ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് ബില്ലിനു രാജ്യസഭ അംഗീകാരം നല്‍കി. വസ്തുക്കള്‍ വാങ്ങുന്നവരുടെ താത്പര്യം സംരക്ഷിക്കുന്നതും ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതുമാണ് ബില്ലെന്നു നഗരവികസന മന്ത്രി എം.വെങ്കയ്യ നായിഡു വ്യക്തമാക്കി. ബില്‍ ഈ മണിക്കൂറിന്റെ ആവശ്യമാണെന്നും വരുംകാലത്ത് കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യസഭാ കമ്മിറ്റി നിര്‍ദേശിച്ച 20 ഭേദഗതികളോടെ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര കാബിനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഏജന്റ്മാരോ പ്രമോട്ടേഴ്‌സോ വാങ്ങുന്നവരോ ഇതു സംബന്ധിച്ച ഉന്നതാധികാര ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പള്‍ അടങ്ങിയതാണ് ബില്‍. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കേസുകളില്‍ ട്രൈബ്യൂണല്‍ 60 ദിവസത്തിനകം തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അഥോറിറ്റികള്‍ രൂപീകരിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണു ബില്ലിലൂടെ ലക്ഷ്യമിടുന്നത്. താമസത്തിനായുള്ളതും വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ളതുമായ എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും ഈ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഭവനനിര്‍മാണ (ഫ്‌ളാറ്റ്) പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളുമായി ഇനി ഉപഭോക്തൃ കോടതികളെയും സമീപിക്കാം.