സ്ത്രീപീഡനങ്ങൾ എന്നും മാധ്യമ വാർത്തകളാണ്. അത്തരം വാർത്തകൾ ദിനവും മാധ്യമങ്ങളിലൂടെ നാം അറിയുന്നുമുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ നാം വളരെ ശ്രദ്ധാലുക്കളുമാണ്. അതിനാൽ പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുന്നതിന് നിരവധി ബോധവത്കരണ പരിപാടികൾക്ക് നാം നേതൃത്വം കൊടുത്തുവരികയാണ്. അതിന് മാധ്യമങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവർ തന്നെ വില്ലന്മാരാകുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അവയിൽ പ്രധാനികൾ ചില ദൃശ്യ മാധ്യമങ്ങളാണ്. സ്ത്രീസുരക്ഷയെ കാറ്റിൽപ്പറത്തി പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സീരിയലുകൾ പ്രദർശിപ്പിച്ചു കൊണ്ടാണ് വില്ലന്മാരാകുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭാഷണങ്ങൾ, ദേഹോപദ്രവം തുടങ്ങിയ ക്രൂരതകൾ കുത്തിനിറച്ചതാവയാണ് മിക്ക സീരിയലുകളും. അവ നമ്മുടെ വീട്ടിലെ സ്വീകരണ മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ സ്വീകരിക്കുന്നത് വീട്ടമ്മ മാരും. സ്വന്തം കണ്മുന്നിൽ തന്റെ തന്നെ പ്രതിനിധിയായ സ്ത്രീ കഥാപാത്രത്തിന് ഏല്ക്കേണ്ടിവരുന്ന പീഡനങ്ങൾ കാണേണ്ടി വരുന്ന സ്‌ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. പെൺകുട്ടികൾ, യുവതികൾ,ഗർഭിണികൾ, അമ്മമാർ, മുത്തശ്ശിമാർ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങൾക്കെതിരെയുള്ള ക്രൂരതകൾ സീരിയലുകളിൽ തുടർക്കഥയാണ്. ഇത് സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമല്ലേ? അവർക്കെതിരെയുള്ള ക്രൂരതകളെ വിനോദോപാധിയാക്കി റേറ്റിംഗ് കൂട്ടി വില്പനച്ചരക്കാക്കുന്നത് ഉചിതമോ?
ഇതിനെതിരെ സമൂഹത്തിലെ ഒരു സ്ത്രീയോ, വനിതാ സംഘടനകളോ, സാമൂഹിക പ്രവർത്തകരോ, മനുഷ്യാവകാശ സംരക്ഷകരോ ഒന്നും ശബ്ദമുയർത്തിക്കണ്ടില്ല. ഇക്കഴിഞ്ഞ ലോക വനിതാ ദിനത്തെ ഓർത്ത് സ്ത്രീസുരക്ഷയ്ക്ക് വിഘാതം സൃഷിടിക്കുന്ന ഇത്തരം വിനോദ സൃഷ്ഠികൾ അനുവദനീയമാണോ എന്ന് വിചിന്തനം ചെയ്യുക. അതോടൊപ്പം സെൻസറിങ്ങിന് വിധേയമായാക്കിയതിനു ശേഷം മാത്രം അത്തരം സീരിയലുകൾക്ക് സംപ്രേഷണനുമതി നൽകുക..