തിരുവനന്തപുരം:വിമാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് വിജയകരമായി നടത്തിയ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ആരോഗ്യവകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതിയ്ക്ക് ലഭിച്ച പുതിയ അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മൃതസഞ്ജീവനിയുടെ ആഭിമുഖ്യത്തില്‍ നടന്ന പതിനഞ്ചാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്.
നീലകണ്ഠ ശര്‍മ്മയുടെ അകാലനിര്യാണത്തില്‍ മന്ത്രി അനുശോചനം രേഖപ്പെടുത്തി. വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിയോഗദുഃഖത്തിനിടയിലും അവയവദാനത്തിന് അനുമതി നല്‍കി, ജീവന്‍രക്ഷാരംഗത്ത് ശ്രദ്ധേയമായ വഴിത്തിരിവിന് അവസരം സൃഷ്ടിച്ച ബന്ധുക്കളെ അനുമോദിച്ചു.
ശസ്ത്രക്രിയ നടത്തിയ, കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ജേക്കബ്, അവയവ മാറ്റത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയിലെ ഡോ. മാത്യു ഏബ്രഹാം, ഡോ. ഈശ്വര്‍, ഏകോപനകൃത്വം നിര്‍വ്വഹിച്ച ആരോഗ്യ വകുപ്പിന്റെ മൃതസഞ്ജീവനിയുടെ പ്രോജക്ട് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍മാരായ എ.വി. അനീഷ്, ശരണ്യ, വിമാന സര്‍വ്വീസ് നടത്തിയ നാവികസേനയിലേയും വ്യോമസേനയിലേയും ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.