വീണ്ടും ഒരു ലോക മഹിളാദിനം കൂടി കടന്നു പോവുകയാണല്ലോ. ചിന്താശക്തി കുറഞ്ഞ മനുഷ്യരുടെ സമൂഹത്തില്‍ ഓരോ വര്‍ഷവും സ്ത്രീ പീഡനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. മനുഷ്യന്‍ ജന്മമെടുത്ത കാലം മുതല്‍ പുരുഷന്‍-സ്ത്രീ എന്ന രണ്ട് വര്‍ഗ്ഗമുണ്ടായി. അതോടെ പുരുഷന്റെ ആധിപത്യത്തിന്‍ കീഴില്‍ സ്ത്രീയുടെ ജീവിതവും എന്ന വസ്തുത ഇന്നും ആരും തിരിച്ചറിയുന്നില്ല. ഈ ആധിപത്യ സ്വഭാവം പുരുഷന്റെ ജനനം മുതല്‍ ആരംഭിച്ചതാണ്. അവന്‍ വളര്‍ന്നുവന്ന സാഹചര്യം ആധിപത്യം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നു.
സ്ത്രീയെ അമ്മയായും മകളായും സഹോദരിയായും അമ്മായിയായും വലിയമ്മയായും ചിറ്റമ്മയായും കാമുകിയായും ഭാര്യയായും തരംതിരിച്ചിട്ടും പുരുഷന്‍ തന്റെ ആധിപത്യം ഇന്നും തുടരുകയാണ്. ഇതിന് പ്രായഭേദമില്ല. ഇത് പുരുഷന്റെ ജന്മനാലുള്ള വൈകവല്യമാണെന്നേ കരുതാന്‍ കഴിയൂ.
പുരുഷനെ സംബന്ധിച്ചിടത്തോളം അവന്‍ സ്ത്രീയേക്കാള്‍ സ്വാര്‍ത്ഥനാണ്. സ്വന്തം ഇഷ്ടം നേടിയെടുക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിനുവേണ്ടി എന്തു ഹീനമാര്‍ഗ്ഗവും പ്രയോഗിക്കാന്‍ മടിക്കാത്തവനാണ് പുരുഷന്‍. സ്ത്രീയെ ഒരു ഉപകരണമാക്കാനും അടിമയാക്കാനും നിയന്ത്രിക്കാനുമെല്ലാം ശ്രമിക്കുന്നത് പുരുഷസ്വാഭാവത്തിന്റെ പ്രത്യേകതയാണ് അതാണ് ചിലപ്പോള്‍ അവന്‍ അനിയന്ത്രിതമായി അവളുടെമേല്‍ ചാടിവീഴുന്നതും തന്റെ ഇരയാക്കാന്‍ ശ്രമിക്കുന്നതും. ഇത് മനസ്സിലാക്കാനുള്ള കഴിവ് സമൂഹത്തിന് കുറവാണെന്ന് വിശ്വസിക്കുന്നു.
സ്ത്രീ-പുരുഷ സമത്വം എന്നത് നിയമപരമായും അല്ലാതെയും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എണ്ണത്തില്‍ സ്ത്രീയും പുരുഷനും ഏകദേശം തുല്യരാണെങ്കിലും കൊച്ചു കേരളത്തിന്റെ കാര്യത്തില്‍ സ്ത്രീയുടെ എണ്ണംതന്നെയാണ് മുന്നില്‍. അതോടൊപ്പം സാക്ഷരതയിലും സ്ത്രീ പങ്കാളിത്തം വര്‍ദ്ധിച്ചിട്ടുള്ളത് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നിട്ടും സ്ത്രീ പീഡനങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
പിതാവിന് സ്വന്തം മകളെപ്പോലും തിരിച്ചറിയാനാവാത്തവിധം നമ്മുടെ സമൂഹം അധഃപതിച്ചു പോയല്ലോ. പിഞ്ചുകുഞ്ഞുങ്ങളോടുപോലും ക്രൂരമായി പെരുമാറുന്ന പുരുഷ സമൂഹത്തിനു നേരെ നിസ്സഹായരായി നോക്കി നില്‍ക്കുന്ന സ്ത്രീ സംഘടനകള്‍ വെറും സൊസൈറ്റി ഗ്രൂപ്പുകളായി മാറിനില്‍ക്കുന്നുവോ ?
നിയമത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളാണ് തുറന്നിട്ടിരിക്കുന്നത്. നിയമം നിര്‍മ്മിക്കുന്നതും നടപ്പിലാക്കുന്നതും ജനത്തെ ഭരിക്കുന്നതും നയിക്കുന്നതും എല്ലാം പുരുഷനല്ലേ ? റേഷന്‍ കാര്‍ഡില്‍ സ്ത്രീയെ നായിക ആക്കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നാണോ അര്‍ത്ഥം? ഒരിക്കലുമല്ല! അടിസ്ഥാനപരമായി പുരുഷന്റെ മനോഭാവം തന്നെ മാറണം. ചിലപ്പോള്‍ പുരുഷന്‍ ഏതോ മനോരോഗത്തിന് അടിമയാകാം. അവന്റെ ജീവിതശൈലിയും, ഭക്ഷണ രീതിയും വിഷാംശം ചേര്‍ന്ന ആഹാര രീതിയുമെല്ലാം ഹോര്‍മോണ്‍ തകരാറുകള്‍ക്കും കാരണമാകാം. ഇത് സ്ത്രീയെക്കാളും പുരുഷന്റെ മനോനിയന്ത്രണം നഷ്ടപ്പെടുത്താം. അതാണ് അവന്‍ എത്ര ഉന്നതനായാലും വിഷംചീറ്റുന്ന പാമ്പായി മാറുന്നത്.
തെരുവില്‍ വച്ച് പെണ്‍പട്ടിയെ കാണുന്ന ആണ്‍പട്ടിയുടെ സ്വഭാവമാണ് ഇന്നത്തെ സ്ത്രീപീഡനകഥകള്‍ ഓര്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നത്. അവന്‍ ജനിച്ചാല്‍ ഉടന്‍ തന്നെ കുടുംബത്തില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെങ്കില്‍ ഭാവിയില്‍ ഒരുപരിധി വരെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അല്ലെങ്കില്‍ ദൈവത്തിന്റെ വക്താക്കളായ ഇന്നത്തെ പുരോഹിത വര്‍ഗ്ഗം ആത്മീയതയേക്കാള്‍ ഭൗതിക സുഖത്തിന് വഴിതെളിച്ചെന്നു വരാം. ഇക്കാര്യങ്ങള്‍ വളരെ ഗൗരവപരമായി ഓര്‍ക്കേണ്ട ഒരു സുദിനമാക്കി മാറ്റുവാന്‍ 2017 ലെ ലോക മഹിളാദിനത്തിന് കഴിയട്ടേ എന്ന് ആശംസിക്കുന്നു.