സിനിമ ചെയ്ത് അതിന്റെ സുഭിക്ഷിതയില്‍ മാത്രം ജീവിക്കാന്‍ താൽപര്യമില്ല::പ്രമോദ് പയ്യന്നൂർ
SUNIL KUMAR
പ്രമോദ് പയ്യന്നൂർ നാടകത്തിൽ ദീർഘനാൾ പ്രവര്ത്തിച്ച് സിനിമയിലെത്തുമ്പോൾ പോറ്റിവളർത്തിയ നാടകതറവാടിനെ എന്നന്നേക്കുമായി മറക്കുകയും തള്ളിപ്പറയുകയുംചെയ്യുന്ന സിനിമാക്കാരിൽ വ്യത്യസ്തനാണ് പ്രമോദ് പയ്യന്നൂർ. ബാല്യകാലസഖിയെന്ന ശ്രദ്ധേയ ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രമോദ് ഒരു വർഷത്തെ ഇടവേളക്കിടയിൽ മറ്റു ചിത്രങ്ങൾ ചെയ്തിട്ടില്ല. പക്ഷെ,നാടകത്തെ ബന്ധപ്പെടുത്തി മിനിസ്ക്രീനിലും സ്റ്റേജിലും നിരവധി പരീക്ഷണ സൃഷ്ടികൾ നടത്തിക്കഴിഞ്ഞു. ചിലത് അണിയറയിൽ ഒരുങ്ങുകയാണ്. ഒപ്പം തന്നെ തന്റെ പുതിയ ചിത്രത്തിന്റെ രചനയിലുമാണ്. നാടകത്തേയും സിനിമയേയും മിനിസ്ക്രീനിനെയും ഒരുപോലെ സ്നേഹിക്കുന്ന പ്രമോദ്പയ്യന്നൂരിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് അയ്യോ! നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു.
പുതിയ ചിത്രം ഉടനെ ഉണ്ടാകുമോ?
ബാല്യകാലസഖിക്കുശേഷം മൂന്നു കഥകള്‍ കേട്ടിരുന്നു. അതിലൊന്നിന്റെ തിരക്കഥ രചനയിലാണിപ്പോള്‍. ആറു മാസം കഴിഞ്ഞേ ചിത്രീകരണം ആരംഭിക്കു. വളരെ സമയമെടുത്ത് ആലോചിച്ച് സസൂക്ഷ്മമാണ് പുതിയ ചിത്രത്തെ സമീപിക്കുന്നത്. ബാല്യകാലസഖി എന്ന വലിയ പ്രൊജക്റ്റ് ചെയ്തു സിനിമയിലേക്ക് കടന്നുവന്ന സംവിധായകന്‍ എന്ന നിലക്ക് ആ സിനിമ നേടിത്തന്ന ഇമേജ് നിലനിര്‍ത്തുക എന്ന കാഴ്ചപ്പാടോടെയായിരിക്കും പുതിയ സിനിമ ചെയ്യുക .
ആദ്യ സിനിമയെപ്പോലെ പ്രശസ്ത സാഹിത്യസൃഷ്ടിതന്നെയാണോ പുതിയ സിനിമ? അല്ല,കഥയുണ്ടാക്കിയാണ് പുതിയ സിനിമ ചെയ്യുന്നത്. ന്യു ജെനറേഷൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന പുതിയ കാലഘട്ടത്തിന്റെ സിനിമയാണത്. വളരെ വേഗത്തില്‍ പോകുന്ന ഒരു സിനിമ. മലയാളത്തിലെ തിരക്കുള്ള രണ്ടു നടന്മാരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ സിനിമയിലൂടെ മികച്ച തുടക്കം കിട്ടിയിട്ടും അടുത്ത സിനിമചെയ്യാൻ
ഒരുപാട് സമയം എടുക്കുന്നുണ്ടല്ലോ; ഈ ഇടവേള എങ്ങനെയൊക്കെയാണ്
വിനിയോഗിക്കുന്നത്? ഞാനിപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രോഗ്രാം ചീഫായി ജോലി ചെയ്യുന്നു. അതുപോലെ കൊൽക്കത്ത ശാന്തിനികേതനില്‍
സാഹിത്യം നാടകത്തിലേക്കും സിനിമയിലേക്കും എങ്ങനെ ഉപയോഗിക്കാം, അവ എങ്ങനെ
ലിറ്റററി ഇമേജിൽ നിന്ന് വിഷ്വൽ ഫോർമാറ്റിലേക്ക് മാറ്റപ്പെടാം എന്ന
വിഷയത്തിൽ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുന്നു . മാജിക് ഉള്‍പ്പെടുത്തി
ഒരു മള്‍ട്ടി മീഡിയ പ്രൊഡക്ഷന്‍ ചെയ്തു. ഒരു ഷോര്ട്ട്ഫിലിം ചെയ്തു. ഒരു
ഡോക്കുമെന്ററി ചെയ്തുകൊണ്ടിരിക്കുന്നു. വില്യം ഷേക്ക്‌സ്പീയറിന്റെ
ഹാംലെറ്റ് തൃശ്ശൂരിലെ ഒരു സംഘത്തിനു വേണ്ടി ചവിട്ടുനാടകത്തിലേക്ക്
അഡോപ്റ്റ് ചെയ്തു അവതരിപ്പിക്കുന്നതിന്റെ റിഹേഴ്സൽ നടന്നു
കൊണ്ടിരിക്കുന്നു. ഒരു സിനിമ സംവിധായകനായി മാത്രം നിലകൊള്ളാന്‍
ഞാനഗ്രഹിക്കുന്നില്ല. ഏതു സിനിമയായാലും അത് പെട്ടെന്ന് ചെയ്യണമെന്ന
നിർബന്ധവും എനിക്കില്ല . പത്തു സിനിമകള്‍ ചെയ്യുന്നതിന് പകരം
എവിടെയെങ്കിലും പ്രതിഷ്‌ഠിക്കപ്പെടുന്ന മൂന്നു ചിത്രങ്ങള്‍ ചെയ്താല്‍
മതിയെന്നാണ് ഞാനാഗ്രഹിക്കുന്നത്. ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ച ചിത്രത്തിനു അതു കിട്ടാത്തത് എന്തുകൊണ്ടാണ്? ദേശീയ
അവാര്‍ഡിനു ചിത്രങ്ങൾ അയക്കേണ്ടി വന്നപ്പോൾ സംഭവിച്ച പാകപിഴകളാണതിന്
കാരണം. ബാല്യകാലസഖി റിലീസ് ചെയ്യുന്നതിനു നാലു ദിവസം മുൻപാണ് ദേശീയ
അവാർഡിലേക്ക് ക്ഷണിച്ചത്. രണ്ടു ദിവസം മുൻപ് ചിത്രം അവിടെ
എത്തിക്കണമായിരുന്നു. അതിനാൽ ഫൈനല്‍ പ്രോസസ്സിങ്ങിലായിരുന്ന ചിത്രം സബ്ടൈറ്റില്‍ ഇല്ലാതെ അപൂർണ്ണമായി അയക്കേണ്ടിവന്നു. അങ്ങനെ
സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഒന്നു രണ്ടു മേഖലകളിൽ
അംഗീകരിക്കപ്പെടുമായിരുന്നു. ബഷീറിന്റെ ക്ലസ്സിക്കല്‍ കൃതി,മമ്മൂട്ടി,സീമ ബിശ്വാസ് തുടങ്ങിയ അഭിനയ
പ്രതിഭകൾ ,രാഘവൻ മാഷിന്റെ സംഗീതം, സംവിധാന മികവ് എന്നിട്ടും സിനിമ വലിയ
സാമ്പത്തിക വിജയമാകാത്തതിനു കാരണം? വൈക്കം മുഹമ്മദ്‌ബഷീറിന്റെ
ക്ലസ്സിക്കല്‍ കൃതി ഒരു കച്ചവട സിനിമയാക്കാന്‍ ഒരിക്കലും കഴിയില്ല.ആ
കൃതിയുടെ നിലവാരത്തില്‍ നിന്നുകൊണ്ട് കൃതിക്ക് ഒരു പോറൽപോലും ഏൽക്കാത്ത
രീതിയിൽ സംവിധാനം ചെയ്തു നിര്‍മ്മാതാവിനു വലിയ നഷ്ടമുണ്ടാക്കാതെ വളരെ
സേഫായിട്ട് ലോഞ്ച് ചെയ്ത സിനിമ ആണത്. സിനിമ നിര്‍മിച്ച ലിവിനാർട്ട് ഫിലിം
ഫാക്ടറിക്ക് ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അവരുടെ സ്ഥാനം
ഉറപ്പിക്കുകയായിരുന്നു ലക്‌ഷ്യം. അതിനുവേണ്ടി മികച്ച അഭിനേതാക്കളെയും
സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയത്.
ആറേ കാല്‍ കോടി മൊത്തം നിര്മ്മാണ ചെലവായ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്
അവകാശം നാലേകാല്‍ കോടിക്കാണ് സുര്യ ടിവി സ്വന്തമാക്കിയത്. ചിത്രത്തിന്റെ
മ്യുസിക്റൈറ്റ് മനോരമമ്യുസിക് വാങ്ങുകയും തീയറ്ററിൽ രണ്ടാഴ്ച ഓടുകയും
ചെയ്ത ബാല്യകാലസഖി സാമ്പത്തിക പരാജയം ആയിരുന്നില്ല. അതുകൊണ്ട് തന്നെ
ലിവിനാർട്ട് പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം ഞാന്‍ കൈരളി ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യുസര്‍ ആയിരുന്നപ്പോഴാണ് ചെയര്മാനായ മമ്മൂട്ടിയെ പരിചയപ്പെടുന്നത്. മമ്മൂട്ടിയെ വളരെയധികം ആരാധിച്ചിരുന്ന എനിക്ക് അവിടുത്തെ യോഗങ്ങളിൽ അദ്ദേഹം പല നിർദ്ദേശങ്ങളും തന്നിരുന്നു. അതൊക്കെ ഒരു ദൈവാനുഗ്രഹം പോലെ ഞാന്‍ കൈക്കൊണ്ടു. പിന്നീട് ഞാന്‍ മഴവില്‍ മനോരമയിൽ സീനിയർ പ്രൊഡ്യുസർ ആയി ജോലിനോക്കുന്ന സമയത്ത് എം ടി യെ കുറിച്ചുള്ള സിഡി പ്രകാശന ചടങ്ങിൽ അദ്ദേഹത്തിന്റെ രണ്ടാമൂഴം ബേസ് ചെയ്ത് അവതരിപ്പിച്ച ഭീമമം മൾട്ടി മീഡിയ ഡ്രാമയിൽ ഭീമനായി അഭിനയിച്ചത് മമ്മൂക്കയാണ്. അതു സംവിധാനം ചെയ്യാനായി എന്റെ പേര് നിർദ്ദേശിച്ചതും അദ്ദേഹമാണ്. അതിന്റെ ജോലിയുമായി ബന്ധപ്പെട്ട് 25ദിവസത്തോളം മമ്മൂക്കയുമായി ഇടപഴകാൻ പറ്റി. അതിനെത്തുടര്ന്നാണ് ബാല്യകാലസഖിയിലേക്കെത്തുന്നത്. തീയറ്ററിന്റെ തട്ടകത്തില്‍ നിന്നു വന്ന എന്നെ മറ്റു മേഖലകളിലേക്ക് എത്തിക്കണമെന്ന സ്നേഹവും പ്രോത്സാഹനവും വാത്സല്യവുമൊക്കെ മമ്മൂക്കയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. തുടര്ന്നും മമ്മൂക്കയുമായി ചേർന്നുള്ള മറ്റു പ്രൊജെക്ടുകളും എന്റെ ആലോചനയിലുണ്ട്. അവയ്ക്ക് മമ്മൂക്കയിൽ നിന്ന് സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഭീമമം റിഹേഴ്സൽ:പ്രമോദ് പയ്യന്നൂർ, മമ്മൂട്ടി, ലോഹിതദാസ് ഭീമനായി മമ്മൂട്ടി
പ്രമോദിന് നാടകമാണോ സിനിമയാണോ കൂടുതല്‍ സംതൃപ്തി നല്കുന്നത് ?
തീയറ്റര്‍-മിനിസ്‌ക്രീന്‍-സിനിമ പ്രവർത്തകൻ എന്ന നിലയില്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്ന് എനിക്കഭിപ്രായമില്ല. ഒരു വിഷ്വലൈസര്‍ എന്ന നിലയില്‍ ഇവ മൂന്നും എനിക്ക് സംതൃപ്തി നല്കുന്നുണ്ട്. പക്ഷെ,നാടകത്തിനെ അപേക്ഷിച്ച് ജനപ്രീതിയും പ്രതിഫലവും കൂടുതല്‍ ലഭിക്കുന്നത് സിനിമയില്‍ നിന്നും.
സിനിമയില്‍ പേരെടുത്ത പലരും നാടകം പഠിച്ചോ പ്രവര്ത്തിച്ചോ വന്നവരാണ് ഇപ്പോള്‍ താങ്കളും. ഇങ്ങനെ ചെയ്യുന്നതുകൊണ്ടാല്ലേ നാടകം തളരുന്നത?
പലരും പറയുന്ന കാര്യമാണിത്. പക്ഷെ, തീയറ്ററിൽ നിന്ന് സിനിമയിലേക്ക് വരുന്നവർ അവരുടെ മേഖലകളിൽ കഴിവ് നിലനിര്ത്തുന്നുണ്ട്. നസ്‌റുദ്ദിന്‍ഷായെപ്പോലുള്ള പല അഭിനേതാക്കളും സിനിമാ അഭിനയത്തിനിടയില്‍ അവർക്കൊന്നു റീചാർജ് ചെയ്യാന്‍വേണ്ടി നാടകം ചെയ്യാറുണ്ടെന്നു പറയാറുണ്ട്. അതുപോലെ സിനിമ ചെയ്യുമ്പോള്‍ ഇടവേളയില്‍ നാടകം ചെയ്യണമെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ ഭാഗമായാണ് ഞാനിപ്പോള്‍ വില്ല്യം ഷേക്സ്പീയറുടെ ഹാംലെറ്റ് എന്ന നാടകം എഴുപതോളം ചവിട്ടുനാടക കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് തൃശ്ശൂരിലെ ഒരു സഘത്തിനുവേണ്ടി ചെയ്യുന്നത്. ഇതൊരു പരീക്ഷണ നാടകമാണ്. ഇതിനുവേണ്ടി 5-6 മാസം ചെലവഴിക്കുമ്പോള്‍ മറുവശത്ത് സിനിമകളുടെ ആലോചനകളും നടക്കുന്നുണ്ട്. സിനിമ ചെയ്തു അതിന്റെ സുഭിക്ഷിതയില്‍ മാത്രം ജീവിക്കാന്‍ താൽപര്യമില്ലാത്ത ഒരാളാണ് ഞാന്‍. പലരും അവരുടെ ജന്മഗൃഹത്തിലേക്ക് പോകുന്നതുപോലെ നാടകത്തിലേക്ക് ഇടക്ക് പോവുകയും ഊര്ജമുൾക്കൊണ്ട് തിരികെ സിനിമയിലേക്ക് വരികയും ചെയ്യുന്നുണ്ട്.
മലയാള സിനിമയില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ നാടകത്തെയും സ്‌നേഹിച്ച ഒരാളെ ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍ ആരെയാവും .... ഭരത് മുരളി ചേട്ടനെ. അദ്ദേഹവുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഒരു സംഭവത്തിലൂടെ അദ്ദേഹത്തിന്റെ നാടക സ്‌നേഹം വ്യക്തമാക്കാം. ശിവാജി സാവന്തിന്റെ മൃത്യുജ്ഞയന്‍ എന്ന നോവലിലെ കര്‍ണന്‍ മുരളി ചേട്ടന്റെ ഒരു സ്വപ്ന കഥാപാത്രമായിരുന്നു. ആ കര്‍ണനെ കേന്ദ്രകഥാപാത്രമാക്കികൊണ്ട് അതെ പേരില്‍ മുരളിചേട്ടന്‍ ഒരു നാടകമെഴുതിയിരുന്നു. മുരളിചേട്ടന്‍ കര്‍ണന്‍, കെ പി എ സി ലളിതചേച്ചി കുന്തി ,പ്രൊഫ.അലിയാര്‍സാർ സൂത്രധാരന്‍ എന്നീ കഥാപാത്രങ്ങളായും ആര്ടിസ്റ്റ് നമ്പൂതിരിസാറിന്റെ കലയും, പാരിസ് ചന്ദ്രന്‍ചേട്ടന്‍ സംഗീതവും ഒക്കെയായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നു. ഒരുമാസം സിനിമയിലെ എല്ലാ തിരക്കും മാറ്റിവച്ച് അദ്ദേഹം റിഹേഴ്‌സലിനു നമ്മോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിനു ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടിവന്നപ്പോള്‍ ഞാന്‍ തിരിച്ചു വന്നു വീണ്ടും ഒരു മാസമെടുത്ത് നമുക്കിത് ചെയ്യണം എന്ന് പറഞ്ഞതുമാണ്. പക്ഷെ കാലം അതിനനുവദിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ആ പ്രൊഡക്ഷന് തിരശീലവീഴുകയായിരുന്നു. മറ്റൊന്ന് അദ്ദേഹം സംഗീത നാടക അക്കാദമി ചെയര്മാനായി ഇരിക്കുമ്പോള്‍ പല സിനിമകളും വേണ്ടെന്നു വച്ചിട്ടുള്ളത് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. അന്താരാഷ്ട്ര നാടകോത്സവം നടപ്പിലാക്കിയ ആളെന്ന നിലയില്‍ അതിന്റെ സഘാടനത്തിനും മറ്റുമായി ധാരാളം സമയമാണ് അദ്ദേഹം മാറ്റിവച്ചത്. അടുത്തിടെ മജിഷ്യന്‍ മുതുകാടുമായി കൈകോര്‍ത്ത് ഒരു മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍ അവതരിപ്പിച്ചിരുന്നല്ലോ അതിനെ കുറിച്ചൊന്നു വിശദമാക്കാമോ? സമൂഹത്തിനുവേണ്ടി മാജിക്കിലൂടെ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ അതെല്ലാം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. മാജിക്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും അത് തീവ്രമായി അധ്വാനത്തിലൂടെ യാഥാർത്ഥ്യം ആക്കുകയം ചെയ്യുന്ന മുതുകാട് അഭിനയത്തില്‍ പുതുമ കണ്ടെത്തുകയും അത് കഠിനാധ്വാനത്തിലൂടെ പ്രാവര്ത്തികമാക്കുകയും ചെയ്യുന്ന കമല്‍ഹാസന് തുല്യനാണ്. ആ മുതുകാടുമൊന്നിച്ചു വര്ഷങ്ങള്ക്ക് മുന്‍പ് മദ്യപാനത്തിനും മയക്കുമരുന്നിനും എതിരെ ചിന്തിപ്പിക്കുന്ന സ്‌റ്റോപ്പ് ബാഡ് എന്ന പേരിൽ ട്രാവലിംഗ് മാജിക് തീയറ്റര്‍ ചെയ്തിരുന്നു. അതിനുശേഷം മറ്റെന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണമെന്ന് അന്നദ്ദേഹം പറഞ്ഞതനുസരിച്ചാണ് കവി സച്ചിദാനന്ദന്‍ സാറിന്റെ മാജിക് എന്ന കവിതയെ ആധാരമാക്കി ഷീ എന്ന പേരില്‍ മള്‍ട്ടി മീഡിയ പ്രൊഡക്ഷന്‍ ചെയ്യുന്നത്.
'ഷീ'യിൽ പ്രേമം നായിക അനുപമ പരമേശ്വരനും ഗോപിനാഥ് മുതുകാടും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‌ക്കെതിരെയുള്ള ക്രൂരതകളും അവയ്‌ക്കെതിരെ സമൂഹത്തിന്റെ കണ്ണ്തുറപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ കവിത,മാജിക്,ഡിജിറ്റല്‍ സ്‌ക്രീനിംഗ്,നൃത്തം, സംഗീതം എന്നിവ സമന്വയിപ്പിച്ച് ചെയ്തതാണ് 50 മിനിറ്റ് ദൈര്‍ഹ്യമുള്ള ഷീ. ഡല്‍ഹിയിലെ നിര്‍ഭയ, കേരളത്തിലെ സൗമ്യ സംഭവവും വിഷയമാകുന്ന ഷീയില്‍ മാജിക് അങ്കിളായി ഗോപിനാഥ് മുതുകാടും,കൗമാര സുന്ദരിയായി പ്രേമത്തിലെ നായിക അനുപമ പരമേശ്വരനും അഭിനയിച്ചിട്ടുണ്ട്. ഒരു വിഷ്വലൈസർ എന്ന നിലയിൽ എല്ലാ കലകളുടെയും ശക്തമായ ശൈലികളെ എടുത്തുകൊണ്ടു മാജിക് വേണ്ടിടത്ത് മാത്രം മാജിക്കും, കവിതയിലേക്ക് സഞ്ചരിക്കേണ്ട സമയത്ത് കവിതയിലേക്കും സിനിമയുടെ ശൈലി കൊണ്ടുവരെണ്ടിടത്ത് അതും,തീയറ്ററിന്റെ രീതിയിലേക്ക് തീയറ്ററും ഒക്കെ ഒഴുകിഒഴുകിപൊകുന്ന ശൈലിയിലൂടെ പ്രേക്ഷകന്റെ മനസ്സും കണ്ണും ഉണര്ത്താനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഗവ:വിമെൻസ് കോളേജിൽ അരങ്ങേറിയ ഷീ കാണാനായി സച്ചി സാർ ഡൽഹിയിൽ നിന്നെത്തിയിരുന്നു. പ്രേക്ഷകർ മുക്തകണ്‌ഠം പ്രശംസിച്ച ഷീ ഡൽഹിയിൽ അവതരിപ്പിക്കാനായി ഒരുങ്ങുകയാണ്. കുടുംബം ഐ ഐ ഐ ടി എം കെ അദ്ധ്യാപിക ഭാര്യ മാളു ജി, മകൾ അവന്തിക, മകൻ ആഗ്നേയ് എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. ഇവരോടൊപ്പം ശ്രീകാര്യത്ത് താമസിക്കുന്നു.
എന്തുകൊണ്ട് പ്രമോദ് പയ്യന്നൂര് വ്യത്യസ്തനായ ഒരു
'സംവിധായകന്‍'(നാടകം-സിനിമ-മിനിസ്‌ക്രീന്‍) ആകുന്നു എന്ന് ഈ അഭിമുഖം മനസ്സിലാക്കി തരുമെന്ന് വിശ്വസിക്കുന്നു. അതോടൊപ്പം മറ്റുള്ളവരും വന്നവഴി മറക്കാതെ നാടകത്തെ സ്‌നേഹിക്കുകയും അതിന്റെ തളര്ച്ച മാറ്റാൻ ഒരു കൈത്താങ്ങാകുക എന്നൊരു അഭ്യര്‍ഥന കൂടി അയ്യോ! മുന്നോട്ട് വയ്ക്കുന്നു .
ഭീമമം(മമ്മൂട്ടി),ഷീ( അനുപമപരമേശ്വരൻ,ഗോപിനാഥ്മുതുകാട്)-ക്ലിക്ക് വാച്ച് വീഡിയോ