തിരുവനന്തപുരം:കേരളാ പോലീസിന്റെ റോഡ് സുരക്ഷാ പദ്ധതിയായ 'ശുഭയാത്ര'യുടെ ഭാഗമായി തിരുവനന്തപുരത്ത് കുട്ടികളുടെ ട്രാഫിക്ക് പാര്‍ക്ക് സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചെറിയപ്രായം മുതല്‍ തന്നെ കുട്ടികളില്‍ ട്രാഫിക് അവബോധം വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. 'ശുഭയാത്ര' പദ്ധതിയുടെ ഭാഗമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമായി ചേര്‍ന്ന് കേരളമാകെ സംഘടിപ്പിക്കുന്ന 'ട്രാഫിക് ത്രൂ മാജിക്' എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എം.ജി.എം സ്‌കൂളില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുഭയാത്ര പദ്ധതി കേരളമാകെ വ്യാപിപ്പിക്കും. കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യാപ്രവണതയും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് ഇതേ മാതൃകയില്‍ മജീഷ്യന്‍ മുതുകാടുമായി കൈകോര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പിമാരായ ഋഷിരാജ് സിംഗ്, അരുണ്‍കുമാര്‍ സിന്‍ഹ, ഐ.ജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി ജയ്‌സണ്‍ വര്‍ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരിജാദേവി എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിനുശേഷം ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച 'ട്രാഫിക് ത്രൂ മാജിക്' എന്ന പരിപാടി നടന്നു.