അഗര്‍ത്തല: ത്രിപുരയില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പിൻവലിക്കാൻ സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് സായുധ കലാപം തടയുന്നതിന് 18 വര്‍ഷം മുന്‍പാണ് നിയമം കൊണ്ടുവന്നത്. പിന്‍വലിക്കാനുള്ള തീരുമാനം മന്ത്രിസഭയുമായി ആലോചിച്ചാണ് എടുത്തതെന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയിച്ചു.
പ്രശ്‌നബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ ഓരോ ആറു മാസം കൂടുമ്പോള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പോലീസും സംസ്ഥാനത്ത് സുരക്ഷാ ചുമതലയിലുള്ള മറ്റ് സുരക്ഷ സേനകളുമായി ആലോചിച്ച ശേഷമാണ് അഫ്‌സ്പ പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത കലാപസാധ്യത കുറഞ്ഞതായും ഇത്തരമൊരു നിയമത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു സുരക്ഷാ വിഭാഗത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഫ്‌സ്പ പിന്‍വലിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനവും സായുധ കലാപവും തടയുന്നതിനു വേണ്ടി 1997 ഫെബ്രുവരി 16നാണ് ത്രിപുരയില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തിയത്. 40 പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അന്ന് നിയമം ഏര്‍പ്പെടുത്തിയിരുന്നത്. ഇപ്പോൾ 72 പോലീസ് സ്റ്റേഷൻ ത്രിപുരയിൽ ഉണ്ട്.