്സ് കൊണ്ടും ശരീരംകൊണ്ടും ഹിമാലയുവുമായി ചേര്‍ന്നു. അപ്പോള്‍ പിന്നെ ഏതു സെക്ടറില്‍ വേണോ പോകാമെന്ന വിശ്വാസമുണ്ടായി. ഷെൽ വന്നാലും മഞ്ഞിടിഞ്ഞ് വീണാലും ഫേസ് ചെയ്യാനുള്ള ചങ്കൂറ്റവും ധൈര്യവും വന്നു. അങ്ങനെ മനസ്സില്‍ മുളച്ച സ്വപ്നപദ്ധതിക്കുവേണ്ടി സാഹചര്യം വന്നപ്പോള്‍ എല്ലാ സെക്ടറിലും പോയി തിരിച്ചു ഇവിടെ വന്നു . യാത്ര ചെയ്ത എല്ലാ സെക്ടറിലേയും വിവരങ്ങൾ ഫയല്‍ ചെയ്തു. 2000 ആയപ്പോള്‍ ഒരുപാട് യാത്രകള്‍ ഹിമാലയന്‍ സെക്ടറില്‍ വീണ്ടും ഉണ്ടായി അതൊക്കെ ക്യാപ്ച്ചര്‍ ചെയ്തു . പിന്നെയും 2005 ല്‍ കൈലാസത്തിലേക്ക് യാത്ര പോയി . യാത്രകളുടെയെല്ലാം ഫോട്ടോസ് അതിന്റെ ടെക്സ്റ്റ്, വീഡിയോ എല്ലാം ഫയല്‍ ചെയ്തു. അതുവച്ച് 2006 ല്‍ കൈലാസ് - മാനസരോവർ യാത്ര എന്ന പേരിൽ മനോരമയുടെ പ്രൊജെക്റ്റായി ഇറക്കി. 10 , 000 വേദികളിൽ അത് പ്രദർശിപ്പിക്കുകയുണ്ടായി.
പവിത്രമായ മാനസരോവറിലെ ജലം ശേഖരിക്കുന്ന തീർത്ഥാടകർ. ജലകുക്കുടത്തെയും കാണാം.ചിത്രം: ബി ജയചന്ദ്രൻ
2006 മുതല്‍ 2012 വരെ ആറു വര്ഷം മുഴുവനായി ഞാന്‍ ട്രാവന്‍കൂര്‍ വിഷ്വല്‍ ഹിസ്റ്ററി പ്രൊജക്റ്റില്‍ എന്‍ഗേജ്ഡ് ആയി. അപ്പോഴാണ് ഹിമാലയന്‍ സെക്ടറില്‍ ഒരു പ്രളയം ഉണ്ടാകുന്നത്. അ സ്ഥലത്ത് വീണ്ടും പോകാന്‍ തീരുമാനിച്ചപ്പോള്‍ 'ആ സെക്ടര്‍ മുഴുവന്‍ യാത്ര ചെയ്ത ഒരു പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവിടേക്ക് വീണ്ടും പോകണമെന്ന്'' സ്ഥാപനത്തെ അറിയിച്ചു. അന്ന് ഞാന്‍ തിരുവനന്തപുരത്തുണ്ട്. ഞാന്‍ വിശാലമായി യാത്രചെയ്ത് ഇത്രയും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ യാത്രാനുമതി നല്‍കി. ഷൂട്ട് ചെയ്ത് തിരിച്ചു വന്ന് അവയുടെ ഒരു എക്‌സിബിഷന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് സ്ഥാപനത്തോട് പറഞ്ഞപ്പോൾ മനോരമയുടെ പേരില്‍ തന്നെ ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് 2016 ല്‍ 'ദൃശ്യ ശൃംഗം' കാശി മുതല്‍ കൈലാസം വരെയുടെ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്. ആദ്യ പ്രൊജെക്റ്റിന്റെ തുടർച്ചയായാണ് അത് ചെയ്തത്.
നർ നാരായണ പർവ്വതങ്ങൾക്കിടയിലെ നീലകണ്‌ഠ കൊടുമുടി. ചിത്രം: ബി ജയചന്ദ്രൻ
'ദൃശ്യ ശൃംഗം' മനോഹരമായ കാഴ്ചകളാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത് ഇവ പകര്‍ത്തിയ അനുഭവം പങ്കുവയ്ക്കാമോ? ഹിമാലയം
കാഴ്ചകള്‍ ഞാന്‍ യാത്ര ചെചെയ്യുമ്പോള്‍ പകർത്തിയതാണ്. രണ്ടു മൂന്നു ക്യാമറകള്‍, ട്രൈപോഡ് എന്നിവ കൂടെ
കരുതും. ഞാന്‍ എവിടെ യാത്ര
ചെയ്താലും അവിടത്തെ ലോക്കല്‍ ടാക്‌സി മാത്രമേ പിടിക്കു. ബസ്സിലാണ്
യാത്രയെങ്കില്‍ കണക്ട് ചെയ്ത കണക്ട് ചെയ്‌തേ പോകൂ. സേഫ് ആന്‍ഡ് സേഫ്റ്റി
അതാണ്. പക്ഷെ ഞാന്‍ ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണില്‍ പോകുമ്പോള്‍ അവിടെ
ആരാണ് എനിക്ക് അപ്രോച്ചബിള്‍ അല്ലെങ്കില്‍ ഹരിദ്വാറില്‍ അവിടത്തെ
സ്വാമിയുമായി എനിക്ക് ബന്ധമുണ്ടാകാം. അദ്ദേഹത്തോട് അന്വേഷിക്കും. അടുത്ത സെക്ടറില്‍
ആരുണ്ടാകുമെന്ന്. അദ്ദേഹം വിശ്വസിക്കാവുന്ന ആളിനെ പറഞ്ഞു തരും. അയാള്‍
വഴിയേ ഓപ്പറേഷന്‍സ് നടത്തു . അദ്ദേഹം സ്ഥലത്തില്ലെങ്കിലും കുഴപ്പമില്ല.
വണ്ടി അറേഞ്ച് ചെയ്തു തരാന്‍ പറയും. അങ്ങനെയാണ് പോകുന്നത്. ഇതിനിടയില്‍
എന്തെകിലും പ്രശ്‌നം വന്നാല്‍ സ്വയം പരിഹരിക്കും. പ്രശ്‌നങ്ങള്‍
ഉണ്ടാകുമെന്നു പറഞ്ഞു പേടിച്ചിട്ട് കാര്യമില്ല. ഒരു സ്ഥലത്തെപ്പറ്റി
നല്ലതുപോലെ പഠിച്ചു പ്ലാന്‍ ചെയ്ത് സ്ഥലത്തെപ്പറ്റി കിട്ടാവുന്ന
പുസ്തകങ്ങളും കൈലെടുത്താണ് യാത്ര.
ഗംഗോത്രിയിലെ ഗംഗാ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന ഗംഗാ ചിത്രം: ബി ജയചന്ദ്രൻ
സ്വന്തം ക്യാമറ ക്യാനോന്‍. ഒഫീഷ്യല്‍ ക്യാമറ
നിക്കോണ്‍. വേറെ പി ഡി 170 യും ഉണ്ട്. ഇപ്പോള്‍ ക്യാനോണിലാണ് ഇങ്ങനെയുള്ള
ക്രീയേറ്റിവ് വര്‍ക്കുകള്‍ ചെയ്യുന്നത്. ആകാശ കാഴ്ചകൾ പകർത്തിയത് വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര ചെയ്താണ്. യുദ്ധമേഖലയിൽ എന്തെങ്കിലും സുരക്ഷയുണ്ടോ? യുദ്ധഭൂമിയിൽ ചങ്കുറപ്പ്‌കൊണ്ട് നേരിട്ട സംഭവം ഓർത്തെടുക്കാമോ ?
മാധ്യമ
പ്രവര്‍ത്തകരെ പട്ടാളവണ്ടിയിയില്‍ ടീമായിട്ടായിരിക്കും കൊണ്ട് പോകുന്നത്.
ഷൂട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. പക്ഷെ നമ്മള്‍
ഒറ്റപ്പെട്ടാല്‍ ഫ്രീഡം വളരെ കൂടും. എപ്പോള്‍ വേണമെങ്കിലും മരിക്കാം എന്ന
ഫ്രീഡം. ശ്രീനഗര്‍ വഴി മീഡിയ യെന്നല്ല ആരെയും കടത്തിവിടില്ല. ആഴ്ച്ചയിലൊരിക്കല്‍ ആര്‍മി കൊണ്ടുപോയി കാണിക്കും. പ്രവേശനത്തിന് കാത്ത്
കിടക്കേണ്ടിവരും. ആ സാഹചര്യത്തില്‍ ഞാനും പാതി ബംഗാളി (അമ്മ മലയാളി)
സുഹൃത്ത് ദി വീക്കിലെ ശശി കുമാറുമായിമായി ചേര്‍ന്ന് ലോക്കല്‍ടാക്‌സി
പിടിച്ചു. സിയാച്ചിന്‍ സെക്ഷനിലൂടെ രാത്രിയിലാണ് യാത്ര. അവിടെ നിന്ന്
ഷെല്‍ വന്നപ്പോള്‍ ഡ്രൈവറുടെ കൈ വിറയ്ക്കാന്‍ തുടങ്ങി. റോഡിനു വശങ്ങളില്‍
അഗാധ ഗര്‍ത്തങ്ങളും. ഡ്രൈവര്‍ക്ക് പെട്ടെന്ന് പനിവന്നു. ആര്‍മി
വാഹനങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ശശികുമാര്‍ ഉടനെ വണ്ടി
നിര്‍ത്തി. അവിടെ പെട്ടെന്ന് ബ്ലോക്കയത് കണ്ടപ്പോള്‍ ലൈറ്റിട്ട് വണ്ടി ഓടിക്കരുതെന്ന് പട്ടാളക്കാര്‍
പറഞ്ഞു. ലൈറ്റില്ലാതെ വണ്ടിയോടിക്കാന്‍ പറ്റില്ല. നമ്മള്‍ വണ്ടിയിനിന്നിറങ്ങി മുന്നില്‍ കണ്ട
മണ്‍പാതയിലൂടെ നടന്ന് അവിടെ അടുത്തുള്ള ആര്‍മി ഹെഡ് കോര്‍ട്ടറില്‍ കയറി ഓഫീസറോട് ഞങ്ങളെ പരിചയപ്പെടുത്തി ഗണ്‍ പോസ്റ്റിലേക്ക് പോകാന്‍ അനുവാദം ചോദിച്ചു.
ചിത്രം: ബി ജയചന്ദ്രൻ
അവിടെ യുദ്ധം നടുന്നു കൊണ്ടിരിക്കയാണ്. നിങ്ങള്‍ക്ക് ഗണ്‍ പോസ്റ്റിലേക്ക് പോകാന്‍ പെര്‍മിഷന്‍ തരാനോ, സുരക്ഷയൊരുക്കാനോയുള്ള
അധികാരമെനിക്കില്ല. ഇവിടെ തങ്ങാനും പറ്റില്ല. പക്ഷെ നിങ്ങള്‍ക്ക് ഇവിടെ
ഷൂട്ട് ചെയ്യാനും മരിക്കാനുമുള്ള അവകാശമുണ്ട്. അത് ഞാന്‍ തടയില്ല.
നിങ്ങളെന്തായാലും ഇവിടെ വന്ന ഇന്ത്യനാണ്. വിശക്കുന്നുണ്ടെങ്കില്‍ കയറി
വന്നാല്‍ ഭക്ഷണം തരാം. എന്ന് ഓഫീസര്‍ പറഞ്ഞു. അപ്പോള്‍ ഇരച്ചു പാഞ്ഞൊരു വണ്ടി വരുന്നുണ്ട് കൈകാണിച്ചു
കയറി. അതില്‍ കമ്പിനി കോറിലെ ഒരു മലയാളി ശിപായി ഉണ്ടായിരുന്നു. കുറച്ചു
യാത്ര ചെയ്ത് ശേഷം വണ്ടിനിര്‍ത്തി ഇരുട്ടില്‍ അവരുടെപ്പം ഇറങ്ങി നടന്ന് ഗൺ പോസ്റ്റ് വരെ പോയി. ഷെൽ പതിച്ചാണ് ഞങ്ങളുടെ വണ്ടിക്ക് പിന്നിലായി യാത്ര ചെയ്ത ബർഖാ ദത്തയുടെ ക്യാമറാമാൻ മരിച്ചത്. നൂറ്റമ്പതു മീറ്റർ മാത്രം വ്യത്യാസത്തിൽ. അവിടെ മരിക്കാന്‍ ആരും തടസ്സം ചെയ്യില്ല.
മാടമ്പ് എങ്ങനെയാണ് പ്രൊജെക്റ്റിന്റെ ഭാഗമായത് സംസ്‌കൃത
പണ്ഡിതനും വേദ പണ്ഡിതനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍ നമ്പൂതിരിയെ ഞാന്‍
ഒരു യാത്രക്കിടയില്‍ യാദൃശ്ചികമായി കഠ്മണ്ഡുവില്‍ വച്ചാണ്
പരിചയപ്പെട്ടത്. അവിടെ എവറസ്റ്റ് കീഴടക്കാൻ വരുന്നവരുടെ പ്രധാന സങ്കേതമായ റം ഡൂഡിൾ എന്ന ക്ലബ്ബിൽ
ഇരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്ബിൽക്കയറിയ എനിക്കാളെ
മനസിലായി. മുമ്പ് ഒരിക്കല്‍ തമ്മില്‍ കണ്ടിട്ടുള്ളതുകൊണ്ട് പരിചയം
പുതുക്കാന്‍ പ്രയാസമുണ്ടായില്ല. അന്ന് മുതല്‍ ഞങ്ങള്‍ നല്ല
സുഹൃത്തുക്കളായി. അദ്ദേഹവും ഒറ്റപ്പെട്ടാണ് അവിടെ വന്നു ചേര്‍ന്നത്. നമ്മളൊരുമിച്ച് കൈലാസ യാത്ര നടത്തിയിട്ടുണ്ട്. അതിനാൽ മാടമ്പിന് അ സെക്റ്ററിനെപ്പറ്റി
നന്നായിട്ട് അറിയാം. ആ അടുപ്പം മാടമ്പിനെ പ്രൊജെക്റ്റിന്റെ ഭാഗമാക്കി. എന്റെ സ്‌ക്രിപ്റ്റിന് നല്ല ഭാഷയും അടുക്കും ചിട്ടയും
ഉണ്ടാക്കിത്തന്നത് മാടമ്പാണ്.
കൈലാസത്തിന്റെ വിദൂര ദൃശ്യം .ചിത്രം: ബി ജയചന്ദ്രൻ
'ട്രാവന്‍കൂര്‍ എ സാഗ ഓഫ് ബെന്‍വോളന്‍സില്‍' ഗൾഫിലെ പ്രമുഖ വ്യവസായി ഡോ. ബി.ആർ. ഷെട്ടിയും, വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും താരങ്ങളായതെങ്ങനെ? ഉത്രാടം
തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ എന്നെ ഏല്പിച്ച വിഷ്വൽ ഡോക്കുമെന്റഷൻ പ്രൊജക്റ്റായിരുന്നു അത്. അതിന്റെ ഭാഗമായിരുന്നു ആ ഡോക്യു് -ഫിക്ഷൻ.
തിരുവിതാകൂറിന്റെ പഴയകാലത്തെ പതിനായിരം വിഷ്വൽസ് ഞാന്‍ ഡോക്കുമെന്റ്
ചെയ്തു. പൊട്ടിപ്പൊളിഞ്ഞ പോയ സാധനങ്ങളെല്ലാം റീക്രീയേറ്റ് ചെയ്തു.
ഡോക്കുമെന്റായിട്ട് മുന്നേറിയപ്പോൾ അവയിൽ നിന്ന് ഓരോന്നും ഉണ്ടാക്കാം എന്ന
ചിന്ത വന്നു. ആദ്യം ചിത്രാലയം മ്യുസിയമുണ്ടാക്കി. രണ്ടാമത് വിഷ്വൽ
ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ എന്ന പുസ്തകം ഇറക്കി. അത് മനോരമ
പ്രസിദ്ധികരിച്ചു. നേരത്തെ ഡോക്കുമെന്റഷൻ നടത്തുമ്പോൾ അവ വീഡിയോയിലും ഞാൻ
പകർത്തിയിരുന്നു. നാലരമണിക്കൂര്‍ ദൈർഘ്യമുണ്ടായിരുന്ന വീഡിയോ പൊതു
പ്രദർശനത്തിന് വേണ്ടി ഒന്നര മണിക്കൂർ ഡോക്യു്-ഫിക്ഷനാക്കാൻ തീരുമാനിച്ചു.
അപ്പോൾ എനിക്കതിൽ അനിഴം തിരുനാൾ മാർത്താണ്ഡവര്‍മയും ധര്‍മരാജയും ആകാൻ
പറ്റിയ ആൾക്കാർ വേണം. അതിന്റെ അന്വേഷണത്തിനിടയിലാണ് യാദൃശ്ചികമായി സുധീര്‍ കുമാര്‍ ഷെട്ടി (സിഒഒ - ഗ്ലോബൽ ഓപ്പറേഷൻസ്, യുഎഇ എക്സ്ചേഞ്ച്) യെ കോട്ടയ്ക്കകത്ത് വച്ച് കാണുന്നത്. നല്ല പൊക്കവും
നീണ്ടമുഖവും വീതിയുള്ള നെറ്റിയുമുള്ള അദ്ദേഹം മാർത്താണ്ഡവര്‍മക്ക്
പറ്റിയതാണെന്ന് തോന്നി. ഉത്രാടം തിരുനാൾ മാര്‍ത്താണ്ഡവര്‍മ്മക്ക് ഷെട്ടിമാരുമായി അടുപ്പമുണ്ടായിരുന്നു. അഭിനയമൊന്നുമില്ല. ഒരു മോഡലിനെ
ആവിശ്യമുണ്ടായിരുന്നുള്ളൂ. ഞാനദ്ദേഹത്തോട് എന്റെ ആവിശ്യം അറിയിച്ചു. അതിനു
സമ്മതിച്ച അദ്ദേഹം രണ്ടു ദിവസത്തെ ലീവെടുത്ത് വന്നു മാർത്താണ്ഡവര്‍മയായി.
പത്മനാഭപുരം കൊട്ടാരത്തിലായിരുന്നു ഷൂട്ട്. ധര്‍മരാജയാകാൻ നമ്മുടെ ഓഫീസിലെ
കുറച്ചു തടിയുള്ള സജികുമാറിനെ ഞാൻ കണ്ട് വച്ചിരിക്കുകയായിരുന്നു. പക്ഷെ
തമ്പുരാനായി ധര്‍മരാജയുടെ കാര്യം ചർച്ചചെയ്തപ്പോൾ പറ്റിയ ഒരാളെത്തരാം
എന്ന് പറഞ്ഞു ഡോ. ബി.ആര്‍. ഷെട്ടി (അബുദാബി ബേസ്ഡ് എന്‍എംസി ഹെല്‍ത്ത് കെയർ ഫൗണ്ടർ ആൻഡ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാൻ, ചെയര്‍മാൻ ഓഫ് യുഎഇ എക്‌സ്ചേചേഞ്ച്) യെ വിളിച്ചു. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി
അദ്ദേഹം ഇവിടെ വന്നു. അങ്ങനെയാണ് ഷെട്ടിമാർ പ്രൊജെക്റ്റിന്റെ ഭാഗമായത്. 2011 ലെ മികച്ച ഡോക്യൂമെന്ററി സിനിമക്കുള്ള സംസ്ഥാന പുരസ്കാരം ഇതിനായിരുന്നു ലഭിച്ചത്.
35 വര്ഷമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ആ സ്ഥാപനം വളരെയധിയകം സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ എന്താണ് അതിനു പിന്നിലുള്ള രസതന്ത്രം ? ആദ്യകാലത്ത് ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പല സ്ഥാപനങ്ങളിലും ഇന്റേണ്‍ഷിപ് ചെയ്തിട്ടുണ്ട്. ആ അനുഭവത്തിലും സുഹൃത്തുക്കളുടെ അനുഭവത്തിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു പ്രൊഫഷണല്‍ സ്ഥാപനമാണ് മലയാള മനോരമ. ജീവനക്കാരെ ഇത്രത്തോളം മികച്ച പ്രൊഫെഷണലുകളാക്കി വാര്‍ത്തെടുക്കുന്ന മറ്റൊരു സ്ഥാപനം ഇന്ത്യയിലോ, കേരളത്തിലോ ഉണ്ടായിട്ടില്ല. പ്രൊഫഷനെ ഏറ്റവും കൂടുതല്‍ ആരാധിക്കുകയും അതില്‍ ജീവിതം കണ്ടെത്തുന്ന ഒരാളാണ് ഞാന്‍. അതിനാവശ്യം പക്കാ പ്രൊഫഷണലിസമുള്ള ഒരു സ്ഥാപനമാണ്. തിരക്കുപിടിച്ച ജോലിക്കിടയില്‍ ധാരാളം യാത്രകള്‍ക്കും ഇത്തരം സൃഷ്ടികള്‍ക്കുമുള്ള സമയം എങ്ങനെ കിട്ടുന്നു ഒരു
കാര്യം ചെയ്യാമെന്ന തീരുമാനം ഉണ്ടെങ്കില്‍ സമയം ഒരു പ്രശ്‌നമല്ല എന്ന്
ഒരിക്കല്‍ എന്നോട് ഡി ബാബുപോള്‍ സാര്‍ പറഞ്ഞിട്ടുണ്ട്. എന്റെ ദിന ജോലി
മനസ്സില്‍ അപ്ലൈ ചെയ്യേണ്ട കാര്യമില്ല.
വാരണാസി/കാശി/ബനാറസ് കണ്ട് ഗംഗയിലൂടെ ഒരു യാത്ര ചിത്രം: ബി ജയചന്ദ്രൻ
ഞാനിപ്പോള്‍ സെക്രട്ടറിയേറ്റിന്റെ
നടയില്‍ ഒരു പടമെടുക്കാന്‍ പോകുന്നുവെങ്കില്‍ എനിക്കതില്‍ മനസ്സ് അപ്ലൈ
ചെയ്യേണ്ട. അപ്പോള്‍ ഞാനത് ക്ലിക്ക് ചെയ്യുമെങ്കിലും മനസ്സില്‍ വേറെ
എന്തൊക്കെ പാഞ്ഞു കൊണ്ടിരിക്കും. അതിപ്രാധാന്യമുള്ള മറ്റ്
വര്‍ക്കുകള്‍ക്ക് അത് വേണ്ടി വരും. ക്രീയേറ്റിവ് വര്‍ക്ക് വ്യത്യസ്തമാണ്. ആഗ്രഹവും വാശിയുമുണ്ടെങ്കില്‍ ചെയ്യാന്‍
പറ്റാത്തതായി ഒന്നുമില്ല.
കുടുംബം ഭാര്യ ശശികല. പാങ്ങപ്പാറ ഹെല്‍ത് സെന്ററില്‍ ഒപ്‌റ്റോമെട്രിസ്റ്റ്. രണ്ടു പെണ്‍മക്കള്‍. മൂത്ത മകള്‍ ആര്‍ച്ച ബാംഗ്ലൂര്‍ ഹെച്പിയില്‍ മാര്‍ക്കറ്റിംഗ് അനലിസ്റ്റ്. എഞ്ചിനീയറിങ് കഴിഞ്ഞിട്ട് സിംഗപ്പൂര്‍ എന്‍യുസിയില്‍ നിന്ന് എംഎസ് നേടി. ബാംഗ്ലൂര്‍ ഐടിസിയില്‍ ഹെച്ആര്‍ മാനേജരായ ഭര്‍ത്താവ് ജോജിന്‍ ജോസഫുമായി അവിടെ താമസിക്കുന്നു. ഇളയ മകള്‍ ആര്‍ഷ എഞ്ചനീറിങ് കഴിഞ്ഞ് ബാംഗ്ലൂരില്‍ യുഎസ് കമ്പിനി സിനോപ്സിസില്‍ ഉദ്യോഗസ്ഥ.
ബി ജയചന്ദ്രൻ, ജോജിന്‍ ജോസഫ്, ആര്‍ച്ച, ശശികല, ആര്‍ഷ
ഇനിയുള്ള ലക്ഷ്യം
എനിക്കിപ്പോള്‍ ജോലി ചെയ്യാന്‍ ശാരീരിക പ്രശ്‌നങ്ങളില്ല. അതുണ്ടായാല്‍ അപ്പോള്‍ നിര്‍ത്തും. ചിത്രകാരനും ആർബി ആർട്സ് സ്ഥാപകനുമായിരുന്ന പിതാവ് ടി.ആർ. ഭാസ്കരൻ നായരുടെ പാത പിന്തുടർന്ന് ആ മേഖലയിൽ കൂടുതൽ പ്രവർത്തിക്കാനാണ് ഞാൻ
ആഗ്രഹിക്കുന്നത്.
അമർനാഥ് ഗുഹാക്ഷേത്രം. ചിത്രം: ബി ജയചന്ദ്രൻ -
സമയമില്ലെന്ന് പറയുന്നവർക്ക് ഒരത്ഭുതമാണ് ബി. ജയചന്ദ്രൻ. തിരക്കുള്ള അതീവ ഉത്തരവാദിത്വമുള്ള ജോലിക്കിടയിൽ യാത്രയ്ക്ക് സമയം കണ്ടെത്തുകയും,അന്വേഷണ കുതകിയാവുകയും, എഴുതുകയും, സിനിമ സംവിധാനം ചെയ്യുകയും ചെയ്യുന്ന ബി ജയചന്ദ്രനെ ആർക്കും മാതൃകയാക്കാം. ശാന്തത , ലാളിത്യം, ക്ഷമ, നന്മ എന്നിവ കൂട്ടുകാരായ അദ്ദേഹത്തിന്റെ മനസ്സിൽ നമ്മൾ ഇതുവരെ കണ്ടവയെക്കാൾ ഗംഭീരമായ മറ്റ് പ്രൊജെക്റ്റുകൾ കൂടുകൂട്ടിയിട്ടുണ്ടാകാം. അവയുടെ പൂർണതക്കായി നമുക്ക് കാത്തിരിക്കാം.