TALKS14/12/2015

എന്ന് നിന്റെ മൊയ്തീന്‍ സിനിമ ഐ എഫ് എഫ് കെയില്‍ വരാൻ അര്ഹതയുണ്ടോ?:: സനൽകുമാർ ശശിധരൻ

SUNIL KUMAR
സനൽകുമാർ ശശിധരൻ  
രണ്ടാമത് പത്മരാജാൻ പുരസ്കാരം ഡോക്യുമെന്ററി ഷോര്ട്ട് ഫിലിം ഫെസ്റ്റിവൽ വേദിയിൽ സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെ ആദരവ് ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു സംവിധായകരായ സനൽകുമാർ ശശിധരൻ(2014 ലെ മികച്ച സംവിധായകാൻ-ഒരാൾപ്പൊക്കം)ആർ എസ് വിമൽ(എന്ന് നിന്റെ മൊയ്തീൻ) എന്നിവര്.   അന്ന് മറുപടി പ്രസംഗത്തിൽ വിമൽ ഒരു പ്രഖ്യാപനം നടത്തി തന്റെ സിനിമ ഇരുപതാമത് ഐ എഫ് എഫ് കെയിൽ നിന്ന് പിൻവലിക്കുകയാണെന്ന്.  അതിനു സാക്ഷ്യം വഹിച്ച സനൽകുമാര് ശശിധരന്റെ ചിത്രം ഒഴിവുദിവസത്തെ കളിയും മേളയിലേക്ക്  തെരഞ്ഞെടുത്തിരുന്നു.  മത്സരത്തിനയച്ച ആ ചിത്രവും ഉൾപ്പെടുത്തിയത്‌ മലയാള സിനിമ ടുഡേ എന്ന വിഭാഗത്തിലാണ്. 

ഐ എഫ് എഫ് കെ യിൽ ഏതു വിഭാഗത്തിൽ  പ്രദർശിപ്പിച്ചാലും സിനിമ അംഗീകരിക്കപ്പെടുകയും ചര്ച്ചചെയ്യപ്പെടുമെന്നു വിശ്വസിക്കുന്ന 2014 ലെ മികച്ച സംവിധായകൻ സനൽകുമാർ ശശിധരൻ വിമലിനോടുള്ള പ്രതികരണം,ഒഴിവുദിവസത്തെ കളിയുടെ പ്രത്യേകത,ഒരാൾപ്പൊക്കത്തിനേറ്റ ചവിട്ടുകൾ എന്നിവയെക്കുറിച്ച് അയ്യോ!യോട് തുറന്നു പറയുന്നു.

കഴിഞ്ഞവര്‍ഷം ഐഎഫ്എഫ്‌കെയില്‍ ഒരാള്‍പ്പൊക്കവുമായി എത്തി ഇക്കുറി ഒഴിവുദിവസത്തെ കളിയുമായി എത്തിയുട്ടുണ്ടല്ലോ ഇതെങ്ങനെ സംഭവിച്ചു ?

ഞാന്‍ കുറേക്കാലമായിട്ട് സിനിമയിലുണ്ട് അതുകൊണ്ട്  സിനിമ മാത്രം ചെയ്യുന്ന അവസ്ഥയിലാണിപ്പോള്‍  അങ്ങനെ  സിനമ തുടര്‍ച്ചയായി ചെയ്യാനുള്ള അവസരം വന്നപ്പോള്‍ ചെയ്യുന്നു അത്രേയുള്ളു.

സിനിമയുടെ പേരുകള്‍ വ്യത്യസ്തമാണല്ലോ ?
ശരിക്കുപറഞ്ഞാല്‍ ഒരു സിനിമയുടെ പേര് അതിന്റ ഐഡന്റിറ്റിയാണ്.  നമ്മളെന്തൊക്കെ പറഞ്ഞാലും പേരില്‍ ഒന്നുമില്ലന്നൊക്കെ പറഞ്ഞാലും ഒരു പേരുകൊണ്ടാണ് ഒരാളെ അഭിസംബോധന ചെയ്യുന്നത്, അല്ലെങ്കില്‍ ഓര്‍ത്തുവയ്ക്കുന്നത് തുടങ്ങിയ നിലയില്‍ പേരിനു വലിയ പ്രാധാന്യമുണ്ട്.  അതുകൊണ്ട് ഒരാള്‍പ്പൊക്കമെന്ന പേരുകൊണ്ട് സിനിമയില്‍ എന്തെങ്കിലുമൊക്കെ ധ്വനിപ്പിക്കാന്‍ കഴിയണം.  നമ്മള്‍ നമ്മളുടെ പേര് ഇടാത്തതുപോലെ സിനിയ്ക്ക് ആരാണോ അതിന്റെ നിര്‍മ്മാതാവ് അല്ലെങ്കില്‍ സംവിധായകന്‍ ഒരു പേര് കൊടുക്കും.  ആ   പേര്  സിനിമയ്ക്ക് നാളെ ബാധ്യതയാകാനും പാടില്ല. 

കാരണം  ഒന്ന്‌രണ്ടു വര്ഷം കഴിയുമ്പോള്‍ സിനിമ സംവിധായകന്റെ കൈയ്യില്‍നിന്നങ്ങുപോകും.  അപ്പോള്‍ ആ സിനിമയ്ക്കുവേണ്ടി സംവിധായകനുള്‍പ്പെടെ ആര്ക്കും സംസാരിക്കാന്‍ കഴിയില്ല.  സിനിമയാണ് സംസാരിക്കുന്നത്.   അപ്പോള്‍ സിനിമയ്ക്ക് അതിന്റെ പേര് ഒരു ബാധ്യതയായി മാറാന്‍ പാടില്ല.  കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ആലോചിച്ചു ചെയ്യുന്നതുപോലെയാണ് സിനിമയുടെ കാര്യത്തിലും പേരിടുമ്പോള്‍ നമ്മള്‍ ചെയ്യുന്നത്.

ഇപ്പോഴത്തെ സിനിമയില്‍ ഒഴിവു ദിവസത്തെ കളിയെന്ന കഥയാണ് സിനിമയുടെ അടിസ്ഥാനം.  അതുകൊണ്ട് ആ പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ആ പേര് സിനിമയ്ക്കും വളരെ യോജിച്ചതാണ്.

ഒഴിവുദിവസത്തെ കളിയെക്കുറിച്ച്  
ഉണ്ണി ആര്‍ ന്റെ ഒഴിവു ദിവസത്തെ കളിയെന്ന കഥയെ അടിസ്ഥാനമാക്കി ചെയ്ത സിനിമയാണ്.  വളരെ പ്രേത്യകതയുള്ള സിനിമയാണ്.  അതിലൊരു പ്രത്യകത എന്നുവച്ചാല്‍ ഏറ്റവും നീളം കൂടിയ ഷോട്ട് മലയാളം സിനിമാലാദ്യമായി ഇതിലായിരിക്കും കാണാന്‍പറ്റുക.    53 മിനുട്ട് ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ട്  അതിനകത്തുണ്ട്.   പിന്നെ സ്‌ക്രിപ്റ്റ് ഇല്ലാതെയാണ് ഷൂട്ട് നടത്തിയിട്ടുള്ളത്.  നിര്മ്മാണത്തിലൊക്കെ വളരെയേറെ വ്യത്യാസമുണ്ട് അതൊക്കെ സിനിമയിലും വന്നിട്ടുണ്ട്.   രാഷ്ടീയമൊക്കെ വളരെയേറെ ചര്ച്ചചെയ്യപ്പെടുന്ന ഒരു സിനിമയാണ്  .

നിര്മ്മാണം നവമാധ്യമ  കൂട്ടയ്മയാണോ ?
അല്ല,ഒരാള്‍പ്പൊക്കം നിര്‍മ്മിച്ച സോഷ്യല്‍ മീഡിയ കൂട്ടായ്മയിലെ ഒരാളാണ് ഇത്തവണ ചിത്രം നിര്മ്മിക്കാന്‍ മുന്നോട്ടു വന്നത്.  നിവ് ആര്ട്‌സ് ആൻറ് കൾച്ചറൽ  സൊസൈറ്റിയുടെ ബാനറില്‍ ഷാജി മാത്യു അരുണ മാത്യു എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ സംവിധായകന്‍ വിമലിനോടുള്ള പ്രതികരണം
ഒരു സിനിമ സമര്പ്പിച്ചു കഴിഞ്ഞാല്‍ ജൂറിക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നു വരും, എടുത്തെന്നും എടുത്തിട്ടില്ലെന്നും വരാം അതിനെപറ്റിയൊക്കെ നമുക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.  പക്ഷെ,എനിക്ക് വിമലിന്റെ  എന്ന് നിന്റെ മൊയ്തീന്‍ ഐ എഫ് എഫ് കെയില്‍ വരാനുള്ള അര്ഹതയുണ്ടോന്നുപോലും ഒരു സംശയമുള്ള സിനിമയാണ്.  കാരണം അത്തരം സിനിമകള്ക്ക് വേണ്ടിയാണോ ഐ എഫ് എഫ് കെ പോലുള്ള പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരിക്കുന്നത് എന്നും ഞാന്‍ ചിന്തിച്ചു പോകുന്നു.

എന്നും നിന്റെ മൊയ്തീന്റെ കഥ ഒരുപാടുപേരെ ആകര്ഷിക്കുന്നതാണ്.  ആളുകളെ ആകര്ഷിക്കാന്‍  സ്ഥിരം ചേരുവകളും സിനിമയിലുണ്ട്.  അപ്പോള്‍ ആളുകള്‍ സ്വാഭികമായും  തീയറ്ററില്‍ ഇടിച്ചുകേറും.  ഒരുപാട് കാശുണ്ടാക്കും അതൊക്കെ ശരിയാണ്,അതുകൊണ്ട് പ്രശ്‌നമില്ല സിനിമ കച്ചവടവുമാണ്.  പക്ഷെ, ഇക്കാരണങ്ങള്‍ കൊണ്ട് ആ സിനിമ ലോകോത്തര സിനിമയാണെന്നോ ലോകത്തില്‍ മത്സരിക്കേണ്ട സിനിമയാണെന്നോ  പറയാന്‍ കഴിയില്ല.  ഈ സിനിമ ഐ എഫ് എഫ് കെയില്‍ ഉണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ വിമര്ശനം വരാന്‍ പോകുന്നത് ഇത്തരം സിനിമകള്‍ എന്തുകൊണ്ട് എടുത്ത് എന്ന പേരിലാകും.

അതുമല്ല മലയാള സിനിമ ടുഡേ എന്ന വിഭാഗത്തിലേക്ക് വരാന്‍ അര്ഹതയുള്ള, ഒരുപാട് സിനിമകള്‍ അതായത് കലാമൂല്യവും പരീക്ഷണങ്ങളുമായി മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ളവ പുറത്ത് നില്ക്കുമ്പോഴാണ് ഈ സിനിമയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   അതുകൊണ്ട്  മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് പറഞ്ഞു സിനിമ പിന്‍വലിക്കുന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണ്.  പക്ഷെ ഇതൊരു ലോകോത്തര സിനിമയാണെന്ന തെറ്റിദ്ധാരണ അതിനകത്ത് കിടപ്പുണ്ട് എന്നുള്ളതാണ്.

ഒരാള്‍പൊക്കം റിലീസിംഗ് വിശേഷം
പടം റിലീസ് ചെയ്ത ഒരാഴ്ച നല്ല പ്രേക്ഷക പ്രതികരണമായിരുന്നു.  തലസ്ഥാനത്ത് ഏതാണ്ട് ശരാശരി 100 പേര് ദിനവും വന്ന് കണ്ടിരുന്നു.  ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ കെ എസ് എഫ് ഡി സിനിമ  പെട്ടെന്ന് പിന്‍വലിച്ചു.  കാണാന്‍ വന്നവര്‍ ഷോ ഇല്ലെന്നു പറഞ്ഞു തിരിച്ചുപോയി. അങ്ങനെ വലിയ ഒരു ചതി പറ്റി.   പിന്നീട് ഞങ്ങള്‍ വന്നു ബഹളം വച്ചാണ് സിനിമ തിരിച്ചു കൊണ്ട് വന്നത്.  ഇപ്പോള്‍ പത്തുമണിക്കാണ് സിനിമ തന്നിരിക്കുന്നത്.  15-20 പെരോക്കെയാണ്  കാണാന്‍ വരുന്നത്.  ആളുകള്‍ ഇത്തരം സിനിമ കാണാന്‍ തീയറ്ററില്‍ വന്നുകൊണ്ടിരുന്നസമയത്ത്  കെ എസ് എഫ് ഡി സി ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അതിനെ പ്രോത്സാഹിപ്പിക്കണമായിരുന്നു അതുണ്ടായില്ല.

ഇതിനെതിരെ എന്തെങ്കിലും നീക്കം
സത്യം പറഞ്ഞാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല ഇതൊരു വലിയ കോക്കസിന്റെ കൈയ്യിലാണ് ഇരിക്കുന്നത്.  തീയറ്ററും കെ എസ് എഫ് ഡി സി യുമൊക്കെ നിര്മ്മിച്ചിരിക്കുന്നത് ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കാനാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഇപ്പോഴത്തെ നയങ്ങള്‍ ശരിക്കും വഴിപാടുപോലെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ 10-7-5 ദിവസങ്ങള്‍ കൊടുക്കുക-മാറ്റിക്കളയുക എന്ന രീതിയാണ്.  ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല.  നല്ല സിനിമകള്‍ ആണെങ്കില്‍ പിടിച്ചു നില്ക്കും.  ഇല്ലെങ്കില്‍ നമ്മള്‍ ബഹളം വയ്ക്കും.  പ്രതിഷേദം എന്ന് പറഞ്ഞാല്‍ നമ്മളുടെ വലിയ ഒരു കടമയാണല്ലോ.

ബദല്‍ മാര്‍ഗമുണ്ടോ ?
സിനിമക്ക്  ശരിക്കും തീയറ്ററിനെ വെല്ലാനുള്ള ഒരു ബദല്‍ മാര്‍ഗമിനിയുമില്ല.  തീയറ്റര്‍ അനുഭവം തന്നെ സിനിമ കൊടുക്കണം.  പക്ഷെ , നമ്മള്‍ സിനിമ വണ്ടിയുമായി കേരളമാകെ സഞ്ചരിച്ചു ആളുകളെ കാണിച്ചു.  അതിലൂടെ ഇങ്ങനെ ഒരു സിനിമയുണ്ട് സിനിമക്ക് മേന്മയുണ്ട് എന്ന് കണ്ടറിഞ്ഞ ആള്‍ക്കാര്‍ അന്നും ചോദിച്ചിരുന്നു  ഇത് തീയറ്ററില്‍ ഇറക്കിക്കൂടെ എന്ന്.  ആള്‍ക്കാര്‍ കരുതിയിരുന്നത് ഇത്തരം ചെലവ് ചുരുങ്ങിയ സിനിമകള്‍ വരുമ്പോള്‍  തീയറ്ററില്‍ എന്തെങ്കിലും കുഴപ്പമുണ്ടാകും എന്നാണ്. അതല്ലാന്ന് തെളിയിക്കാന്‍ പറ്റിയിട്ടുണ്ട്. അതൊരു വലിയ നേട്ടമാണെന്നാണ് എന്റെ വിശ്വാസം.

ഒരാള്‍പ്പൊക്കം അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ ?
അവാര്‍ഡ് മുന്നില്‍ക്കണ്ടല്ല സിനിമ എടുക്കുന്നത്. സിനിമയ്ക്കുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്.  ആത്മാര്‍ഥമായി ഒരുപാടു സമയം ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെന്തെങ്കിലും അംഗീകാരം  ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.  പിന്നെ നമ്മുടെ ഒരു സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് അവാര്‍ഡ് കിട്ടുമോ ജൂറി പരിഗണിക്കുമോ എന്നൊന്നും പറയാന്‍ കഴിയില്ല.   മലയാള സിനിമയില്‍ ഒരുപാട് സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് എല്ലാം തീരുമാനിക്കപ്പെടുന്നത്.   നേരത്തെ ഒരുപാട് തിരസ്‌കാരങ്ങള്‍ക്ക് വിധേയമായ സിനിമ ഇപ്പോള്‍ സ്വീകരിക്കപ്പെടുന്നു,ചര്ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും നേരത്തെ ഒരുപാട് ചവിട്ടുകള്‍ കിട്ടിയിട്ടുണ്ട്.

ചവിട്ടുകള്‍ എവിടെയൊക്കെ
?
ആദ്യമായി  പനോരമയ്ക്ക് സിനിമ സമര്‍പ്പിച്ചപ്പോള്‍ എടുത്തിട്ടില്ലായിരുന്നു അതാണ്‌ ഒന്നാമത്തെ ചവിട്ട്.      തുടർന്ന്  ഒരുപാട് മേഖലകളില്‍ നിന്നും ചവിട്ടുകള്‍ കിട്ടി, അതെല്ലാം പറയേണ്ടകാര്യമില്ല.  ഐ എഫ് എഫ് കെ യില്‍ വന്നു സിനിമ കാണുന്നതുവരെ ആള്‍ക്കാര്‍ ധരിച്ചു വച്ചിരുന്നത് ഇതിനെന്തോ കുഴപ്പമുണ്ടെന്നാണ്. തുടര്ച്ചയായി  അവാര്‍ഡുകള്‍ വന്നു തുടങ്ങിയതും, അവസാനം മികച്ച സംവിധായകനുള്ള അവാര്‍ഡ്, മകച്ച ശബ്ദ ലേഖകനുള്ള അവാര്‍ഡ് എന്നിവ കൂടി  കിട്ടിയപ്പോഴാണ് കൂടുതല്‍ സ്വീകാര്യത കൈവന്നത്. 

സോഷ്യല്‍ മീഡിയ സപ്പോര്ട്ട്
തീര്ച്ചയായും, സോഷ്യല്‍ മീഡിയ വളരെ വിശാലമാണ്.  പലതരത്തിലുള്ള ആള്‍ക്കാരുണ്ട്.  ഒരാള്‍ക്കുമാത്രമായി അത് നിയന്ത്രിക്കാനാകില്ല.   ജൂറിന്നൊക്കെ പറയുമ്പോള്‍ ജൂറിയിലെ ഏഴ്‌പേരില്‍ രണ്ടുപേര്‍ വളരെ കോക്കസ്സായിട്ട് നില്‍ക്കുകയാണെങ്കില്‍ അവര്ക്ക് മറ്റുള്ളവരെക്കൂടി സ്വധിനിച്ചു ഇല്ലാതാക്കാന്‍ പറ്റും.  പക്ഷെ,സോഷ്യല്‍ മീഡിയ അങ്ങനെയല്ല ഒരാള്‍ ചീത്തയാണെന്ന് പറഞ്ഞാലും വേറൊരാള്‍ സിനിമ കണ്ടിട്ട്  നല്ലതാണെന്ന് പറയുന്ന ഒരു സ്‌പേസുണ്ട്.  അങ്ങനെ ഒരു സ്‌പേസ് ഉള്ളതുകൊണ്ടാണ് ശരിക്കും നമ്മള്‍ക്കിവിടെ നില്‍ക്കാന്‍ പറ്റുന്നത്  അല്ലെങ്കില്‍  ഇതൊന്നും പുറംലോകം കാണുകേയില്ലായിരുന്നു.

പത്തൊൻപതാമത് ഐ എഫ് എഫ് കെയിൽ ഒരാൾപൊക്കവുമായി വന്ന്‌ മലയാളത്തിന്റെ യശസ്സുയർത്തിയ സനൽകുമാര് ശശിധരൻ  ഇരുപതാമത്തെ ഐ എഫ് എഫ് കെയിൽ  മറ്റൊരു സിനിമ ഒഴിവുദിവസത്തെ കളിയുമായി വരുമ്പോൾ നല്ല സിനിമയുടെ പ്രേക്ഷകര്ക്ക് ആശ്വസിക്കാം സ്ഥിരം ചേരുവകളിൽ നിന്ന് വ്യത്യസ്തമായ ഒരു മലയാളം ചിത്രം കാണാമെന്ന്‌.  അങ്ങനെയാകട്ടെ എന്ന് അയ്യോ! പ്രത്യാശിക്കുന്നു.




Views: 4702
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024