തിരുവനന്തപുരം:വനിത ജീവനക്കാര്‍ക്ക് നിയമാനുസൃതമായ താമസസൗകര്യം ലഭ്യമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ കെ.ബിജു അറിയിച്ചു. ഈ മാസം പന്ത്രണ്ടിനും പതിനെട്ടിനും തിരുവനന്തപുരം നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാരശാലകളില്‍ തൊഴില്‍വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന്, ഇരുന്നൂറോളം വനിതാ ജീവനക്കാരെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാതെ പാര്‍പ്പിച്ച അട്ടക്കുളങ്ങരയിലെ വസ്ത്രവ്യാപാരശാലയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തിനകം വനിതാ ജീവനക്കാരെ അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതു പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു.
ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ജി.വത്സലകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം തൊഴില്‍വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. ജോലി സമയം, വിശ്രമസൗകര്യങ്ങള്‍, ടോയ്‌ലറ്റുകള്‍, താമസസൗകര്യങ്ങള്‍, ആഴ്ച അവധി, ഓവര്‍ടൈം ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.