NEWS05/07/2017

വരട്ടാറിനെ ജൈവ വൈവിധ്യത്തിനൊപ്പം പ്രദേശത്തിന്റെ വികസന പദ്ധതിയാക്കും: ടി എം തോമസ് ഐസക്

ayyo news service
പത്തനംതിട്ട: വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജൈവ വൈവിധ്യ മേഖലയാക്കി പ്രദേശത്തിന്റെ വികസന പദ്ധതിയാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ടമായി ആദി പമ്പയുടെ കവാടമായ വഞ്ഞിപ്പോട്ടു കടവു മുതല്‍ മണിമലയാറുമായി സംഗമിക്കുന്ന വാളത്തോടു വരെ വരട്ടാറിന്റെ തീരത്ത് ഇരുവശത്തും അഞ്ച് അടി വീതിയില്‍ ടൈല്‍സ് പാകി നടപ്പാത നിര്‍മിക്കും. ഇതിനൊപ്പം ഇരുവശങ്ങളിലും സംസ്ഥാനത്തുള്ള എല്ലാത്തരം മരങ്ങളും വച്ചു പിടിപ്പിക്കും. ജലസേചന വകുപ്പ് പദ്ധതി തയാറാക്കി നല്‍കിയാല്‍ ഉടന്‍ പണം അനുവദിച്ച് നിര്‍മാണം ആരംഭിക്കും. ഓരോ മരത്തെപ്പറ്റിയുമുള്ള വിവരം ലഭ്യമാക്കുന്നതിന് അതില്‍ ബാര്‍കോഡ് ഘടിപ്പിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മരത്തെ സംബന്ധിച്ച എല്ലാ വിവരവും ലഭ്യമാകും. മൂന്ന്, നാല് വര്‍ഷം കൊണ്ട് വരട്ടാറിന്റെ തീരത്തെ ജൈവ വൈവിധ്യ മേഖലയാക്കി വിനോദസഞ്ചാരികളെയും പ്രകൃതിയെ അടുത്തറിയുന്നതിന് ആഗ്രഹിക്കുന്നവരെയും ആകര്‍ഷിക്കുന്ന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. വരട്ടാറിനെയും ജൈവ വൈവിധ്യ മേഖലയെയും അറിയുന്നതിന് ധാരാളം പേരെത്തുമ്പോള്‍ നാട്ടുകാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിന് ഒരു മാസം ഒന്നിന് 15 രൂപ വീതം തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കും. നദിയുടെ അതിര് നിശ്ചയിച്ച് കല്ലിട്ട ശേഷമാകും നടപ്പാതയുള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ നടത്തുക. വരട്ടാറിനു കുറുകെയുള്ള എല്ലാ ചപ്പാത്തുകള്‍ക്കും പകരം പുതിയ പാലങ്ങള്‍ നിര്‍മിക്കും. ജനുവരിയിലെ ബജറ്റില്‍ ഇതിന് തുക വകയിരുത്തും. 

മൂന്നാം ഘട്ടത്തില്‍ ഇറിഗേഷന്‍ വകുപ്പ് പദ്ധതി തയാറാക്കിയാല്‍ ഉടന്‍ വരട്ടാറിന്റെ ആഴം കൂട്ടുന്നതിനുള്ള പ്രവര്‍ത്തി ആരംഭിക്കും. ഇതുസംബന്ധിച്ച പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. വേനല്‍ക്കാലത്തും വരട്ടാറില്‍ ജലസമൃദ്ധി ഉറപ്പാക്കുന്നതിന് നീര്‍ത്തട പദ്ധതി നടപ്പാക്കും. വരട്ടാറിന്റെ തീരങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുകയും പുല്ലുകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും. അടുത്ത ബജറ്റില്‍ ഇതിന് തുക വകയിരുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രവര്‍ത്തി നടപ്പാക്കുകയും ചെയ്യും. വരട്ടാര്‍ ഒഴുകുന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളെയും ചെറുതോടുകളെയും നവീകരിക്കും. തികച്ചും സൂതാര്യമായാണ് ജനകീയ പങ്കാളിത്തത്തോടെ വരട്ടാറിനെ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നത്. 

സോഷ്യല്‍ ഓഡിറ്റ് തല്‍സമയം നടക്കുന്നുവെന്നതാണ് വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ മുഖ്യ സവിശേഷത. ഹരിതകേരളം മിഷനിലെ ഉത്തമ മാതൃകാ പദ്ധതിയാണ് വരട്ടാര്‍. അതിവിപുലമായ ജനപങ്കാളിത്തമാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്കുള്ളത്. ആറന്മുള പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കും. സംസ്ഥാനത്ത് ചുണ്ടന്‍വള്ളങ്ങള്‍ക്ക് ലീഗ് അടിസ്ഥാനത്തില്‍ മത്സരം നടത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 
Views: 1542
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024