തിരുവനന്തപുരം: കുട്ടികളുടെ ചലച്ചിത്രമേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ടാഗോര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നേരത്തേ കുട്ടികള്‍ അഭിനയിക്കുന്ന സിനിമകളാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. കുട്ടികള്‍ തന്നെ നിര്‍മ്മാണവും സംവിധാനവും ഉള്‍പ്പെടെ സിനിമയുടെ എല്ലാ മേഖലകള്‍ക്കും നേതൃത്വം കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അത്തരം സിനിമകള്‍ നിരവധി പുറത്തു വരുന്നുണ്ട്. എന്താണ് കുട്ടികളുടെ സിനിമകളുടെ പ്രത്യേകതയെന്ന് ഇത്തരം ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടും. പ്രതിഭകളുള്ള പലരും അറിയപ്പെടാതെ ഇരിക്കുകയാണ്.അതുകൊണ്ടുതന്നെ വലിയ പ്രതിഭകളെ കണ്ടെത്താനുള്ള വേദികൂടിയാണ് ചലച്ചിത്ര മേളകളെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.മുകേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.