തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന് മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ 10 മണിക്ക് ശബരിമലയില്‍വെച്ച്
സഹകരണദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്.
ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഗംഗൈ അമരന്‍ പ്രശ്‌സത സംഗീതജ്ഞന്‍ ഇളയരാജയുടെ ഇളയ സഹോദരനാണ്. പ്രമുഖ കോളിവുഡ് സംവിധായകന്‍ വെങ്കിട്ട് പ്രഭു, നടന്‍ പ്രേംജി അമരന്‍ എന്നിവര്‍ മക്കളും.
1947 ഡിസംബര്‍ എട്ടിന് തമിഴ്‌നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയല്‍ രാമസ്വാമിയുടേയും ചിന്നതായിയുടേയും മകനായി ജനിച്ച ഗംഗൈ അമരന്‍ എന്ന അമര്‍ സിംഗ് ഗായകന്‍, സംഗീതസംവിധായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
3000ല്‍ ഏറെ ഗാനങ്ങള്‍ രചിക്കുകയും, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 180 ലേറെ ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുകയും ചെയ്ത ഗംഗൈ അമരന്‍ ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. കലൈമാമണി ഇയല്‍, ഇയല്‍ ഇസൈവാനര്‍, ഇയക്കുനര്‍ സെമ്മല്‍, മന്നിസൈ മൈന്ദര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.