ARTS08/02/2016

എൻ എസ് ഡിയുടെ ആറു ദിന അന്താരാഷ്ട്ര നാടകോത്സവം

ayyo news service
തിരുവനന്തപുരം:കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഇന്ത്യാ അന്താരാഷ്ട്ര നാടകോത്സവം ഭാരത് രംഗ് മഹോത്സവ് 9ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഫെബ്രുവരി 14 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററിലാണ് അന്താരാഷ്ട്ര നാടകോത്സവം അരങ്ങേറുന്നത്. ആസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ സംഘങ്ങളും നാടകം അവതരിപ്പിക്കും. ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടേയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലാണ് നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ടാഗോര്‍ തീയറ്റര്‍ നവീകരണത്തിനുശേഷം ആദ്യമായി വേദിയൊരുങ്ങുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഭാരത് രംഗ് മഹോത്സവിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30ന് ടാഗോര്‍ തീയേറ്ററില്‍ സാംസ്‌കാരിക, വിവരപൊതുജന സമ്പര്‍ക്ക, ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. ആരോഗ്യ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത ചലച്ചിത്ര താരം മധു വിശിഷ്ടാതിഥിയായിരിക്കും. പ്രമുഖ നാടക പ്രവര്‍ത്തകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഫാക്കല്‍റ്റി അംഗവുമായ അഭിലാഷ് പിള്ള ആമുഖ പ്രഭാഷണം നടത്തും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും ഡയറക്ടര്‍ മിനി ആന്റണി നന്ദിയും പറയും.

തുടര്‍ന്ന് മൈസൂര്‍ സങ്കല്‍പ്പ അവതരിപ്പിക്കുന്ന മര്‍ണായക അരങ്ങേറും. ഹുല്‍ഗപ്പ കട്ടിമണിയാണ് ഈ നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനുപുറമേ ജമ്മു, അഹമ്മദാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച എണ്ണുറോളം നാടകങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത എണ്‍പത് നാടകങ്ങളാണ് ഇത്തവണ വിവിധ സ്ഥലങ്ങളിലെ നാടകോത്സവങ്ങളില്‍ അരങ്ങേറുന്നത്.

നാളെ,ഫെബ്രുവരി 10ന് ശ്രീലങ്കയിലെ സ്റ്റേജ് തീയേറ്റര്‍ ഗ്രൂപ്പിന്റെ ഡിയര്‍ ചില്‍ഡ്രണ്‍ സിന്‍സിയര്‍ലി (സംവിധാനം : റുവാന്തീ ഡി ചിക്കേറ), 11ന് ബംഗ്ലാദേശ് തീയേറ്റര്‍ ആര്‍ട്ട് യൂണിറ്റിന്റെ അമീന സുന്ദരി (സംവിധാനം : റുക്കയ്യ റഫീക്ക് ബേബി), 12ന് ഓസ്‌ട്രേലിയ ബെല്‍വോയറിന്റെ സ്റ്റോറീസ് ഐ വാണ്ട് റ്റു ടെല്‍ യൂ ഇന്‍ പേഴ്‌സണ്‍ (സംവിധാനം : അനെ ലൂയി സാര്‍ക്‌സ്), 13ന് ഒഡിഷയിലെ കാന്‍മാസ് ഗ്രൂപ്പിന്റെ ഗിനുവ (സംവിധാനം : കൈലാഷ് പാണിഗ്രഹി), 14ന് തൃശൂര്‍ ഡ്രാമ സ്‌കൂള്‍ ഓഫ് അലൂമ്‌നി റിപ്പര്‍ട്ടറിയുടെ കുഴിവെട്ടന്നവരോട് (സംവിധാനം : നരിപ്പറ്റ രാജു) എന്നീ നാടകങ്ങള്‍ അരങ്ങേറും.

നാടകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 5.30ന് കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ അവതരണം ഉണ്ടാകും. 9ന് വിതുര സൂഹൃത് നാടക കളരിയുടെ ചരടു പിന്നിക്കളി, 10ന് തിരുവനന്തപുരം മാരുതി മര്‍മ്മ ചികിത്സാ കളരിപ്പയറ്റു സംഘത്തിന്റെ കളരിപ്പയറ്റ്, 11ന് വെള്ളനാട് തപസ്യ അവതരിപ്പിക്കുന്ന വില്ലടിച്ചാംപാട്ട്, 12ന് കരകുളം രോഹിണിക്കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടംതുള്ളല്‍, 13ന് തിരുവനന്തപുരം ആപ്റ്റിന്റെ നാടന്‍പാട്ട് അരങ്ങേറും. 14ന് വൈകുന്നേരം 5.30ന് പ്രശസ്ത നാടകാചാര്യന്‍ പ്രഫ.എസ്.രാമാനുജം അനുസ്മരണ സമ്മേളനം നടക്കും. പ്രമുഖ നാടക സംവിധായകന്‍ ഡി രഘൂത്തമന്‍ അനുസ്മരണ പ്രഭാഷണം നടത്തും.  തുടര്‍ന്ന് മഹേഷ് പഞ്ചു രചനയും സംവിധാനവും നിര്‍വഹിച്ച പ്രഫ.എന്‍.രാമാനുജനെ കുറിച്ചുള്ള ഡോക്ക്യുമെന്ററി (ഡ്രാമാനുജം) അരങ്ങേറും.

ഫെബ്രുവരി 1 മുതല്‍ 21 വരെ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലുമായി ഭാരത് രംഗ് മഹോത്സവ് എന്ന പേരില്‍ അന്താരാഷ്ട്ര നാടകോത്സവം അരങ്ങേറുന്നതിന്റെ ഭാഗമായാണ് കേരളത്തിലും അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 04712315426, 9496003242, 9633306218.

പാസ് ലഭിക്കുന്ന സ്ഥലങ്ങള്‍ : ടാഗോര്‍ തീയേറ്റര്‍ ഓഫീസ്, വഴുതക്കാട്, (ഫോണ്‍  04712315426), ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, പ്രസ്സ് ക്ലബ്, തിരുവനന്തപുരം (ഫോണ്‍  04712327206), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനകുന്ന്, തിരുവനന്തപുരം (ഫോണ്‍ 04712731300), സുതാര്യ കേരളം സെല്‍, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം (ഫോണ്‍ 04172334740). ഈ കേന്ദ്രങ്ങളില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പാസ് ലഭ്യമാണ്.

Views: 2095
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024