'മനക്കരുത്തുണ്ടെങ്കില്‍ കാന്‍സര്‍ ഒരു സാധാരണ രോഗം'
ayyo news service
രമാ വേണുഗോപാൽ ഏഴ് വര്‍ഷത്തിനു മുമ്പ് ആശുപത്രിയിൽ വച്ച് ഒരു രാത്രിയിൽ വേണുഗോപാലിനോട് നഴ്സ് ചോദിച്ചു നിങ്ങളുടെ ഭാര്യയുടെ രോഗം എന്താണെന്നറിയാമോ? അറിയാം. കാൻസർ എന്ന് വേണുഗോപാൽ മറുപടി പറഞ്ഞു. അത് ഭാര്യയ്ക്കറിയാമോ എന്ന് നഴ്സ് വീണ്ടും ചോദിച്ചു. അറിയാം എന്ന് വേണുഗോപാൽ മറുപടി നൽകി. എന്താണ് കാര്യം? തിരിച്ച് നഴ്സിനോട് വേണുഗോപാൽ പരിഭ്രമത്തോടെ ചോദിച്ചു. നാളെ രാവിലെ ഓപ്പറേഷന് വിധേയമാകേണ്ട നിങ്ങളുടെ ഭാര്യ ഇവിടെ റൂമില്‍ ഒരു കല്യാണ പാര്‍ടിയുടെ ബ്ലൗസിന്റെ തുണി വെട്ടിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എതെരുവിധ മാനസികസമ്മര്‍ദ്ധമോ മറ്റു പ്രശനങ്ങളോ ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ക്ക് ഓപ്പറേഷന്റെ തലേദിവസം പ്രഷറും ഷുഗറും കൂടി ഓപ്പറേഷന്‍ നടക്കാറില്ല. അതുകൊണ്ട് പുറത്തുപോയ നിങ്ങൾ വരുമ്പോൾ ഡോക്ടര്‍ ചോദിക്കാന്‍ പറഞ്ഞിട്ടാണ് ചോദിച്ചതെന്ന് നഴ്സ് മറുപടി നൽകി.
48 വര്‍ഷം തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന കേടായ ഇടത്തെ മുല എനെന്നേക്കുമായി ഒരു കത്തിമുനയില്‍ മുറിച്ചു നീക്കും എന്നറിഞ്ഞിട്ടും മനസ്സാനിധ്യം കൈവിടാതെ ഓപ്പറേഷന് തയ്യാറെടുത്ത കൊല്ലം ആശ്രാമം കീര്ത്തിനഗർ-71 ൽ എസ് എസ് സ്റ്റിച്ചിംഗ് സെന്റർ നടത്തുന്ന രമാ വേണുഗോപാലിന്റെ മനക്കരുത്തിന്റെ ചെറിയ ഒരു ഉദാഹരണമാണിത്. വര്‍ഷങ്ങളായി ആസ്ത്മ,കോര്‍ണിയയിലെ അള്‍സര്‍ കാരണം ഇരു കണ്ണുകള്‍ക്കും സെന്‍സേഷനില്ല. അതുമൂലം ഇടയ്ക്കിടെ കണ്ണുകള്‍ പൊട്ടുന്ന അവസ്ഥ ,മുട്ടുവേദന,സ്‌പോണ്ടിലിറ്റീസ്,യൂറിനറി ഇന്‍ഫെക്ഷന്‍,ഇടയ്ക്കിടെയുള്ള ചെവിവേദന തുടങ്ങിയ രോഗങ്ങളില്‍ തളരാതെ വര്‍ഷങ്ങളായി കുടുംബ ജീവിതവും ബിസിനെസ്സും ഒരു പോലെ മുന്നോട്ടു കൊണ്ടുപോകുന്ന രമാ വേണുഗോപാലിന് പെട്ടെന്ന് ഒരു ദിനം കടന്നുവന്ന സ്തനാര്‍ബുദത്തിനു മുന്നില്‍ എങ്ങനെയാണ് പകച്ചു നില്‍ക്കാന്‍ കഴിയുക. സ്വയം ആർജിച്ച മനക്കരുത്തിൽ മറ്റു രോഗങ്ങളെപ്പോലെ കാൻസറിനെയും കണക്കാക്കി ആര്ക്കും മാതൃകയാക്കാവുന്ന വളരെ പോസിറ്റിവായ ഒരു സാധാരണ സ്ത്രി ജീവിതം നയിക്കുകയാണ് ഇന്ന് രമാവേണുഗോപാൽ.
വീട്ടിൽ 20 വർഷമായി നടത്തുന്ന എസ് എസ് സ്റ്റിച്ചിംഗ് സെന്ററിൽ അഞ്ചു സ്ത്രീകൾ തയ്യൽക്കാരയിട്ടുണ്ട്. ചുരിദാർ,സാരീസ്,അണ്ടർസ്കർട്സ്,ബ്രൈഡൽ സ്റ്റിച്ചിങ്ങുകൾ,സ്കൂൾ യുണിഫോമുകൾ എന്നിവ ഇഷ്ടാനുസരണം തയ്ച്ചുകൊടുക്കുകയും വില്പന നടത്തുകയും ചെയ്യുന്നു. കുഞ്ഞു നാളിലെ പഠിച്ച തയ്യൽ സ്വയം വരുമാന മാര്ഗമായി സ്വീകരിച്ച് വിജയത്തിന്റെ വഴി തെളിച്ച രമാ വേണുഗോപാലിനെ മാറിമാറിവന്ന രോഗങ്ങൾക്കൊന്നും തളർത്താൻ കഴിഞ്ഞില്ല. പുതിയ അവതാരമായ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന കാൻസറിനെ വരുതിയിലാക്കിയ അനുഭവം 2016 ലോക കാൻസർ ദിനത്തിൽ പങ്കിടുകയാണവർ.
ഒരു ദിവവസം ഞാന്‍ വീട്ടിലെ ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ കൈയ്യിലും നെഞ്ചിന്റെ ഇടതു ഭാഗത്തും ഡോര്‍ലോക്കില്‍ നിന്ന് ഇടിയേറ്റു. അതിന്റെ ഫലമായി അടുത്തദിവസം കൈയ്യില്‍ ചെറിയ തടുപ്പ് കണ്ടു. നെഞ്ചിന്റെ വലതുവശത്തും ചെറിയ മുഴ യുണ്ടെന്നറിഞ്ഞു. ഇവ രണ്ടും ഇടിയില്‍ സംഭാവിച്ചതാകുമെന്ന് ഞാന്‍ കരുതി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈയിലെ തടിപ്പ് മാറുകയും. ഇടം നെഞ്ചിലെ തടുപ്പ് മാറാതെ ഇരുന്നപ്പോഴാണ് ഡോക്ടറെ കാണിച്ച് ടെസ്റ്റ് നടത്തിയത്. പരിശോധനയുടെ ഫലം വന്നപ്പോള്‍ അത് സ്തനാര്‍ബുദം ആണെന്നും എടുത്തുകളയാതെ വേറെ മാര്‍ഗമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. നിരവധി രോഗങ്ങള്‍ പേറുന്ന ഞാന്‍ കാന്‍സര്‍ എന്ന നാലക്ഷരം കേട്ടപ്പോള്‍ തകര്ന്നു പോയി. എന്റെ ജീവിതം തന്നെ അവസാനിച്ചു വെന്ന് കരുതി. എന്റെ കുടുംബം, രാവും പകലും കഠിനാധ്വാനം ചെയ്തു വാര്‍ത്തെടുത്ത ബിസിനസ് ഇവയെല്ലാം എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി.
മകൾ ശാലിനി ഇന്റര്‍നെറ്റില്‍ ഇതുമായി ബന്ധപ്പെട്ടവ വായിച്ചിട്ട് ഓപ്പറേഷന്‍ ചെയ്താല്‍ കുഴപ്പമില്ലെന്നും കഴിഞ്ഞവര്‍ സുഖമാവി ജീവിക്കുന്നുവെന്നും പറഞ്ഞു തന്നു. പീന്നെ പരിചയക്കാരായ ഡോക്ടര്‍മാര്‍,സുഹൃത്തുക്കള്‍,ബന്ധുക്കാള്‍,എന്റെ സ്ഥാപനത്തിലെ സ്റ്റാഫുകള്‍ എല്ലാവരും എന്നെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. തുടര്‍ന്ന് ഈ ഓപ്പറേഷന് വിധേയരായ നിരവധിപേരെ ഞാന്‍ നേരില്‍ക്കണ്ട് സംസാരിക്കുകയും, അവരുടെ ജീവിതം അടുത്തറിയുകയും ചെയ്തുകൊണ്ട് എന്റെ മനസ്സിനെ ഓപ്പറേഷന് വേണ്ടി പാകപ്പെടുത്തി. കേടുവന്ന ഒരു മരം വേരോടെ പിഴുതെറിയുന്നതുപോലെ എന്റെ ശരിരത്തിലെ കേടായ ഒരു ഭാഗം നീക്കം ചെയ്യുകയാണെന്നും അതെന്റെ ഭാവി ജീവിതത്തിന്റെ നല്ലതിനാണെന്നും ഉള്ള പോസിറ്റീവ് ചിന്ത ഉണ്ടാക്കിയെടുത്തു.
ഒരു രോഗിയല്ലെന്നുള്ള ചിന്ത വെടിഞ്ഞ് മുമ്പത്തേക്കാളും കൂടുതൽ ദൈനംദിന കാര്യങ്ങളിൽ മനസ്സ് പതിപ്പിച്ചു. അർബുദം ആണെന്നറിയുന്നതിനു മുമ്പ് തിരുപ്പതിയിൽപ്പോയി തല മുണ്ഡനം ചെയ്തതിനാൽ ഓപ്പറേഷനു ശേഷം മുടി നഷ്ടപ്പെടും എന്ന ഭയവും എനിക്കില്ലായിരുന്നു. ഓപ്പറേഷന്റെ തലേന്ന് രാത്രി ഞാൻ ആശുപത്രി മുറിയിലിരുന്നു ബ്രൈഡൽ സ്റ്റിച്ചിങ്ങിന്റെ തുണികൾ വെട്ടുകയും ബ്ലൗസിൽ ഹൂക്ക് വയ്ക്കുകയും ചെയ്തിരുന്നു. ഈ രോഗത്തിന്റെ പേരിൽ ഞാൻ ഒരിക്കൽ പോലും തയ്യൽ നിർത്തിവച്ചിട്ടില്ല. എന്റെ സ്റ്റാഫുകളുടെ ആത്മാർഥമായ സഹകരണം കൊണ്ടാണ് എനിക്കത് സാധിച്ചത്. ഓപ്പറേഷനും തുടർന്നുള്ള ചികിത്സകളും, ടെസ്റ്റുകളും നടത്തി മറ്റു കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ എനിക്ക് റേഡിയേഷൻ ചെയ്യേണ്ടി വരികയോ ആജീവനാന്തമുള്ള ഗുളികകൾ കഴിക്കേണ്ടിയോ വന്നിട്ടില്ല. രോഗത്തിന്റെ ആരംഭദശയിൽ തന്നെ കണ്ടെത്തി ചിത്സിച്ചതുകൊണ്ടാകാം.
സി എസ് വേണുഗോപാൽ,രമാ വേണുഗോപാൽ മറ്റൊന്ന് ഈ രോഗം വരുന്ന സ്ത്രീകൾക്ക് എപ്പോഴും താങ്ങും തണലുമാകുന്ന ഒരു ഭർത്താവിനെ ലഭിക്കുക എന്നതാണ്. ഞാനതിൽ ഭാഗ്യവതിയാണ് സി എസ് വേണുഗോപാലിന്റെ(റിട്ട.കെ എം എം എൽ)പിൻബലമാണ് ഇന്നും എന്നെ താങ്ങി നിർത്തുന്നത്. മക്കളായ വി ആർ ശരത് ഗോപാൽ(ദുബായ്) വി ആർ ശാലിനി പ്രവീൺ, മരുമക്കളായ ലക്ഷ്മിശരത്, എസ്.പ്രവീൺ(ലഫ്.കേണൽ) എന്നിവരുടെ സ്നേഹവും കരുതലും കൂടിയാകുമ്പോൾ ഞാൻ ഒരു രോഗിയല്ലെന്ന ചിന്ത പലപ്പോഴും കടന്നുവരാറുണ്ട്.