ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ചികില്‍സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.
അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീത നല്‍കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നാണ് തമിഴ് സിനിമാ ലോകത്ത് എംഎസ്‌വി അറിയപ്പെടുന്നത്.
1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍ നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യന്‍ വിശ്വനാഥന്‍ എന്ന എം. എസ്. വിശ്വനാഥന്‍ ജനിച്ചത്.
1952 ല്‍ പണം എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് സിനിമാസംഗീതലോകത്തേയ്ക്ക് കടക്കുന്നത്. ടി.കെ. രാമമൂര്‍ത്തി എന്ന വയലിന്‍ വിദ്വാനുമായി ചേര്‍ന്ന് വിശ്വനാഥന്‍ രാമമൂര്‍ത്തി എന്ന പേരിലാണ് എംഎസ്‌വി ആദ്യകാലത്ത് ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നത്.
1965 ല്‍ ഈ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷമാണ് എംഎസ്‌വി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട മലയാളം ഭാഷകളിലായി ഏകദേശം 1100 ല്‍ അധികം സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
1971 ല്‍ പുറത്തിറങ്ങി ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള
സിനിമയിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് പണിതീരാത്ത വീട്, ജീസസ്,
വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മര്‍മ്മരം, ഐയ്യര്‍ ദ ഗ്രേറ്റ്
തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങള്‍ക്ക് എംഎസ്‌വി ഈണം
പകര്‍ന്നിട്ടുണ്ട്.