TALKS09/01/2019

അന്താരാഷ്ട പുരസ്കാരലബ്ദി മാധ്യമ-സിനിമ മേഖലകൾ അവഗണിച്ചു: വിനു എബ്രഹാം

SUNIL KUMAR
വിനു എബ്രഹാം                                                        ഫോട്ടോ: സുനിൽ ടൈറ്റസ്
ചെറു പുരസ്കാരങ്ങൾപോലും വാർത്തയും ആഘോഷവുമാകുന്ന നമ്മുടെ നാട്ടിൽ തിരക്കഥയ്ക്ക് അപൂർവമായി ലഭിച്ച രാജ്യാന്തര പുരസ്കാരം അധികമാരുമറിഞ്ഞില്ല. അറിഞ്ഞഭാവം കാട്ടാൻ പോലും ആരും ശ്രമിച്ചില്ല. മലയാള നാട്ടിൽ പേരും പെരുമയും പുരസ്കാരങ്ങളും നേടിയ  ചിത്രത്തിന് പിൻബലമേകിയ നഷ്ടനായികയുടെ കഥാകാരനായിട്ടും പുരസ്‌കാര നിർണയത്തിൽ അവിടെയും തഴയപ്പെട്ടു. യഥാർത്ഥ ജ്യൂറികളായ സിനിമ പ്രേക്ഷകർ എല്ലാം അറിയുന്നുണ്ട് എന്ന വിശ്വാസത്തിൽ വീണ്ടും തിരക്കഥയെഴുതുകയാണ് വിനു എബ്രഹാം എന്ന സാഹിത്യകാരൻ. സംവിധായകൻ രാജീവ് നാഥിന്റെ ഉടൻ പുറത്ത്  വരുന്ന ചിത്രം അനിയൻ കുഞ്ഞും തന്നാലായതാണ് ആ ചിത്രം. തിരുപ്പിറവിയുടെ മാസത്തിൽ പുതുചിത്ര വിശേഷങ്ങളും മറ്റ് എഴുത്ത് വിശേഷങ്ങളും വിനു എബ്രഹാം പങ്കുവച്ചപ്പോൾ. 
റീലിസിന് തയ്യാറെടുക്കുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന സിനിമ പേരുപോലെതന്നെ രസ്‌കരമായിരിക്കുമോ?  എങ്ങനെയാണ് അതിന്റെ തിരക്കഥ?
സീനിയര്‍ സംവിധായകന്‍ രാജീവ് നാഥ് പറഞ്ഞ ഒരു ത്രെഡില്‍ നീന്നാണ് തിരക്കഥയും സംഭാഷണവും ഞാന്‍ ഡെവലപ്‌ചെയ്തത്.  ലൈറ്റ് ഹ്യൂമറില്‍ക്കൂടി പോകുന്ന രാജീവ് നാഥ് എന്ന സംവിധായകന്റെ സ്ഥിരം സിനിമകളില്‍ നിന്ന് മാറി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഒരു സിനിമയായായിരിക്കും. ടൈറ്റിൽ ക്യാരക്റ്ററായ അനിയന്‍കുഞ്ഞ് പാലായില്‍ കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയം ഒക്കെ കളിച്ചുനടക്കുന്ന പയ്യനാണ്. അപ്പനും അമ്മയും മരിച്ചുപോയ  അവന്റെ നാല് പെങ്ങന്മാര് അമേരിക്കയിലാണ്.  അവനും അപ്പന്റെ അനിയനും മാത്രമേ ഇവിടെയുള്ളു. പാരമ്പര്യ മര്‍മാണി വൈദ്യമൊക്കെയുള്ള കൊച്ചാപ്പനെ രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നു. ജോലിയൊന്നുമില്ലാത്ത  അനിയന്‍കുഞ്ഞിന്  പെങ്ങന്മാര്‍ പൈസ അയച്ചുകൊടുക്കും. ആ പൈസയില്‍ ജോളിയായിട്ട് കഴിയുന്ന.അവന്റെ ലൈഫില്‍  ഒരു വിഷയ മുണ്ടാകുകയും പെട്ടെന്ന് അമേരിക്കയില്‍ പോകേണ്ടതായും വരുന്നു. അവിടെ അവന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ ടെര്‍ണിങ് പോയിന്റും, തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ .
യദ്യശ്ചികമെന്നപോലെ ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോടൊപ്പവും  മുന്‍ ചെയര്‍മാന്‍ രാജീവ്‌നാഥിന്റെയൊപ്പവും വര്‍ക്ക് ചെയ്ത ഒരാളെന്ന നിലയില്‍ സിനിമയോടുള്ള  അവരുടെ സമീപനം എങ്ങനെയായിരുന്നു?
ഓരോ സംവിധായകര്‍ക്കും അവരുടേതായ രീതികളും പ്രത്യേകതകളും ഉണ്ടാകും . കമലിന്റെ സെല്ലുലോയിഡ് എന്ന സിനിമ പ്രത്യേകിച്ചും വളരെ ഗൗരവമുള്ളതും ചരിത്രപരവുമായ സിനിമയാണ്. അതിന്റെ ഫ്രെയിം വര്‍ക്കുമെല്ലാം വളരെ വിശാലമാണ്.  മലയാള സിനിമയുടെതന്നെ ചരിത്രം പറയുന്ന സിനിമയാണ്.  കമല്‍ വളരെ ഗൗരവത്തോടെ സിനിമയെ സമീപിക്കുന്ന ഒരു സംവിധായകനാണ്. രാജീവ് നാഥിനെ സംബന്ധിടത്തോളം സ്ഥിരം  ട്രാക്കില്‍ നിന്ന് മാറിയിട്ടുള്ള ഒരു സിനിമയാണ് അനിയന്‍ കുഞ്ഞും തന്നാലായത്. രണ്ടു സംവിധായകരും സിനിമയ്ക്ക് ഗുണകരമാകുന്ന രീതിയില്‍ സിനിമയെ സമീപിക്കുന്നവരാണെന്നു പറയാം.
 
കമല്‍                                                                                                                   രാജീവ് നാഥ് 
സെല്ലുലോയിഡ് മികച്ച ചിത്രത്തിനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ മറ്റു അവാര്‍ഡുകളും നേടി, പക്ഷെ കഥാകൃത്തിന് അവാര്‍ഡ് കിട്ടിയില്ല.  നാല് പ്രാവിശ്യം ടെലിവിഷന്‍ അവാര്‍ഡ്  ജ്യുറി അംഗമായിരുന്ന ഒരാളെന്ന നിലയില്‍ അന്ന്  അവാര്‍ഡ്  കിട്ടാത്തതിന്റെ കാരണം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ജ്യൂറി ഓരോന്നും വിലയിരുത്തുന്നത് വ്യത്യസ്തരീതിയിലായിരിക്കും.  ഒരവാര്‍ഡെന്ന് പറയുന്നത് ഒന്നിന്റെയും അവസാന വാക്കല്ല. തീര്‍ച്ചയായും അത് അംഗീകാരങ്ങളാണ്. സെല്ലുലോയിഡ് എന്ന ചിത്രത്തിന് പുരസ്‌കാരങ്ങള്‍ പലതും കിട്ടിയെങ്കിലും കഥാകൃത്തായ എനിക്ക് കിട്ടിയില്ല. അന്ന് അറിഞ്ഞത് ഫൈനല്‍ റൌണ്ട് വരെ എത്തിയിരുന്നുവെന്നാണ്. എന്തുതന്നെയായാലും ജ്യൂറിയുടെ തീരുമാനാം അംഗീകരിക്കാനെ നിര്‍വാഹമുള്ളൂ.  പ്രേക്ഷകര്‍ക്ക് അറിയാം ആ സിനിമയുടെ പിന്നിലുള്ള കഥയുടെ ബലമെന്താണെന്ന്. ഐ വി ശശിയായിരുന്നു അന്ന് ജ്യൂറി ചെയര്‍മാന്‍. അദ്ദേഹത്തിന് എന്നോട് പ്രത്യേകിച്ച് ഒരു പ്രശ്‌നമുള്ളതായി അറിയില്ല. അവാര്‍ഡ് കിട്ടാത്തത്തിന്റെ  പ്രത്യേകകാരണം എന്താണെന്ന് പറയാന്‍ ആകില്ല. 
പി പത്മരാജന്‍ കെ ജി ജോര്‍ജ് ശ്രീനിവാസന്‍ എന്നിവരുടെ ജീവിതം പുസ്തകം ആക്കിയ ഒരാളെന്ന നിലയില്‍ അവരുടെ പാത പിന്തുടര്‍ന്ന്  സംവിധാന രംഗത്ത് കടന്നു വരുമോ?
സംവിധാന  മോഹം ഇതുവരെ മനസ്സില്‍ തോന്നിയിട്ടില്ല.   അടിസ്ഥാനപരമായി ഞാന്‍ ഒരെഴുത്തുകാരന്‍ തന്നെയാണ് . എഴുത്തിനപ്പുറത്തേക്ക് സംവിധാനം എന്ന് പറഞ്ഞാല്‍ വലിയ ഒരു സംഘാടനത്തിന്റെ പരിപാടികൂടിയാണ്. നിലവില്‍ ആ സമ്മര്‍ദ്ദങ്ങള്‍ ഏറ്റെടുക്കാന്‍ താല്പര്യാമില്ല  ഭാവിയില്‍ അങ്ങനെ സംഭവിച്ചുകൂടായ്കയുമില്ല.  ഒരു പ്രൊജക്റ്റില്‍  താല്പര്യം തോന്നുകയാണെങ്കില്‍ ചിലപ്പോള്‍ സംഭവിച്ചെന്നിരിക്കും. 
ആ മൂന്നു പ്രതിഭകളെ എങ്ങനെ വിലയിരുത്തുന്നു?
ഞാന്‍ വളരെ ആദരിക്കുന്ന ചലച്ചിത്രകാരന്മാരാണ് കെജി ജോര്ജും പി പത്മരാജനും. പത്മരാജന്‍ ചലച്ചിത്രകാരന്‍ എന്നതിനപ്പുറത്ത് എഴുത്തുകാരനാണ്. എന്റെ ആദ്യ പുസ്തകം ആരാധന പൂര്‍വം ശത്രുവെന്ന കഥാസമാഹാരം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് പത്മരാജനാണ്.   അദ്ദേഹത്തെ  ഒരിക്കലും കണ്ടിട്ടില്ലെങ്കിലും  എന്റെ മാനസഗുരുവായി ഞാനംഗീകരിച്ചിരിക്കുകയാണ്.  ദ്രോണാചാര്യനും ഏകലവ്യനും എന്ന പോലെ. കെ ജി ജോര്‍ജ് മലയാള സിനിമകണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്‍തന്നെയാണ് . ഒരേസമയം അദ്ദേഹം തിരക്കഥാകൃത്തും സംവിധായകനുമാണ്. അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ മൂല്യം കാലം ചെല്ലുംതോറും വര്‍ധിച്ചു വരുന്നതായാണ് തോന്നുന്നത്. പത്മരാജന്‍   സംവിധായകന്‍ എന്നതിലുപരി മികച്ച തിരക്കഥാകൃത്താണ്.  ശ്രീനിവാസനെക്കുറിച്ച്  പലരും എഴുതിയ ലേഖനങ്ങള്‍ ഞാന്‍ എഡിറ്റ് ചെയ്ത പുസ്തകമാണ് ശ്രീനിവാസന്‍ ഒരു പുസ്തകം. മലയാള സിനിമ കണ്ടിട്ടുള്ളതി വച്ച് ഏറ്റവും പ്രതിഭാധനനായ തിരക്കഥാകൃത്തും  നടനും ഒക്കെയാണ് സംവിധായകനുമാണ്. മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായിട്ടുള്ള ഹാസ്യത്തിന്റെ മറ്റൊരു മുഖം സമ്മാനിച്ച എഴുത്തുകാരനാണ്. മലയാളസിനിമയിലെ ഒരു വ്യക്തിയെ പലതലങ്ങളില്‍ നോക്കിക്കാണുന്നവരുടെ പുസ്ത്കം ആദ്യമായിട്ടാണ് ഉണ്ടാകുന്നത്. 
  
പി പത്മരാജന്‍                                                       കെ ജി ജോര്‍ജ്                                                       ശ്രീനിവാസന്‍ 
മൂന്നുപേരിലും ആരാണ് മികച്ചതെന്ന് പറയാന്‍ പറ്റുമോ?
അവരില്‍ ആരാണ്  മികച്ചതെന്ന് പറയാന്‍ കഴിയില്ല. കെ ജി ജോര്‍ജ് സംവിധാന മികവില്‍ അഗ്രഗണ്യനാണ്. തിരക്കഥാകൃത്താണെങ്കില്‍ കൂടി. പത്മരാജന് സാംവിധാന മികവില്‍ കെജി ജോര്‍ജിന്റെ അത്രയും കൈയ്യടക്കം ഇല്ല. പക്ഷെ എഴുത്തുകാരന്‍ എന്ന നിലയില്‍ തിരക്കഥാ രചനയില്‍  അദ്ദേഹം അഗ്രഗണ്യനാണ്. മഹാനായ തിരക്കഥാകൃത്ത് എം ടിയോട് പത്മരാജനെ താരതമ്യപ്പെടുത്തുകയാണെങ്കില്‍ സാഹിത്യ നിബിഢമായിട്ടുള്ള തിരക്കഥകളാണ് എം ടി യുടേതെന്നും  സാഹിത്യത്തില്‍ നിന്ന് വേറിട്ട് മാറിസിനിമയ്ക്കാവിശ്യമായ വിഷ്വല്‍ ഓറിയന്റേഷന്‍ കൂടുതലുള്ളവയാണ്.പത്മരാജന്റെ തിരക്കഥകളെന്നും കാണാം. സിനിമയെ ഉന്നതമായ ദൃശ്യകലയായിക്കണ്ട് ചെയ്തിട്ടുള്ള തിരക്കഥകളാണ് അദ്ദേഹത്തിന്റെ സവിശേഷത.  ശ്രീനിവാസന്റെ  ഒരു ചെറിയ ഭാഗം മാത്രമാണ് സംവിധാനം. ചില പ്രത്യേക സാഹചര്യങ്ങളില്‍ സംവിധാനം ചെയ്യണമെന്ന് തോന്നി അത്  ചെയ്തു. അവ നല്ല സിനിമകളും  ആയിരുന്നു. യാതൊരു സംശയുവുമില്ല. പക്ഷെ അദ്ദേഹത്തെ തിരക്കഥാകൃത്ത് നടന്‍ എന്നി നിലകളിലാണ് അടയാളപ്പെടുത്തേണ്ടത്. മൂന്നു പേരും മൂന്നു തലങ്ങളില്‍ ഉന്നതാരായിട്ടുള്ളവരാണ്.  
പറുദീസ എന്ന ചിത്രത്തിന് മെക്‌സിക്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കിട്ടുകയും ഇവിടെ അംഗീകാരങ്ങള്‍ കിട്ടാതിരിക്കാനുമുള്ള കാരണമെന്താണ്?
പറുദീസ ഇവിടെ തഴയപ്പെട്ട ഒരു സിനിമയാണ്.  അതിനു പലകാരണങ്ങളുണ്ടായിരുന്നു.  ആ സിനിമ ക്രൈസ്തവ സഭയ്ക്ക് മൊത്തത്തില്‍ എതിരാണ് എതിര്‍ക്കേണ്ടതാണ് എന്നൊക്കെ പറഞ്ഞു വലിയ ഒരു പ്രചാരണമുണ്ടായി. ഭൂമിയില്‍ തന്നെ ഒരു സ്വര്‍ഗം സൃഷ്ടിക്കണം എന്ന് അനുശാസിക്കുന്ന ഒരു  വിപ്ലവകാരിയായ ക്രിസ്തുവിനെയാണ് ആ സിനിമയില്‍ അവതരിപ്പിക്കുന്നത്.  അത് യാഥാസ്ഥിതികരായ മതവിശ്വാസികള്‍ക്ക് ദഹിച്ചിട്ടുണ്ടാവില്ല.  ക്രിസ്ത്യവിരുദ്ധമാണ് എന്നത് ഏറ്റവും ബാലിശമായ ഒരു ആരോപണമാണ്.  ക്രിസ്തുവിനെ ഏറ്റവും മഹത്വപൂര്‍ണമായി ചിത്രീകരിക്കുക യാണ് സിനിമ ചെയ്തിട്ടുള്ളത്. എന്തായാലും അതിനെതിരെ വലിയ പ്രചാരമുണ്ടായി. റിലീസിനായി തീയറ്ററുകള്‍ പലതും കിട്ടിയില്ല. കിട്ടിയ  തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കേണ്ടിയും വന്നു. തുടര്‍ന്ന് ഇവിടത്തെ ചലച്ചിത്രോത്സവം സ്റ്റേറ്റ് അവാര്‍ഡ് പനോരമ സെലക്ഷന്‍ ദേശീയ ചലച്ചിത്ര ഉത്സവം ഇവയിലൊന്നും സിനിമ പരിഗണിക്കപ്പെട്ടില്ല. അവിടെയെല്ലാം സിനിമക്കെതിരെ അതിഭീകരമായ രീതിയില്‍ പ്രചരണമുണ്ടായി. പറുദീസയെ സിനിമയുടെ നിര്‍മാതാവും നടനുമായ  തമ്പി ആന്റണി പല മേളകളില്‍  അയച്ചു. മെക്‌സിക്കോ അന്താരാഷ്ട്ര മേളയില്‍ ചെന്നുകഴിഞ്ഞപ്പോള്‍ എനിക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കിട്ടി. ഏറ്റവും രസകരമായ ഒരു കാര്യം; ലോകത്തിലെ പ്രബലമായ കാത്തലിക് ക്രിസ്ത്യന്‍ കമ്യുണിറ്റി രാജ്യമാണ് മെക്‌സിക്കോ. അവിടെ ഒരു പ്രശ്‌നവുമില്ലാതെ സിനിമ അതിഗംഭീരമെന്നു പറഞ്ഞ് പുരസ്‌കാരം നല്‍കി ആദരിച്ചു. ന്യുനപക്ഷ ക്രിസ്ത്യന്‍സുള്ള  നമ്മുടെ സംസ്ഥാനത്ത് ക്രിസ്ത്യ വിരുദ്ധമെന്ന് പറഞ്ഞ് അനാദരിച്ചു. അപ്പോള്‍ ഇവിടുത്തെ ആരോപണങ്ങള്‍ പൊള്ളത്തരമാണെന്നു വ്യക്തമായി. ആ  സിനിമയുടെ ത്രെഡ് പറയുമ്പോഴൊക്കെ എന്റെ മാനസില്‍  പെട്ടെന്ന് കടന്നുവന്നത് വിഖ്യാത  സംവിധായകന്‍ ലൂയിസ് ബുനുവേലിന്റെ  നാസറിന്‍ എന്ന മെക്‌സിക്കന്‍ ചിത്രമാണ്.  പാവങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന  ക്രിസ്തീയ പുരോഹിതന്റെ  കഥയാണ് നാസറിന്‍ പറയുന്നത്. പറുദീസയിലും  പാവങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന സഭയുടെ ചട്ടക്കൂടുകള്‍ക്ക് പുറത്ത് നില്‍ക്കുന്ന പുരോഹിതനാണ്. ദീര്‍ഘകാലം ബുനുവേൽ താമസിച്ചിരുന്ന മെക്‌സിക്കോയില്‍ വച്ച് തന്നെ കാവ്യനീതിപോലെ വലിയ ഒരംഗീകാരവും കിട്ടി. 
അവിടെ അംഗീകരിച്ചിട്ടും ഇവിടുത്തെ നിലപാട് എന്തായിരുന്നു.
സത്യം പറഞ്ഞാല്‍ അങ്ങേയറ്റം ഇഗ്‌നോര്‍ ചെയ്യുന്ന ഒരാവസ്ഥയായിരുന്നു വളരെക്കാലങ്ങള്‍  അതൊന്നും ആരും അറിഞ്ഞില്ല എന്നുള്ളതാണ് സത്യം. അന്ന്  സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ല  ഞാനും സജീവമായിരുന്നില്ല. എന്തായാലും ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങളും ഇന്ടസ്ട്രിയും എല്ലാം പൂര്‍ണമായി അതിനെ അവഗണിച്ച അവസ്ഥയായിരുന്നു.  പ്രത്യേകം ഓര്‍ക്കേണ്ട ഒരു കാര്യം അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് തിരക്കഥയ്ക്ക് പുരസ്‌കാരം കിട്ടിയ രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളേയുണ്ടായിട്ടുള്ളു. ഒരാള്‍ പി പത്മരാജനാണെന്നറിയാം. അപ്പോള്‍, എനിക്ക് കിട്ടിയത് അപൂര്‍വമായ പുരസ്‌കാരമായിരുന്നു.  എന്നിട്ടു പോലും അതിനെ പൂര്‍ണമായും അവഗണിച്ചു. സൊ കോള്‍ഡ്  കോക്കസുകള്‍ എല്ലാം അതിലുണ്ട്. ചിലര്‍ക്കൊക്കെ ഇത് കിട്ടുകയാണെങ്കില്‍ ഏതു രീതിയിലാകും അംഗീകാരം എന്നുള്ളതും ഓര്‍ക്കണം. 
ഏഴു ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി അതില്‍ രണ്ട് റീമേക്ക്  ചിത്രങ്ങള്‍ ഒഴിച്ച് നാല് ചിത്രങ്ങള്‍ പുറത്തു വന്നു അതില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതും ജനപ്രീയമായതും സെല്ലുലോയിഡ് മാത്രമാണ് അങ്ങനെയെങ്കില്‍ മറ്റു ചിത്രങ്ങള്‍ മോശമത് തിരക്കഥയുടെ കുറ്റം കൊണ്ടാണോ അതോ സംവിധായകന്റെ കുഴപ്പം കൊണ്ടാണോ?
തിരക്കഥ നിര്‍വഹിച്ച 100  ഡിഗ്രി സെലീഷ്യസ് എന്ന ചിത്രം പൂര്‍ണമായി ആദ്യം ആലോചിച്ചഘട്ടത്തില്‍ നിന്ന് വേറൊന്ന് ആയിത്തീര്‍ന്നു.  അത്  കൈവിട്ടു പോയ ഒരു സിനിമയാണ്. അത് പല കാരങ്ങളാലും അങ്ങനെയൊക്കെ ചിലത് സംഭവിക്കാറുണ്ട്. കഥയുള്ള ഒരു പെണ്ണെന്ന ചിത്രമാണെങ്കില്‍ കൊച്ച് ഓഫ്ബീറ്റ് ചിത്രമാണ്  നായിക കേന്ദ്രീകൃതമായി രണ്ടു കഥകള്‍ ചേര്‍ന്ന  പുതിയ അഭിനേതാക്കളും ഒക്കെ ചേര്‍ന്നുള്ള ചിത്രമാണ്. ആ രീതിയില്‍ തൃപ്തികരമാണ്. ഓരോ സിനിമയ്ക്കും അതിന്റേതായ ഓരോ രീതികളാണുള്ളത്. പറുദീസ നേരത്തെ പറഞ്ഞരീതിയില്‍ അംഗീകരിക്കപ്പെട്ടു. 
പ്രഥമ ഡോക്കുമെന്ററി നിര്‍മാതാവെന്ന നിലയില്‍ ദേശീയ അംഗീകാരം ലഭിച്ചിരുന്നല്ലോ,  ദീര്‍ഘനാളത്തെ പത്രപ്രവര്‍ത്തനാപരിചയം കൊണ്ട് നിരവധി ഡോക്കുമെന്ററി സിനിമകള്‍ സൃഷ്ടിക്കാമായിരുന്നിട്ടും ഒറ്റ ഡോക്കുമെന്ററി കൊണ്ട് ആ രംഗത്തുനിന്ന് പിന്‍വാങ്ങിയോ?
ഡോക്കുമെന്ററി സിനിമ എന്റെ ഒരു മേഖല അല്ല. അത്  ഭാര്യ സുജയുടെതാണ്. പുരസ്‌കാരം  നേടിയ 'ആൻ എൻകൗണ്ടർ വിത്ത് ലൈഫ് ലിവിങ്ങിന്റെ തിരക്കഥയും സംവിധാനവും ഉള്‍പ്പെടെ ക്രീയേറ്റിവ് സൈഡ് മൊത്തം കൈകാര്യം ചെയ്തത് സുജയാണ്. നിര്‍മാണ പങ്കാളിത്തം മാത്രമേ എനിക്കുള്ളൂ.  സുജ  നല്ലൊരു സംഭവം ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ സപ്പോര്‍ട് ചെയ്തു എന്ന് മാത്രം. 
താങ്കള്‍ തിരക്കഥ എഴുതി അത് സിനിമയാക്കുന്നതെങ്ങനെയാണ് 
അത് മൂന്നു രീതിയികളിലുണ്ട്.  ഒന്ന് സംവിധായകര്‍ എന്റെ  കഥ തേടിവരും. രണ്ട് സംവിധയകരോട്  എന്റെ കയ്യില്‍  ഒരു കഥയുണ്ട് എന്ന് പറയും.  മൂന്നു സംവിധായകര്‍ അവരുടെ ചില ആശയങ്ങള്‍ എന്നോട് പറയുകയും അത് തിരക്കഥയാക്കുകയും ചെയ്യും.
വിനു എബ്രഹാം                                                                                                                                                        ഫോട്ടോ: സുനിൽ ടൈറ്റസ്
19 വര്ഷം പത്രപ്രവര്‍ത്തനം നടത്തി അതുപേക്ഷിച്ച് പൂര്ണസമയം സാഹിത്യ രചനയിയ്ക്കും തിരക്കഥാകാരനുമായി തുടരുന്ന ഈ വേളയില്‍ അത്  വേണ്ടിയിരുന്നില്ല രണ്ടും ഒരുമിച്ച് കൊണ്ടുപോകാമായിരുന്നു എന്നിപ്പോള്‍ തോന്നുന്നുണ്ടോ ? 
പത്രപ്രവര്‍ത്തനം ഞാന്‍ ആസ്വദിച്ചിരുന്ന തൊഴില്‍ തന്നെയായിരുന്നു അതില്‍ യാതൊരു സംശയവുമില്ല.  കാരണം ദ വീക്ക്  വാരികയുടെ കേരള കറസ്‌പോണ്ടന്റായിരുന്നു. കേരളം മുഴുവന്‍ യാത്രചെയ്തു. അത് പൂര്‍ണമായും ആസ്വദിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കഥ എഴുതുന്നതിനോട്  വലിയ പ്രശ്‌നങ്ങള്‍ അവിടെ വന്നു. കഥയെഴുത്ത് പാടില്ല എന്നുള്ള രീതിയില്‍ വിലക്ക് വന്നു. അപ്പോള്‍ എഴുത്തുകാരന്‍ എന്ന നിലയ്ക്ക്  വളരെ സഫര്‍ ചെയ്തുകൊണ്ട് പത്രപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ നില്‍ക്കണം.  ആ അവസ്ഥയില്‍ എന്റെ തീരുമാനം വളരെ എളുപ്പമായിരുന്നു. കുടുംബവും അതിനൊപ്പം നിന്നു.  എന്നെ പൂര്‍ണമായി സപ്പോര്‍ട് ചെയ്തു.  എഴുത്തിനെ കൈവിടാന്‍ പറ്റില്ല എഴുതാതെ ശ്വാസം മുട്ടി ജീവിക്കുക എന്ന് പറയുന്നത് അസാധ്യമാണ്  അന്ന് എടുത്ത തീരുമാനത്തിന്റെ പേരില്‍ ഒരു ഖേദവുമില്ല .  
കഥാകൃത്താവാകണമെന്ന ഒരാഗ്രഹം എപ്പോഴാണുണ്ടായത്?
എഴുത്തുകാരണകണമെന്ന് കുട്ടിക്കാലത്തെ ആഗ്രഹമാണ്. ഒന്പതാമത്തെ വയസ്സില്‍   'കൊട്ടത്തേങ്ങ' എന്ന പേരില്‍ ആദ്യത്തെ കഥയെഴുതി. അത് അടുത്തവീട്ടിലെ അമ്മമാരെയും ചേച്ചിമാരേയും കഥാപാത്രങ്ങളാക്കി എഴുതിയതാണ്. പഠിച്ച സ്‌ക്കൂള്‍ യുവജനോല്‍സവത്തില്‍ എട്ട് ഒന്‍പത് പത്ത് ക്ലാസ്സുകളില്‍  കഥാരചന മത്സരത്തില്‍ ഒന്നാം സമ്മാനം എനിക്കായിരുന്നു. തുടര്‍ന്നും പലതും എഴുതിയിട്ടുണ്ട്. പക്ഷെ ഒരിക്കലും അവ പബ്ലിഷ് ചെയ്യണം എന്ന് തോന്നിയിട്ടില്ല. അതിന് ഞാന്‍  പാകമായിട്ടില്ലെന്നു തോന്നലായിരുന്നു കാരണം. തുടര്‍ന്ന് ഇരുപത്തിഒന്പതാമത്തെ വയസ്സിലാണ് ആദ്യമായി എന്റെ ഒരു കഥ ഭാഷാ പോഷണിയില്‍ പബ്ലിഷ് ചെയ്യുന്നത്.  കഥ പുറം ലോകം കാണേണ്ടതാണ് എന്ന് ആത്മവിശ്വാസമുണ്ടായത് അപ്പോഴാണ്. എനിക്ക്  മകനുണ്ടാകുന്നതും അതെ(ഡിസംബര്‍) മാസമാണ്  തുടര്‍ന്നങ്ങോട്ട് വളരെ സജീവമായിട്ട് കഥയെഴുതാന്‍ തുടങ്ങി. അണപൊട്ടി ഒഴുകാന്‍ തുടങ്ങിയതുപോലെ.
വിനു എബ്രഹാമിനു എഴുത്ത് ജീവശ്വാസം തന്നെയാണ്. അതിന്റെ ഫലമാണ് തിരക്കഥയ്ക്ക് ലഭിച്ച രാജ്യാന്തര പുരസ്കാരവും സെല്ലുലോയ്ഡിന് അടിസ്ഥാനമായ നോവൽ നഷ്ടനായികയും. 10  വയസ്സറിയിച്ച നഷ്ടനായികയുടെ  ഇംഗ്ലീഷ് പരിഭാഷ ദി ലോസ്റ്റ് ഹീറോയിൻ എന്ന പേരിൽ പ്രസിദ്ധീകൃതമാവുകയുമാണ്. പുസ്തകമെഴുത്ത് തിരക്കഥ എന്നിവ ഒരുപോലെ കൊണ്ടുപോകാൻ കഴിവുള്ള അപൂർവം ചിലരിൽ ഒരാളായ വിനുവിൽ നിന്ന് മലയാളം സിനിമയ്ക്കും സാഹിത്യത്തിനും ഇനിയും ആവോളം പ്രതീക്ഷിക്കാം.  


Views: 2303
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024