തിരുവനന്തപുരം:എറണാകുളം കാന്‍സര്‍ ഇൻസ്റ്റിറ്റ്യുട്ട് റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം ആര്‍.സി.സിയുടെ മാതൃകയില്‍ സ്വയംഭരണസ്ഥാപനമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സൊസൈറ്റി രൂപീകരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായുള്ള 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും ലഭ്യമാക്കും. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ 450 കോടിരൂപ, സംസ്ഥാനസര്‍ക്കാരിന്റെ ഗാരന്റിയിന്മേല്‍, എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പയായി നല്‍കും. സംസ്ഥാന വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ തിരിച്ചടയ്ക്കുക.
300 കിടക്കകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഇൻസ്റ്റിറ്റ്യുട്ട്, രണ്ടുഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ആദ്യഘട്ടത്തില്‍ 150 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കും. പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സ്‌പെഷല്‍ ഓഫീസറെ നിയമിക്കും. ആവശ്യമായ ജീവനക്കാര്‍, ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ സന്നിഹിതരായിരുന്ന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെയും ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസറായ ഡോ. വി.പി. ഗംഗാധരനെയും ചുമതലപ്പെടുത്തി.
ഇൻസ്റ്റിറ്റ്യുട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്‌പേഷ്യന്റ് വിഭാഗവും എറണാകുളം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് താമസിയാതെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, പൊതുമരാമത്തുമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി, ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. ഡോ. വി.പി. ഗംഗാധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യുട്ടില്‍ ലഭ്യമാക്കുക. തിരുവനന്തപുരം ആര്‍.സി.സിയുടേതിനു സമാനമായ സേവനങ്ങള്‍ ഇവിടെയും ലഭിക്കും.
യോഗത്തില്‍ മന്ത്രിമാര്‍ക്കുപുറമേ എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ പി. പത്മകുമാര്‍, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ്, ധനകാര്യവകുപ്പ് അഡിഷണല്‍ സെക്രട്ടറി വി.പി. ജയാനന്ദ്, ആരോഗ്യവകുപ്പ് അഡിഷണല്‍ സെക്രട്ടറി സുദര്‍ശന്‍, ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ എം.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.