തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മിത്രാനന്ദപുരം ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ വൃത്തിയാക്കൽ പുരോഗമിക്കുന്നു. ക്ഷേത്രത്തിലെ നമ്പിമാർ കുളിക്കുന്ന ഈ കുളത്തിലെ വെള്ളം ഏതാണ്ട് വറ്റിച്ചുകഴിഞ്ഞു. കുളത്തിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങുകളും വൃക്ഷങ്ങളുടെ കൊമ്പുകളും മുറിച്ചുമാറ്റി. കുളത്തിലെ മീനുകളെ സുരക്ഷിതമായി പിടിച്ച് മറ്റിരിടത്തേക്ക് മാറ്റിയിട്ടുണ്ട്. കുളക്കര വിപുലീകരിക്കുന്നതിനു വേണ്ടിയാണ് തെങ്ങുകളും, മിത്രന്ദപുരം ത്രിമൂർത്തി ക്ഷേത്രവളപ്പിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽവൃക്ഷത്തിന്റെ കൊമ്പുകളുമാണ് മുറിച്ചുമാറ്റിയത്. ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ്. വര്ഷങ്ങളായി നവീകരണ പ്രവർത്തനങ്ങൾ നടത്താതെ ചെളിയും മാലിന്യവും മൂടി ഉപയോഗശൂന്യമായ കുളത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ആചാരങ്ങളുമായി അടുത്ത ബന്ധമാണ് ഈ കുളത്തിനുള്ളത്.
ഇക്കഴിഞ്ഞ 21 നാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന നവീകരണത്തന് 64 ലക്ഷമാണ് ചെലവഴിക്കുന്നത്. നിർമിതി കേന്ദ്രത്തിനാണ് ചുമതല.