BUSINESS12/06/2015

സിയാല്‍ ലാഭം 144.58 കോടി ; ലാഭവിഹിതം 21 ശതമാനം

ayyo news service

തിരുവനന്തപുരം:കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) പതിനേഴാം വര്‍ഷത്തിലും മികച്ച നേട്ടം. 2014-15 സാമ്പത്തിക വര്‍ഷം 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും. 21 ശതമാനമാണ് ലാഭവിഹിതം. കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. 

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വളര്‍ച്ച സിയാല്‍ രേഖപ്പെടുത്തി. 2013-14ല്‍ 361.39 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 124.42 കോടി ലാഭവും. 36 രാജ്യങ്ങളില്‍ നിന്നായി പതിനെണ്ണായിരത്തില്‍പ്പരം പേര്‍ക്ക് സിയാലില്‍ നിക്ഷേപമുണ്ട്. 2003-04 മുതല്‍ കമ്പനി തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 18 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവിലെ ബോര്‍ഡ് നിര്‍ദേശം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ മൊത്തം 153 ശതമാനം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ കമ്പനിക്ക് കഴിയും. നൂറുകോടി രൂപയുടെ ഓഹരിവിഹിതമുള്ള കേരള സര്‍ക്കാരിന് ഈ വര്‍ഷം ലാഭവിഹിതം ലഭിക്കുമ്പോള്‍ 153 കോടി രൂപ തിരികെക്കിട്ടും. 

കഴിഞ്ഞ സാമ്പത്തികവര്‍ഷം 64 ലക്ഷത്തിലധികം പേര്‍ കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനമാണ് വളര്‍ച്ചാനിരക്ക്. കമ്പനിയുടെ ആകെ വരുമാനത്തിന്റെ അറുപതു ശതമാനത്തോളം കൊമേഴ്‌സ്യല്‍, ഡ്യൂട്ടി ഫ്രീ തുടങ്ങിയ വ്യോമഗതാഗതേതര മാര്‍ഗത്തിലൂടെയാണ് ലഭിച്ചത്. കാര്‍ഗോ വിഭാഗവും മികച്ച വളര്‍ച്ച രേഖപ്പെടുത്തി.

64,935 ടണ്‍ ചരക്കാണ് 2014-15ല്‍ സിയാല്‍ കാര്‍ഗോ കൈകാര്യം ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.28 ശതമാനം വളര്‍ച്ച. 1050 കോടിരൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ജലവൈദ്യുതോല്‍പ്പാദനം എന്നിങ്ങനെ വന്‍കിട പദ്ധതികള്‍ക്ക് സിയാല്‍ തുടക്കം കുറിച്ചിട്ടുണ്ട്.

Views: 1740
SHARE
CINEMA

അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രം ഒരുങ്ങുന്നു

NEWS

നവഭാവന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

ക്രിസ്റ്റീന സോണി സ്കൂളിലും നാട്ടിലും കൊച്ചുതാരം

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024