തിരുവനന്തപുരം: ഇ.എസ്.ഐ കോര്‍പ്പറേഷന്‍ കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരും ഇ.എസ്.ഐ കോര്‍പ്പറേഷനും പിന്തിരിയണമെന്ന് തൊഴിലും എക്‌സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ചെലവു ചുരുക്കലിന്റെ മറവിലാണ് സംസ്ഥാനത്തെ അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ രണ്ടെണ്ണം വെട്ടിച്ചുരുക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ യഥാക്രമം തൃശ്ശൂര്‍, തിരുവനന്തപുരം റീജിയണല്‍ ഓഫീസുകളോട് ചേര്‍ക്കുവാനാണ് ശ്രമിക്കുന്നത്. കൊല്ലം ജില്ലയില്‍ കശുവണ്ടി മേഖലയിലടക്കം തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇ.എസ്.ഐ പദ്ധതി വഴി ചികിത്സ തേടുന്നത്. മലബാര്‍ മേഖലയിലെ ഏക റീജിയണണല്‍ ഓഫീസാണ് കോഴിക്കോട് ഉള്ളത്. തൊഴിലാളികള്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസ വിഹിതമടച്ചാണ് ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നന്നതെന്നും പദ്ധതി ഗുണഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാവുന്ന നിലപാടുകളില്‍ നിന്നും പിന്തിരിയണമെന്നും ഇ.എസ്.ഐ കോര്‍പ്പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു.