കൊച്ചി:സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 3311 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു.
ഇന്ധന സെസിന്റെ 50 ശതമാനം ഈ പദ്ധതികള്‍ക്കു വിനിയോഗിക്കും. ബജറ്റ് വിഹിതത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ 25 കൊല്ലം കൊണ്ടു മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളാണ് അധിക വിഭവ സമാഹരണം വഴി രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുക.
ഇന്ധന സെസില്‍ നിന്നു പ്രതിവര്‍ഷം 200 കോടി രൂപ ലഭിക്കും. വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കും. ആന്വിറ്റി ബിഒടി വ്യവസ്ഥയിലാണ് മെഗാ പ്രോജക്ടുകള്‍ നടപ്പാക്കുക.
നിര്‍മാണ ചെലവ് 15 വര്‍ഷം കൊണ്ടു കമ്പനികള്‍ക്ക് തിരികെ നല്‍കുന്ന തരത്തിലായിരിക്കും ആന്വിറ്റി നടപ്പിലാക്കുക. പദ്ധതികള്‍ക്കൊന്നും ടോള്‍ ഏര്‍പ്പെടുത്തില്ല.
കരമനകളിയിക്കാവിള ദേശീയ പാത വികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള ഭാഗമാണ് രണ്ടാം ഘട്ട വികസനത്തിന് ഏറ്റെടുക്കുന്നത്.
സംസ്ഥാന റോഡ് വികസന പദ്ധതി ആറു മാസത്തിനുള്ളില്‍ തുടങ്ങും. പൈലറ്റ് പദ്ധതിക്കായി ആറു റോഡുകള്‍ തിരഞ്ഞെടുത്തു. 106 കി മി റോഡ് നിര്‍മിക്കാന്‍ 279 കോടി രൂപ അനുവദിച്ചു.
മൊത്തം 3706 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു വിദേശ ധനസഹായവും പ്രതീക്ഷിക്കുന്നുണ്ട്.