തിമുക്കോ:പെറുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രലിന്റെ ജയം. ലോകകപ്പ് തോല്‍വിക്ക് ശേഷം കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ചുവന്ന ബ്രസീലിന്റെ തുടര്‍ച്ചയായ പതിനൊന്നാം ജയമാണിത്.
കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി പെറു ബ്രസീലിനെ ഞെട്ടിച്ചു. പത്താം നമ്പർ താരം ക്രിസ്റ്റ്യാന്‍ കൂവയാണ് ഗോള്‍ നേടിയത്. ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്ന് കിട്ടിയ പന്താണ് കൂവ മഞ്ഞപ്പടയുടെ വലയിലെത്തിച്ചത്.
തൊട്ടുപിന്നാലെ ബ്രസീലിന്റെ സമനില ഗോളും പിറന്നു. അഞ്ചാം മിനുറ്റില്‍ നെയ്മറാണ് തിരിച്ചടിച്ചത്. നെയ്മറുടെ 44ാം ഗോളായിരുന്നു അത്. പിന്നീട് നിരവധി തവണ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
കളിതീരാന്‍ മിനുറ്റുകള്‍ അവശേഷിക്കേയാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. ഇഞ്ച്വറി ടൈമില്‍ (90 +2 മിനുറ്റില്‍) ഡഗ്ലസ് കോസ്റ്റയാണ് പെറുവിന്റെ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയതായിരുന്നു കോസ്റ്റ. ഇതോടെ ഗ്രൂപ്പ് സിയില്‍ ബ്രസീലിനും വെനസ്വേലക്കും മൂന്നു പോയിന്റായി.