മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഗാനം വഴിത്തിരിവായി. പുലിമുരുകൻ എന്ന സിനിമയിൽ വാണിജയറാം പാടിയ "മാനത്തെ മാരി കുറുമ്പേ " എന്ന ഗാനമാണ് പോസ്റ്റ് ചെയ്തത്. ഈ ഗാനം സംഗീതസംവിധായകൻ സ്റ്റിൽജു അർജുന്റെ ശ്രദ്ധയിൽപ്പെട്ടു.രാധികയുടെ ആലാപനം ഇഷ്ടപ്പെട്ട അദ്ദേഹം കെ. ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ദയാഭാരതി എന്ന സിനിമയിൽ പാടാൻ അവസരം നൽകി . ഇന്ത്യൻ സംഗീത മാന്ത്രികൻ ഹരിഹരനോടൊപ്പമാണ് രാധിക തന്റെ ആദ്യ ഗാനം ആലപിച്ചത്. "ഇരുളാറ്റിയൊരീ മലമേട്ടിൽ..." എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് ജയൻ തൊടുപുഴ ആണ്.കൈലാഷ്, അപ്പാനി ശരത്, മിയ ജോർജ് തുടങ്ങിയ പ്രമുഖ താരങ്ങൾ ദയാഭാരതിയിൽ കഥാപാത്രങ്ങളാകുന്നുണ്ട്.
മലയാള സിനിമയിലേയ്ക്കുള്ള രാധികയുടെ അരങ്ങേറ്റം അങ്ങനെയായിരുന്നു.അതിനു ശേഷം സംഗീതജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്ന് ഗായിക പറയുന്നു.7 ആൽബങ്ങളിൽ ഇതിനോടകം ഗാനങ്ങൾ ആലപിച്ചു.. നിരവധി ലൈവ് പ്രോഗ്രാമുകൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നുണ്ട് . ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി പേർ ഗായികയെ ഫോളോ ചെയ്യുന്നുണ്ട്. മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എന്നിവർക്കൊപ്പം ഗാനങ്ങൾ ആലപിച്ചു.ബിജു നാരായണനോടൊപ്പം ആലപിച്ച അവൾ എന്ന ആൽബത്തിലെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു.കലേഷ് പനമ്പയിൽ രചിച്ച " വിഷാദമായി സന്ധ്യ മയങ്ങി... " എന്നു തുടങ്ങുന്ന ആ ഗാനം പുതിയൊരു ഭാഗ്യം കൂടി കൊണ്ടു വന്നതിന്റെ സന്തോഷത്തിലാണ് ഗായിക. അതീവ ഹൃദ്യമായ ആ ഗാനം കേട്ട സംഗീത സംവിധായകൻ ജോസ് കടവിൽ, ജി. വേണുഗോപാലിന്റെ കൂടെ ഒരു ഗാനം പാടാൻ അവസരം നൽകി. നീണ്ട ഇടവേളയ്ക്കു ശേഷം വേണുഗോപാൽ പാടുന്ന ആൽബം ഗാനം എന്നൊരു പ്രത്യേകതയുമുണ്ട്. നിസാമുദീൻ ആണ് ഗാനരചന നിർവഹിച്ചത്. ഏഴു വർണ്ണമീ പ്രണയം ആണ് രാധിക പാടിയ മറ്റൊരു വീഡിയോ ആൽബം. പ്രദീപ് എൽ. ഷാദ്ദായ് സംവിധാനം ചെയ്ത ഈ ആൽബത്തിന്റെ ഗാനരചന നിർവഹിച്ചത് നാസിർ കെ ചെലാരും സംഗീത സംവിധാനം നിർവഹിച്ചത് സുനിൽ ഭാസ്കറും ആണ്.
രാധികയുടെ പിറന്നാൾ ദിനത്തിൽ ഗായിക കെ. എസ്. ചിത്ര വീഡിയോ കാളിൽ എത്തി ആശംസയും അഭിനന്ദനവും അറിയിച്ചത് ജീവിതത്തിലെ വലിയ ഒരു ഭാഗ്യമാണെന്ന് ഈ യുവഗായിക പറയുന്നു.കൈവന്ന എല്ലാ ഭാഗ്യങ്ങൾക്കും ദൈവത്തോടും ഭർത്താവിനോടും രക്ഷിതാക്കളോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഗായിക പറയുന്നു. സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിന്തുണയ്ക്ക് ഈ നേട്ടങ്ങൾ കൂടി കാരണമാണെന്നും രാധിക വിശ്വസിക്കുന്നു. കലയോടുള്ള അഭിനിവേശം വിടാതെ മുറുകെ പിടിക്കുന്നവർക്ക് എന്നായാലും അതിനു അംഗീകാരം ലഭിക്കുമെന്ന് ഈ ഗായിക ഉറച്ചു വിശ്വസിക്കുന്നു.
മാലിദ്വീപിലാണ് രാധികയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. രാധികയുടെ ഭർത്താവ് അശോക് അവിടെയുള്ള സ്കൂളിലെ അധ്യാപകനാണ്.മക്കളായ നിരഞ്ജൻ കൃഷ്ണ അഞ്ചാം ക്ലാസ്സിലും ഗൗതം കൃഷ്ണ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു