തിരുവനന്തപുരം:സൂര്യാ ദേശീയ നാടോകോത്സവത്തിൽ ഇന്നലെ അവതരിപ്പിച്ച 12 യന്ത്രങ്ങൾ എന്ന നാടകം പുതു തലമുറ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമായിരുന്നു. എല്ലാം സ്മാർട്ട് ആകുന്ന ഈ യുഗത്തിലെ ചെറുപ്പക്കാർ യാഥാർഥ്യം വിട്ടൊഴിഞ്ഞു ഫാന്റസിയുടെ ലോകത്തിൽ ആണ് ജീവിക്കുന്നതെന്നും നാടകം കാണിച്ചുതരുന്നു.
തേങ്ങയെപ്പോലും തിരിച്ചറിയാൻ കഴിയാത്ത ഐ ടി പ്രൊഫഷണലുകൾ,എല്ലാം ടാർഗറ്റ് ആയിക്കാണുന്നുകയും അത് തികയാതെവരികയും ചെയ്യുന്ന ബിസ്സിനെസ്സ് എക്സിക്യൂട്ടീവുകൾ,രാഞ്ജിയുടെ സ്വയംവരുമായി ബന്ധിപ്പിച്ച സ്വവർഗ വിവാഹം തുടങ്ങി 12 യുവ മനസ്സുകളെ 12 യന്ത്രങ്ങളായിക്കണ്ടാണ് നാടകം മുന്നേറുന്നത്. കണ്ണൻ ഉണ്ണി സംവിധാനംചെയ്തു തിരുവന്തപുരത്തെ ബാക് സ്റ്റേജ് തീയറ്റർ ഗ്രൂപ് അവതരിപ്പിച്ച നാടകം അവതരണത്തിൽ ഒട്ടേറെ പുതുമ പുലർത്തി. 12 മനസ്സുകളെ ചിത്രീകരിച്ചത് 12 കഥയായിട്ടായിരുന്നു. ഓരോ കഥയ്ക്കുമുമ്പും പെരുമ്പറ മുഴക്കി എൽ ഇ ഡി ബൾബിൽ നമ്പർ എഴുതികാണിച്ചിരുന്നു. നടന്മാർ തന്നെ അഭിനയത്തോടൊപ്പം പാടുകയും സംഗീതോപകരണം വായിക്കുകയും ചെയ്യുന്നു, പ്രത്യേകമായ പശ്ചാത്തലസംഗീതം ഉപയോഗിച്ച് കണ്ടില്ല.
അഭിനേതാക്കൾക്ക് ആർക്കും മേക്കപ്പില്ലെന്നതും പ്രോപ്പായിട്ട് ഉപയോഗിച്ച സാധനങ്ങളിൽ ഏറിയ പങ്കും പാഴ്‌വസ്തുക്കൾ എന്നതും കൗതുകകരമായി. കൂടുതലും പാക്ക് ചെയ്തുവരുന്ന കാഡ്‌ബോർഡുകൾ ആയിരുന്നു. എന്തിനു സ്റ്റേജിലെ ബാക് ഡ്രോപ്പ് പോലും ഫ്രിഡ്‌ജും വാഷിംഗ് മെഷീനും പാക് ചെയ്തുവരുന്ന കൂറ്റൻ കാഡ്‌ബോർഡാണ് ഉപോയോഗിച്ചിരിക്കുന്നതു. അതുപോലെ പുതിയ മനസ്സിന്റെ നാടകമായതോണ്ടായിരിക്കണം മറ്റുനാടകങ്ങളിൽ കാണാത്ത നായിക നായികമാരുടെ ഇഴുകിച്ചേർന്നുള്ള അഭിനയം അധികമായി ഇതിൽക്കണ്ടു.