സുനില്‍ കണ്ടല്ലൂര്‍ നിര്‍മ്മിച്ച ജയന്റെ മെഴുകു പ്രതിമ മന്ത്രി വി. എന്‍. വാസവന്‍ അനാവരണം ചെയ്യുന്നു
തിരുവനന്തപുരം : അനശ്വര നടന്‍ ജയന്റെ സ്മരണാര്‍ത്ഥം സുനില്‍ കണ്ടല്ലൂര്‍ നിര്‍മ്മിച്ച മെഴുകു പ്രതിമ തിരുവനന്തപുരം സുനില്‍സ് വാക്‌സ് മ്യൂസിയത്തില്‍ മന്ത്രി വി. എന്‍. വാസവന്‍ അനാവരണം ചെയ്തു. ഒരു കാലഘട്ടത്തില്‍ ആരാധകരുടെ ആവേശമായിരുന്ന ജയന്റെ ഏറ്റവും മനോഹരമായ ശില്പാവിഷ്‌കാരമാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജയനെ നേരില്‍ കണ്ടിട്ടുള്ളവര്‍ക്കും അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുള്ളവര്‍ക്കും ജയന്‍ ഇവിടെ എത്തിനില്‍ക്കുന്നതുപോലുള്ള പ്രതീതിയാണുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 'വെല്‍ഡന്‍ 'എന്ന് പറഞ്ഞാണ് ശില്പിയെ സാംസ്‌കാരിക വകുപ്പ് മന്ത്രി അഭിനന്ദിച്ചത്.
സൂര്യ കൃഷ്ണമൂര്‍ത്തി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. രാജകുടുംബാംഗം ആദിത്യവര്‍മ മുഖ്യാതിഥിയായിരുന്നു. സുനില്‍ കണ്ടല്ലൂര്‍, അഡ്വ. സുഭാഷ് സുകുമാരന്‍, സുജിത് സുകുമാരന്‍, സജീവ് നാണു തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ജീവന്‍ തുടിക്കുന്ന മെഴുകു പ്രതിമയുടെ മ്യൂസിയം 2019 ജൂലൈ13 നാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു തെക്കേ ഭാഗത്തുള്ള പാലസ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജയന്റെ പ്രതിമ ഉള്‍പ്പെടെ 38 പ്രതിമകളാണ് മ്യൂസിയത്തില്‍ ഇപ്പോഴുള്ളത്. ഇന്ത്യയിലെ ആദ്യ മെഴുകു പ്രതിമ ശില്പിയായ സുനില്‍ കണ്ടല്ലൂരിന്റെ ഉടമസ്ഥതയിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.