തിരുവനന്തപുരം: ഇഎസ്‌ഐ കോര്‍പറേഷന്‍ അംഗീകരിച്ചതും വകുപ്പ് മുഖേന വിതരണം ചെയ്യേണ്ടതുമായ 103 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍. ഇഎസ്‌ഐ ഡിസ്പന്‍സറികളിലും ആശുപത്രികളിലും ഇല്ലാത്ത മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങി പണം റീ ഇംബേഴ്‌സ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇത് രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.കൂടാതെ പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകളുടെ വില നീതിസ്‌റ്റോര്‍ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ വിലയെക്കാള്‍ വളരെ കൂടുതലാണെന്നത് സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മികച്ച ഇ എസ് ഐ ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കുമുള്ള 2017ലെ അവാര്‍ഡ് ദാനചടങ്ങ്് ഉദ്ഘാടനം ചെയ്യുകയിരുന്നു മന്ത്രി.
ആശുപത്രി വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പേരൂര്‍ക്കട, എറണാകുളം ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുന്നത്തുപാലം, ചേര്‍ത്തല ഡിസ്‌പെന്‍സറികള്‍ക്കും മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.