തിരുവനന്തപുരം> സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കേരള പോലീസിന്റെ പിങ്ക് പട്രോളിംഗ് ആരംഭിച്ചു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാവരും വനിതാ പോലീസുകാരായ പിങ്ക് പട്രോള്‍ ആദ്യ ഘട്ടത്തില്‍ നഗരപരിധിയിലാണ് പ്രവര്‍ത്തനം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് പട്രോള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഡിജീപി ലോക്‌നാഥ് ബഹ്‌റ,എഡിജിപി ബി സന്ധ്യ, ചലച്ചിത്ര നടി മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്ക് പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും 1515 എന്ന നമ്പറിലേക്ക് വിളിക്കാം. സഹായം തേടിയുള്ള ഒരു ഫോണ്‍കോള്‍ വന്നാല്‍ കൃത്യമായി സ്ഥലം കണ്ടെത്തി വേഗത്തില്‍ പോലീസ് സഹായം എത്തിക്കുന്നതിന് സാധിക്കുന്ന സോഫ്റ്റ്‌വെയറാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പിങ്ക് പട്രോള്‍സംഘം പര്യടനം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്ന പിങ്ക് ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളും പിങ്ക് പട്രോള്‍സംഘം നല്‍കും.
സിഡാക്!, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പിങ്ക് പട്രോളിങ്ങ് വാഹനം വികസിപ്പിച്ചിരിക്കുന്നത്.