ധര്‍മശാല: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ നേടി. അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ഓസീസിനെ തകര്‍ത്ത ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും തിരിച്ചുപിടിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാമത്തെ ടെസ്റ്റ് പരമ്പര വിജയമാണിത്. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന്റെ നാലാം ദിനം ജയിക്കാന്‍ 106 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 23.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
കെ.എല്‍.രാഹുലിന്റെ അര്‍ധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രാഹുല്‍ 51 റണ്‍സോടെയും രഹാനെ 38 റണ്‍സോടെയും പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വര്‍ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.