തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ കുറ്റപത്രം ചുമത്താനുള്ള തെളിവില്ലെന്ന് വിജിലന്‍സ് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബിന്റെ റിപ്പോര്‍ട്ട്.
കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ കണ്ടെത്തലുകള്‍ തള്ളിയ, വിജിലന്‍സ് നിയമോപദേഷ്ടാവ് സിസി അഗസ്റ്റിന്റെ കണ്ടെത്തലുകളോട് യോജിക്കുന്നതാണ് എഡിജിപി യുടെ സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന് കൈമാറി. കേസിന്മേല്‍ ഇനി വിജിലന്‍സ് ഡയറക്ടറുടെ തീരുമാനമാകും അന്തിമം.
അഴിമതിനിരോധന നിയമത്തിലെ സെക്ഷന്‍ ഏഴ്, 13(1) ഡി എന്നീ വകുപ്പുകള്‍ പ്രകാരം, ഔദ്യോഗികപദവി ഉപയോഗിച്ച് കോഴ ആവശ്യപ്പെട്ടതിനും കോഴ വാങ്ങിയതിനും തെളിവില്ല. കോഴയായി നല്‍കിയെന്ന് ആരോപണമുന്നയിച്ച പണം കണ്ടെടുക്കാനായില്ല. ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് എഡിജിപി റിപ്പോര്‍ട്ട് ചെയ്തത്.
കോഴ വാങ്ങിയതിനുപകരം പ്രത്യുപകാരം ചെയ്തതായി തെളിയിക്കാനും അന്വേഷണോദ്യോഗസ്ഥനായില്ല. നേരിട്ടുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും നുണപരിശോധന പോലുള്ള ദുര്‍ബലമായ തെളിവുകള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.
എഡിജിപി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എ ജി യുടെ നിയമോപദേശം തേടും. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.