തിരുവനന്തപുരം: ശാസ്ത്രബോധത്തിലും യുക്തിചിന്തയിലും അധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസ ചിന്തകള്‍ക്ക് അടിത്തറ പാകിയത് കാറല്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങളാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ത്യ ഇന്ന് ഭയപ്പെടുന്നതും ഈ വിദ്യാഭ്യാസ രീതിയാണ്. എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാർക്‌സിയൻ വിദ്യാഭ്യാസ ദര്‍ശനവും ഇന്ത്യന്‍ വിദ്യാഭ്യാസവും എന്ന പഠന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ മഹത്വം ഇത്രയധികം തിരിച്ചറിഞ്ഞ മറ്റൊരു ദാര്‍ശനികന്‍ ലോകത്തുണ്ടായിട്ടില്ല. വിദ്യാഭ്യാസത്തെ പൊതു സമൂഹത്തിന്റെ സ്വത്തായി മാറ്റാന്‍ മാര്‍ക്‌സിന് സാധിച്ചെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ മെമ്പർ എം.എ. ബേബി പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.