ഒരു ദിവസത്തെ പത്രത്തില്‍ അടിച്ചുവരുന്ന ചിത്രം നോക്കി ഒരു ഫോട്ടോഗ്രാഫറേയും വിലയിരുത്തരുത്::പി അഭിജിത്
SUNIL KUMAR
Photo by:V V Biju
ഫോട്ടോ ജേർണലിസ്റ്റാകാൻ ആഗ്രഹിക്കുന്ന യുവാക്കൾ തീര്ച്ചയായും വായിച്ചിരിക്കേണ്ട അഭിമുഖം.
ഒരു സ്റ്റിൽ ക്യാമറയിൽ വർണചിത്രമെടുക്കാൻ ആരെക്കൊണ്ടും കഴിയും. പക്ഷെ,അർഥവും സമയവും ചെലവഴിച്ച് ചിത്രങ്ങൾ കോർത്തിണക്കി സമൂഹനന്മക്കായി നീണ്ടനാൾ പ്രദര്ശനം ഒരുക്കുന്നവർ അപൂർവം മാത്രം. അങ്ങനെയുള്ള അപൂർവം ചില ഫോട്ടോ ജേർണലിസ്റ്റുകളിൽ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോൾ തിരുവനന്തപുരം മാധ്യമം ബ്യുറോയിൽ പ്രവര്ത്തിക്കുന്ന പി അഭിജിത്.
അഭിജിത്തിന്റെ പ്രദര്ശന ചിത്രങ്ങൾ കാണാൻ - ക്ലിക്ക് വാച്ച് വീഡിയോ
2005ൽ സിറാജിലൂടെ പ്രവര്ത്തനം തുടങ്ങിയ അഭിജിത് തന്റെ കർമ മേഖലയിൽ 10 വര്ഷം കടന്നിരിക്കുന്നു. ഇതിനിടയിൽ 2007 ലാണ് കേരളസമൂഹം അവജ്ഞയോടെ കണ്ടിരുന്ന ഹിജഡസമൂഹത്തിന്റെ ജീവിത ചിത്രങ്ങളുടെ പ്രദര്ശനത്തിന് അഭിജിത് തുടക്കമിട്ടത്. എട്ടുവര്ഷംകഴിഞ്ഞു 2015ലെത്തുമ്പോഴും ആ ചിത്രങ്ങൾ പ്രദര്ശനങ്ങളിലൂടെ ഹിജഡ സമൂഹത്തിന്റെ നന്മക്കായി വാദിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ഗുണവും ആ സമൂഹത്തിനു കിട്ടിക്കൊണ്ടിരിക്കുന്നു. പത്രരംഗത്തും അല്ലാതെയും 13 വര്ഷത്തോളം ഫോട്ടോഗ്രാഫി പരിചയമുള്ള പി അഭിജിത് തന്റെ ഫോട്ടോ പ്രദര്ശന-ഫോട്ടോ ജേർണലിസ്റ്റ് അനുഭവങ്ങൾ അയ്യോ!യോടു പങ്കുവച്ചപ്പോൾ.
ഹിജഡകളെ കുറിച്ച് ഫോട്ടോസ്‌റ്റോറി ചെയ്യാനുളള കാരണം? ഫോട്ടോഗ്രാഫറായ സുഹൃത്ത് അജിലാലിനൊപ്പം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവാകം എന്ന സ്ഥലത്തെ കൂത്താണ്ടവ ക്ഷേത്രത്തിലെ ഉത്സവത്തിനു പടമെടുക്കാന്‍ പോയതാണ് എന്നെ ഇതിലേക്ക് നയിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിജഡകള്‍ സംഗമിക്കുന്ന ഉത്സവമാണത്. പലവേഷങ്ങളിലും,പ്രായത്തിലുംമുളള ഹിജഡകളെ അന്നാണ് ഞാനാദ്യമായി നേരിട്ടുകണ്ടത്. അക്കൂട്ടത്തിലെ കുറച്ചു പേരെ പരിചയപ്പെടുകയും അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. പക്ഷെ, അവിടുന്ന് തിരിച്ചു വീട്ടിലെത്തിയിട്ടും മനസ്സില്‍ പതിഞ്ഞ അവരുടെ ചിത്രങ്ങള്‍ മാഞ്ഞു പോയിരുന്നില്ല അത് എന്നില്‍ അവരെക്കുറിച്ച് പല ചോദ്യങ്ങളും ഉന്നയിക്കാന്‍ തുടങ്ങി അങ്ങനെയാണ് ചോദ്യങ്ങള്‍്ക്കുള്ള ഉത്തരം തേടി ഹിജഡകളെക്കുറിച്ചറിയാന്‍ ഇറങ്ങിപുറപ്പെട്ടത്. തുടര്‍ന്ന് നിരവധി യാത്രകള്‍ നടത്തിയും ധാരാളം ഹിജഡകളെ പരിചയപ്പെടുകയും അവരോടൊപ്പം താമസിച്ചും ഞാന്‍ നേടിയ അറിവുകള്‍ കേരളത്തിലെ പോതുസമൂഹത്തെക്കൂടി ബോധ്യപ്പെടുത്തെിക്കൊടുക്കേണ്ട ഒരു കടമ ഫോട്ടോജേര്‍ണലിസ്റ്റായ എനിക്കുണ്ടെന്ന് മനസ്സിലാക്കിയാണ് 2007 ല്‍ ആദ്യ ഫോട്ടോ പ്രദര്ശനം കോഴിക്കോട് സംഘടിപ്പിച്ചത്.
ആദ്യ പ്രദര്‍്ശനം നടത്തി എട്ടുവര്‍്ഷം പിന്നിടുമ്പോള്‍ ഹിജഡസമൂഹത്തിന് അനുകൂലമായ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നുണ്ടോ? ഹിജഡസമൂഹത്തിന് അനുകൂലമായ സുപ്രീംകോടതി വിധി,രാജ്യസഭയിലെ ഡി എം കെ മന്ത്രി ട്രിച്ചി ശിവയുടെ ബില്ലവതരണം,ഇവര്ക്കനുകൂലമായ നടപടിയെടുക്കുന്ന ഘട്ടത്തിലേക്ക് കേന്ദ്രസര്‍ക്കാരെത്തുന്നു,കേരള നിയസഭ സമ്മേളനത്തിൽ സാമൂഹിക നീതി വകുപ്പ് മന്ത്രി എം കെ മുനീര് സഭാ ചരിത്രത്തിലാദ്യമായി കേരളത്തിലാകെ 4000 ട്രാൻസ് ജെണ്ടറുകളുണ്ടെന്നു പ്രസ്താവിക്കുന്നു, കേരളത്തിൽ ട്രാൻസ്ജെണ്ടർ വെൽഫയര് ബോർഡ് സ്ഥാപിക്കാൻ ആലോചിക്കുന്നതായി മന്ത്രി എം കെ മുനീര് പറയുന്നു, തുടങ്ങിയ നല്ല കാര്യങ്ങള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞു. അതുമാത്രമല്ല, പുതുതലമുറക്കും അവരെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുന്നു. ഹിജഡകളിലെ ചിലര്‍ ആത്മകഥ എഴുതുകയും അത് സര്‍വകലാശാലകളില്‍ പഠനവിഷയവും ആയിക്കഴിഞ്ഞു. ഇങ്ങനെയുള്ള ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ക്ക് എന്റെ ഫോട്ടോ പ്രദര്ശ്‌നങ്ങളും ചെറിയ പങ്കുവഹിച്ചിട്ടുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. പക്ഷെ, എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ഇവരെ അംഗീകരിക്കാത്ത ജനങ്ങളുടെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത് അതില്ലാതെ മറ്റെന്തു മാറ്റമുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.
ഹിജഡ-ട്രാന്‍സ്‌ജെണ്ടേര്‌സിന്റെ ജീവിതത്തിലേക്ക് ക്യാമറയുമായി കയറിച്ചെന്നു ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചത് എങ്ങനെയാണ്?വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? ഹിജഡസമൂഹത്തിന്റെ ജീവിതത്തിലെ തികച്ചും വ്യക്തിപരമായ ചിത്രങ്ങള്‍ പകര്‍്ത്തണമെങ്കില്‍ എനിക്കവരോടൊപ്പം ഇടപഴകേണ്ടതും താമസിക്കേണ്ടതുമുണ്ട്. അങ്ങനെ അതിന്റെ സാധ്യതകള്‍ അന്വേഷിച്ച് പല സംഘടനകളുമായി ബന്ധപ്പെട്ടപ്പോള്‍ ഒന്നോ രണ്ടോ ആള്‍ക്കാരെ വിളിച്ചുവരുത്തി ഇന്റര്‍വ്യൂ ചെയ്യാമെന്നല്ലാതെ മറ്റ് ഏതൊരു റിസ്‌ക്കും ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ടും നിരാശനാകാതെ ഞാന്‍ തുടര്‍ അന്വേഷണം നടത്തി പലരെയും പരിചയപ്പെട്ടു. അവരില്‍ ചിലരുടെ വീട്ടില്‍പ്പോയി ഇന്റര്‍വ്യൂ ചെയ്തു. അങ്ങനെ പരിചയപ്പെട്ട ഒരു മലയാളി ഹിജഡയുടെ ആത്മകതയെഴുതിയ ട്രാന്‍സ്‌ജെണ്ടർ ജെറീനയുടെ സഹായത്താലാണ് ബംഗളുരുവിൽ കുറച്ചുപേരുടെ വീട്ടില്‍പ്പോയി താമസിച്ച് പടമെടുക്കാന്‍ സാധിച്ചത്. തുടർന്ന് ആന്ധ്ര,തമിഴ്നാട് എന്നിവിടങ്ങളിലും യാത്രചെയ്തു അവിടങ്ങ്ളിലും പരിചയപ്പെട്ടവരുടെ സഹാത്താലാണ് കൂടുതൽ ചിത്രങ്ങൾ പകര്ത്തിയത്. ആദ്യം എന്നെ സംശയത്തോടെ മാത്രം വീക്ഷിച്ച അവര്‍ എന്റെ ഉദ്ദേശം നല്ലതിനാണെന്ന് മനസ്സിലാക്കിയതിനു ശേഷമാണ് പടമെടുക്കാന്‍ സമ്മതിച്ചത്. അവരില്‍ ചുരുക്കം ചില ആളുകള്‍ മാത്രമാണ് വിസമ്മതിച്ചത്. അവരെ നിര്‍ബന്ധിക്കാനും പോയില്ല. വിസമ്മതിച്ചവരില്‍ അധികവും മലയാളി ഹിജഡകളായിരുന്നു. കേരളത്തില്‍ നിന്ന് നാടുവിട്ടുവന്നവര്‍. തങ്ങള്‍ കാരണം നാട്ടിലുള്ള അച്ഛനമ്മമാര്‍ക്ക് ഇനിയും ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്നുകരുതിയാണ് അവര്‍ ക്യാമറക്ക് മുന്നില്‍ നില്‍്ക്കാത്തതെന്നു മനസ്സിലാക്കിയത് എന്നെ വേദനിപ്പിച്ചു. അച്ഛനമ്മമാര്‍ക്ക് വേണ്ടെങ്കിലും ഇവര്‍ എത്രമാത്രമാണ് അവരെ സ്‌നേഹിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞനിമിഷമായിരുന്നു അത്.
ഈ പ്രവ്ര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഭീഷണിയോ എതിർപ്പുകളോ അനുഭവപ്പെട്ടിരുന്നോ? ഭീഷണിയോ എതിർപ്പോ ഉണ്ടായിട്ടില്ല. ആദ്യം പല ആള്‍ക്കാരും നിരുത്സാഹപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ ശക്തമായ പിന്തുണ ലഭിച്ചതിനാല്‍ മറ്റുള്ളവയൊന്നും കാര്യമാക്കാതെ നല്ലരീതിയില്‍ത്തന്നെ ഫോട്ടോസ്‌റ്റോറി പൂര്ത്തിയാക്കാന്‍ പറ്റി. പിന്നെ ഞാനാദ്യമായി പ്രദര്‍്ശനം നടത്തിയപ്പോള്‍ ഹിജഡയുടെ ഒരു നഗ്‌ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെയും പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് കാണുന്ന പൊതുജനം എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു അവരുടെ ആശങ്ക. അവിടെ ഞാന്‍ ഉറച്ച നിലപാടെടുത്ത് ആ ചിത്രം പ്രദര്‍ശിപ്പിച്ചു. കാരണം ഹിജഡകൾ വെറുതെ വേഷം കെട്ടി നടക്കുകയല്ല ലിംഗ മാറ്റ ശസ്ത്രക്രീയകൾക്ക് വിധേയരായിട്ടുള്ളവർക്കൂടി ആക്കൂട്ടത്തിലുണ്ടെന്നു പൊതുസമൂഹത്തെ കാണിച്ചു കൊടുക്കേണ്ടത് എന്റെ കടമയായിരുന്നു. ആ ചിത്രം ഉള്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ പ്രദര്‍്ശനത്തിന്റെ ആത്മാവുതന്നെ നഷ്ടപ്പെടുമായിരുന്നു.
ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ മറ്റു ഒരുപാട് വിഷയങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നിരിക്കെ ഇത്രയും നാള്‍ ഇതില്‍ തന്നെ ഉറച്ചുനില്ക്കാന്‍ കാരണം? ഒരു ഫോട്ടോ പ്രദര്‍ശനത്തോടെ ഈ വിഷയം അവസാനിപ്പിക്കാമെന്നു ഞാന്‍ കരുതിയതാണ.് പക്ഷെ,ഇതുമായി ബന്ധപ്പെട്ട പുതിയ പുതിയ ഡെവലപ്പ്‌മെന്റ്‌സ് ഉണ്ടാകുന്നതുകാരണം ഫോട്ടോ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടേണ്ടത് എന്റെ കടമയായി. ആദ്യം ഇതിന്റെ വാര്ത്തകളെത്തേടി ഞാന്‍ പോയിരുന്നുവെങ്കില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ എന്നെത്തേടി വരുന്ന സ്ഥിതിയാണ്. അതിനാല്‍ ഇത് നിര്‍ത്തി മറ്റൊന്നിലേക്ക് പോകാന്‍ കഴിയുന്നില്ല.
ഇത്തരം ഒരു വിഷയത്തിനുവേണ്ടി നീണ്ടനാള്‍ പ്രവര്ത്തിക്കേണ്ടിവരുമ്പോള്‍ സാമ്പത്തികം ഒരു പ്രധാനവിഷയം ആകാറില്ലേ? തീര്‍്ച്ചയായും അതൊരു പ്രാധാന വിഷയം തന്നെയാണ്. എട്ടുവര്‍ഷത്തെ പ്രവര്ത്തനത്തിനുവേണ്ടി എന്റെകൈയ്യില്‍നിന്നു ധാരാളം പണം പോയതല്ലാതെ ഒന്നും തിരിച്ചുകിട്ടിയിട്ടില്ല. സാമ്പത്തികം മുന്നില്‍ കണ്ടല്ല ഞാനിതിലേക്ക് ഇറങ്ങിത്തിരിച്ചതും. നമ്മളാല്‍ കഴിയുന്നത് എന്തെങ്കിലും സമൂഹത്തിനുവേണ്ടി ചെയ്യുക എന്ന കാഴ്ചപ്പാടിലാണ് ഈ വിഷയം ഏറ്റെടുത്തത്. രാഷ്ടീയക്കാര്‍,മനുഷ്യാവകാശ-ഇതരസംഘടനകള്‍ ആരും തന്നെ തിരിഞ്ഞുനോക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവഗണനനേരിടുന്ന ഒരു വിഭാഗത്തിന്റെ കയ്‌പ്പേറിയ ജീവിതം ചിത്രങ്ങളിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുമ്പോള്‍ കിട്ടുന്ന ആത്മസംത്യപ്തി എത്ര പണം കൊടുത്താലും എനിക്ക് കിട്ടില്ല.
സർക്കുലേഷൻ കൂടുതലുള്ള പത്രത്തിലെ ഫോട്ടോഗ്രാഫർ ആയ ഒരാൾ പത്രത്തിൽ ഫോട്ടോ വരുത്തി സമൂഹത്തോട് സംവദിക്കാതെ പണവും,സമയവും ചെലവഴിച്ച് എന്തിന് പ്രത്യകമായി ഫോട്ടോപ്രദര്ശനം നടത്തണം? ജനങ്ങളെ ബാധിക്കുന്ന നിരവധി സംഭവങ്ങളെ വർക്ക്‌ഔട്ട് ചെയ്യാൻ ഒരു പത്ര ഫോട്ടോഗ്രാഫർക്ക് കഴിയും. പക്ഷെ, ആ ഉദ്ദേശത്തോടെ ചെയ്യുന്ന പല ചിത്രങ്ങളും വാര്ത്തകളും പത്ര സ്ഥാപനങ്ങൾ ഒഴിവാക്കപ്പെടുന്നുണ്ട്. അതിനു ചില ബാഹ്യഇടപെടലുകളും കാരണമാകും. അങ്ങനെവരുമ്പോഴാണ് ഫോട്ടോഗ്രാഫർമാർ തങ്ങൾക്ക് സ്വതന്ത്രമായി സമൂഹത്തോട് സംവദിക്കാൻ കഴിയുന്ന മാധ്യമങ്ങളായ സോഷ്യൽ മീഡിയ,ഫോട്ടോ പ്രദര്ശനം എന്നിവയിലേക്ക് തിരിയാൻ നിർബന്ധിതരാകുന്നത്.
നവമാദ്യമങ്ങള്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിലെ ന്യൂജെന്‍ ഫോട്ടോജേര്‍ണലിസ്റ്റുകള്‍ക്ക് എന്തുപദേശമാണ് നല്‍കാനുള്ളത്? അത്യാവിശ്യം കളര്‍ഫുള്‍ ആയ ഒരു ചിത്രമെടുത്ത് ഫോട്ടോഷോപ്പില്‍ കയറ്റി കുറച്ചുകൂടെ നന്നാക്കി സോഷ്യല്‍ മീഡിയയിലിട്ട് കിട്ടുന്ന ലൈക്കില്‍ മാത്രം ഫോട്ടോഗ്രാഫിയെ വിലയിരുത്താതെ നമ്മുടെ ഇപ്പോഴത്തെ ജീവിതാവസ്ഥകളെ ചിത്രീകരിക്കാന്‍ കഴിയണം. മറ്റൊന്ന് മറ്റൊരാള്‍ ചെയ്ത വര്‍ക്ക് കണ്ടു അതേപടി അനുകരിക്കുന്ന രീതി ഇന്ന് ന്യൂജെനിന്റെ ഇടയില്‍ കണ്ടുവരുന്നുണ്ട്. അത്തരക്കാര്‍ പുതിയ ഒരു സംഭവം കണ്ടെത്തി അതില്‍ പരമാവധി വര്‍ക്ക്ഔട്ട് ചെയ്തു റിസള്‍ട്ടുണ്ടാക്കുക. എത്രപെട്ടെന്ന് ചെയ്തു എന്നല്ല എത്ര ആഴത്തില്‍ ചെയ്തു എന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ വര്‍ക്ക് വിലയിരുത്തപ്പെടുന്നത്.
ഇന്നത്തെക്കാലത്ത് ഒരു ഫോട്ടോജേര്‍ണലിസ്റ്റിന്റെ പ്രധാന വെല്ലുവിളി എന്താണ്? ഈ് ഡിജിറ്റല്‍ യുഗത്തില്‍് എല്ലാവരുടെ കൈയിലും ക്യാമറയുണ്ട്. ഒരുസ്ഥലത്ത് നിന്ന് പടം എടുക്കുമ്പോള്‍ അതിനിടയില്‍ നിന്ന് വ്യത്യസ്തമായ ഒരു പടം എടുക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. പിന്നെ എന്റെ അഭിപ്രായത്തില്‍ ഇന്ന് ഫോട്ടോജേര്‍ണലിസ്റ്റുകളുടെ ജോലി ചിലദിവസങ്ങളില്‍ സെഞ്ച്വറി അടിക്കുകയും ഡക്ക് ഔട്ടാവുകയും ചെയ്യുന്ന ബാറ്റ്‌സ്മാനെപ്പോലെയാണ്. ചിലസമയത്ത് ഭാഗ്യത്തിന്റെ ആനുകൂല്യം ഒരാള്‍ക്ക് നല്ല പടങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഫ്രാക്ഷന്‍ ഓഫ് സെക്കണ്ടില്‍ മറ്റൊരാള്‍ക്ക് നല്ല പടങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് ഒരു ദിവസത്തെ പത്രത്തില്‍ അടിച്ചുവരുന്ന ചിത്രം നോക്കി നമുക്കൊരു ഫോട്ടോഗ്രാഫറെയും വിലയിരുത്താന്‍ കഴിയില്ല.
ഒരു ഫോട്ടോജേര്‍ണലിസ്റ്റിനു അത്യാവശം വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്? നിര്‍ബന്ധമായും പത്രം വായിച്ച് അതതു ദിവസങ്ങളിലെ പ്രധാന വാര്ത്തകളെക്കുറിച്ച് അറിവുണ്ടാക്കണം. ചുറ്റിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അവബോധാമുണ്ടാകണം. അത്യാവിശ്യം പൊതുവിജ്ഞാനവും എഴുതുവാനുള്ള കഴിവും ഉണ്ടായിരിക്കണം. ഇത്രയും കാര്യങ്ങള്‍ ക്യാമറക്കൊപ്പം കൈമുതലായിട്ടുണ്ടെങ്കില്‍ മെച്ചപ്പെട്ട ചിത്രങ്ങള്‍ എടുക്കാനാകും.
ഒരു പത്രഫോട്ടോഗ്രാഫർ അല്ലെങ്കിൽ അയാളുടെ ചിത്രങ്ങൾ മികച്ചതാണെന്നും ഇല്ലെന്നും എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്? ഒരു ചിത്രം ജങ്ങളിലേക്ക് എത്രപ്പെട്ടെന്നു കമ്മ്യുണീക്കേറ്റ് ചെയ്യുന്നു എന്ന് നോക്കിയാണ് ഒരു ഫോട്ടോഗ്രാഫർ അല്ലെങ്കിൽ ചിത്രങ്ങളെ വിലയിരുത്തുന്നത്. എടുക്കുന്ന ചിത്രത്തെ കമ്മ്യുണിക്കേറ്റ് ചെയ്യിക്കാൻ പറ്റിയാൽ ഫോട്ടോഗ്രാഫർ വിജയിക്കും. ഇല്ലെങ്കിൽ കാഴ്ചയിൽ എത്രതന്നെ ഭംഗിയുള്ള ചിത്രമെടുത്താലും അയാൾ പരാജയപ്പെടും.
കിട്ടിയ അംഗീകാരങ്ങള്‍ ഈ അടുത്തകാലത്ത് അവാര്‍ഡിനായി ചിത്രങ്ങള്‍ അയച്ചുതുടങ്ങിയ എനിക്ക് രണ്ടു അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. റോഡ് സേഫ്റ്റി വിഷയമാക്കിയ ചിത്രത്തിന് റാഫ് എന്ന സംഘടനയുടെ സംസ്ഥാനഅവാര്‍ഡും, മറ്റൊന്ന് വീട്ടിലേക്കു തിരയടിച്ച്‌കേറുന്ന ചിത്രത്തിനു മത്സ്യ തൊഴിലാളി സംഘടനയുടെ രാജീവ്ഗാന്ധി മെമ്മോറിയല്‍ അവാര്‍ഡും.
കുടുംബം കോഴിക്കോട് നടക്കാവ് ആണ് ജന്മസ്ഥലം. ഇപ്പോള്‍ തിരുവനന്തപുരത്തെ കൈതമുക്കില്‍ താമസിക്കുന്നു. ഭാര്യ ശോഭില,മക്കളായ മകള്‍ ഗാഥ,മകന്‍ ഗൌതം, അച്ഛന്‍ ബാലകൃഷ്ണന്‍ അമ്മ ലക്ഷ്മിദേവി അനിയന്‍ അഞ്ചിത് എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം.
സമൂഹനന്മ ആഗ്രഹിക്കുന്ന ഫോട്ടോജേർണലിസ്റ്റുകൾ ഇത്തരത്തിൽ കഴിയുന്ന വിധം വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളുടെ ഫോട്ടോസ്റ്റോറി ചെയ്യാൻ തയ്യാറാകണം എന്ന അഭിപ്രായം പങ്കുവച്ചുകൊണ്ട് പി അഭിജിത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.