കൊച്ചി: ജിഎസ്ടി (ഗുഡ്‌സ് & സര്‍വീസസ് ടാക്‌സ്) സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 1 വൈകീട്ട് മൂന്നിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. കെ വി തോമസ് എംപി, പി ടി തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് അലം എന്നിവര്‍ സംസാരിക്കും. ഉദ്ഘാടനചടങ്ങിനു ശേഷം നാലിന് ടെക്‌നിക്കല്‍ സെഷനിലും ധനമന്ത്രി പങ്കെടുക്കും. വാണിജ്യ വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാണിജ്യനികുതി വകുപ്പ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് & കസ്റ്റംസ് ഓഫീസര്‍മാരുമായി ആശയവിനിമയത്തിന് അവസരമുണ്ടായിരിക്കും. സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ നാഗേന്ദ്ര കുമാര്‍ മോഡറേറ്ററായിരിക്കും. ജിഎസ്ടിയിലേക്കു മാറുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജിഎസ്ടി നിയമം തുടങ്ങിയവയെക്കുറിച്ചായിരിക്കും വിദഗ്ദ്ധ പാനലിസ്റ്റുകള്‍ സംസാരിക്കുക.