തിരുവനന്തപുരം; ഉപജീവനത്തിനായി കടലില്‍ പോയി ജീവന്‍ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനൊപ്പം പൊതുസമൂഹവും കൈകോര്‍ക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുരിതബാധിതരെ സഹായിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതിനൊപ്പം പൊതുസമൂഹത്തിന്റെയാകെ പിന്തുണയും കരുതലും കൂടിയുണ്ടെങ്കിലേ അതിനു ഫലമുണ്ടാവുകയുള്ളു. മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്റ്റിവും അക്ഷരം ഓണ്‍ലൈനും സംയുകതമായി മാനവീയം വീഥിയില്‍ സംഘടിപ്പിച്ച 'സ്‌നേഹസ്പര്‍ശം' പരിപാടിയുടെ ഭാഗമായി ഓഖി ദുരിതബാധിതര്‍ക്കുള്ള ആയിരം കിലോ അരിയുടെയും പയറിന്റെയും വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കുമ്പോഴും നമ്മുടെ തീരപ്രദേശങ്ങളില്‍ ഇപ്പോഴും ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ അനുഭവിക്കുന്ന മനഃപ്രയാസങ്ങള്‍ കാണാതെ നമ്മള്‍ കാണാതെ പോകരുത്. കൂടുതല്‍ സന്നദ്ധസംഘടനകള്‍ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം കോട്ടപ്പുറം അടിമലത്തുറ മേഖലകളില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണം കെ റ്റി ഡീ സി ചെയര്‍മാന്‍ എം വിജയകുമാര്‍ നിര്‍വഹിച്ചു. കൂട്ടായ്മയിലെ എഴുപതോളം സുഹൃത്തുക്കള്‍ മാസവരുമാനത്തില്‍ നിന്നും നീക്കി വെച്ച തുകകളിലൂടെയാണ് ഭക്ഷ്യോത്പന്നങ്ങള്‍ സമാഹരിച്ചത്.