2018 ൽ ഒരു മത്സരം മാത്രം അവശേഷിക്കുന്നു. 63 മത്സരങ്ങൾ പിന്നിട്ട ഇന്ന് വിജയികളെ തീരുമാനിക്കുന്ന അറുപത്തിനാലാമത്തേതും അവസാനത്തേതുമായ മത്സരത്തിന് വേദി ഒരുങ്ങിക്കഴിഞ്ഞു. മുൻ ജേതാക്കളായ ഫ്രാൻസും കന്നി കലാശപ്പോരിന് അപരാജിതരായി മുന്നേറിയ ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീപാറും എന്ന് അനുമാനിക്കാമെങ്കിലും അങ്ങനെയാകണമെന്നില്ല. കാരണം ക്വാർട്ടർ ഫൈനൽസ് മുതൽ ചില മത്സരങ്ങൾ സമ്മാനിച്ചത് വിരസതയായിരുന്നു. പ്രത്യേകിച്ചും ഫ്രാൻസ് ആദ്യ ലീഡ് നേടുകയാണെങ്കിൽ, പിന്നെ ശക്തമായി പ്രതിരോധിച്ച് എങ്ങനെയും സമയം കളഞ്ഞു മത്സരം വിരസമാക്കും. ബൽജിയത്തിനെതിരെയുള്ള സെമി അങ്ങനെയായിരുന്നല്ലോ. ഫ്രാൻസ് ആദ്യപകുതിയിൽ നേടിയ ഒറ്റ ഗോളിനാണ് ശക്തരായ ബെല്ജിയത്തിന്റെ ആക്രമങ്ങളെ തല്ലിക്കെടുത്തി ഫൈനലിലേക്കെത്തിയത്. പക്ഷെ, ക്രൊയേഷ്യയോട് ആ കളിനടക്കില്ലെന്നുറപ്പിക്കാം. എന്നിരുന്നാലും റൌണ്ട് ഓഫ് സിക്‌സ്റ്റീനിലെ ത്രസിപ്പിച്ച ആ രണ്ടു മത്സരങ്ങളെപ്പോലെ ഒന്നുണ്ടായതുമില്ല ഇന്നുണ്ടാവുകയുമില്ല എന്ന് വിശ്വസത്തിലൂടെ ആ മത്സരങ്ങളെ ഓർക്കാം.
പ്രീ ക്വർട്ടർ മത്സരങ്ങളായ 50 , 54 മത്സരങ്ങളെ റീവൈൻഡ് ചെയ്തു നോക്കിയാൽ അത് വ്യക്തമാകും. മെസ്സി നയിച്ച അർജന്റീനയും എംബപ്പേ താരമായ ഫ്രാൻസും ഏഷ്യൻ സിംഹങ്ങളായ ജപ്പാനും റെഡ് ഡെവിലായ ബൽജിയവും ഏറ്റുമുട്ടിയ മത്സരങ്ങളായിരുന്നു ഇതുവരെ കണ്ടതിൽ ചടുലവും മനോഹരവും നാടകീയതയും നിറഞ്ഞു നിന്നവയെന്ന്. രണ്ടു മത്സരങ്ങളിലും കൂടി പിറന്നത് 12 ഗോളുകൾ എന്ന് കൂടി ഓർക്കുമ്പോൾ അറ്റാക്കിങ് ഫുട്ബാളിന്റെ പാരമ്യത മനസ്സിലാകും. ഫ്രാൻസിന്റെ മികച്ച പ്രതിരോധ നിരയെ തകർത്ത് അർജന്റീന ലീഡ് നേടിയെങ്കിലും പ്രതിരോധത്തിലല്ല ആക്രമണത്തിലാണ് ശ്രദ്ധപതിപ്പിച്ചത്. ഫലം 4 -3 ന്റെ പരാജയവും പുറത്താകലും. ഏഴു ഗോളുകൾ അടിച്ചുകൂട്ടിയ ആ മത്സരം ആക്രമണത്തിന്റെ നേർക്കാഴ്ച്ചയായി. ജപ്പാനും കാഴ്ചവയ്ച്ച ആക്രമണ ഫുട്ബാൾ തന്നെ അവർക്കും വിനയായി. രണ്ടു ഗോളിന്റെ ലീഡ് രണ്ടാം പകുതിക്ക് പകരുതിവരെ നിലനിർത്തിയ അവർ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കാതെ വീണ്ടും ഗോളിന് ആർത്തി കാണിച്ചപ്പോൾ പൊലിഞ്ഞതു ഏഷ്യയുടെ ഗർജനമായിരുന്നു. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ബൽജിയം അവരെ 3 - 2 ന് കീഴടക്കി. പിന്നീടുള്ള മത്സരങ്ങളിൽ ഇത്രയധികം പോരാട്ട വീര്യം ദൃശ്യമായിരുന്നില്ല.
ഫ്രാൻസിൽ നിന്നും ബൽജിയത്തിൽ നിന്നും അതെ പോരാട്ടം പിന്നെ കണ്ടില്ല. ഫ്രാൻസിൽ നിന്ന് ചിലപ്പോൾ ഇന്നുണ്ടാകാമായിരിക്കും, എങ്കിലും 2018 ലോക കപ്പിലെ ത്രസിപ്പിക്കുന്ന മത്സരങ്ങളായി എന്നും അവ ഓർമയി ലുണ്ടാകും.